18 September Wednesday

സമ്പദ്‌ഘടന തകർന്നടിയുമ്പോൾ കേന്ദ്ര സർക്കാർ നടത്തുന്ന ഒളിച്ചുകളി അപകടകരം: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

തിരുവനന്തപുരം > സമ്പദ്‌ഘടന തകർന്നടിയുമ്പോൾ കേന്ദ്ര സർക്കാർ നടത്തുന്ന ഒളിച്ചുകളി അപകടകരമാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌.  സാമ്പത്തിക തകർച്ച തിരിച്ചറിയാത്തത്‌ കേന്ദ്ര സർക്കാർ മാത്രമാണ്‌. ലഭ്യമായ കണക്കുകൾ മറച്ചുവച്ച്‌ ജനങ്ങളെ കബളിപ്പിക്കുകയാണ്‌ കേന്ദ്രം. പ്രത്യക്ഷ നികുതി കോഡുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക കർമസമിതി രാജ്യത്തെ വൻനിക്ഷേപ ഇടിവ്‌ ചൂണ്ടിക്കാട്ടി. 2010–-11 മുതൽ 2016–-17 വരെ പ്രതിവർക്ഷം 10 ലക്ഷംകോടി രൂപയുടെ നിക്ഷേപമുണ്ടായി.
നോട്ട്‌ നിരോധനത്തിനുശേഷം ഇത്‌ നാലുലക്ഷം കോടിയായി താഴ്‌ന്നു. ഈ റിപ്പോർട്ട്‌ പുറത്തുവിടുന്നില്ല. ബജറ്റ്‌ തയ്യാറാക്കാനും കള്ളക്കണക്ക്‌ ഉപയോഗിച്ചു. ഇതിലൂടെ സാമ്പത്തിക വളർച്ചനിരക്ക്‌ പെരുപ്പിച്ചുകാട്ടി. ഈ കണക്കുകളെ സാമ്പത്തിക വിദഗ്‌ധനും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന അരവിന്ദ്‌ സുബ്രഹ്മണ്യം തുറന്നുകാട്ടി.
ബജറ്റിൽ കമ്മി  കുറച്ചുകാട്ടിയപ്പോൾ, യഥാർഥ വരുമാനത്തിൽ ഒരു ലക്ഷം കോടയിലേറെ രൂപയുടെ കുറവുണ്ടായി. പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര ധനമന്ത്രിക്ക്‌ മിണ്ടാട്ടമില്ലാതായി. ഇപ്പോൾ അന്താരാഷ്‌ട്ര നാണയ നിധിയും  ഇന്ത്യയുടെ യാഥാർഥ്യമില്ലാത്ത കണക്കുകളിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നു.
  എല്ലാത്തരം ചരക്കും കെട്ടിക്കിടക്കുന്നു. ഇതിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുകയാണ്‌ കേന്ദ്ര സർക്കാർ. മാന്ദ്യത്തിന്‌ ഒരു പ്രതിവിധിയും മുന്നോട്ടുവയ്‌ക്കാനാകുന്നില്ല. അടിയന്തരമായി പ്രത്യേക പാക്കേജാണ്‌ സാമ്പത്തികരംഗം ആവശ്യപ്പെടുന്നത്‌. അതിന്‌ കേന്ദ്രം തയ്യാറാകണം. കേരളം മുന്നോട്ടുവച്ച കിഫ്‌ബി മാതൃകയിൽ സംസ്ഥാനങ്ങൾക്ക്‌ വമ്പൻ നിക്ഷേപങ്ങൾ സാധ്യമാക്കുന്നതിനുള്ള പ്രോത്സാഹനം നൽകണമെന്ന്‌ ധനമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top