കൊച്ചി> പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ (75) അന്തരിച്ചു. അസുഖങ്ങൾമൂലം ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി കരിക്കമ്പള്ളി വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ.
ദീർഘകാലം ചങ്ങനാശ്ശേരി എസ്ബി കോളജിലും തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും മലയാളം വകുപ്പ് മേധാവിയായിരുന്നു. സംസ്‌കാര പഠനം (കൾച്ചറൽ സ്റ്റഡീസ്) എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തിൽ തുടക്കമിട്ടത് അദ്ദേഹമാണ്. ജർമനി, ഇസ്രയേൽ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേർന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒട്ടേറെ ഗവേഷണ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.
മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങൾ ഡോ. സ്‌കറിയ സക്കറിയ നടത്തിയിട്ടുണ്ട്. ജർമനിയിലെ ടൂബിങ്ങൻ സർവകലാശാലയിൽനിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാ ശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തിൽ ഏറെ പ്രധാനമാണ്. വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളിൽ പ്രധാനപ്പെട്ടവ മലയാള വഴികൾ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദയം പേരൂർ സുന്നഹദോസിന്റെ കാനോനകൾ, മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങി ഗവേഷണ പ്രധാനമായ ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചു.
മേരിക്കുട്ടി സ്‌കറിയയാണ് ഭാര്യ. മക്കൾ: ഡോ. അരുൾ ജോർജ് സ്‌കറിയ (നാഷണൽ ലോ യൂണിവേഴ്സിറ്റി ബെംഗളൂരു), ഡോ. സുമ സ്‌കറിയ (കേന്ദ്ര സർവകലാശാല, ഗുൽബെർഗ). മരുമക്കൾ: ഡോ. നിത മോഹൻ (ബെംഗളൂരു), ഡോ. വി.ജെ. വർഗീസ് (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി).
പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..