കൊല്ലം > കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് ഇനി സ്വീകരിക്കാനുള്ളത്.
കേസിൽ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് ജൂലൈ ഒന്നിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. മെയ് 10ന് പുലർച്ചെ 4.45നാണ് വന്ദനദാസ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി പൊലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് പ്രതി.
പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് അധ്യാപകനായ സന്ദീപിനെ മുറിവിൽ മരുന്നുവയ്‌ക്കാനായി ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിൽവച്ച് ഇയാൾ അക്രമാസക്തനായി. കൂടെയെത്തിയ ബന്ധു രാജേന്ദ്രൻപിള്ള, ബിനു, പൊലീസ് ഉദ്യോഗസ്ഥരായ ബേബി മോഹൻ, മണിലാൽ, അലക്സ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പൊലീസുകാരും ഹോംഗാർഡും ആശുപത്രി ജീവനക്കാരും ദൃക്സാക്ഷികളും അടക്കം നൂറിലേറെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അന്യായ തടസ്സം സൃഷ്ടിക്കൽ, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, പൊതുപ്രവർത്തകരെ ആക്രമിക്കൽ എന്നിവയ്ക്കു പുറമെ മെഡിക്കൽ സർവീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..