13 July Monday
ജില്ല തിരിച്ചുള്ള പട്ടിക www.ksbc.kerala.gov.inൽ ലഭ്യമാണ് ; ഹോട്ട്സ്‌പോട്ടിൽ വിൽപ്പനശാല പ്രവർത്തിക്കില്ല

മദ്യവിൽപ്പന 1168 കേന്ദ്രം വഴി ; വെർച്വൽ ക്യൂവിലൂടെയും എസ്‌എംഎസിലൂടെയും ടോക്കൺ എടുക്കാം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


ബാർഹോട്ടലുകളിൽനിന്നും ബിയർ, വൈൻ പാർലറുകളിൽനിന്നും മദ്യം പാഴ്‌സലായി (സീൽ പതിച്ച തുറക്കാത്ത കുപ്പികൾ) മാത്രമാണ് ലഭ്യമാക്കുകയെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ. ബിയർ, വൈൻ പാർലറുകളിൽനിന്ന്‌ ബിയറും വൈനും മാത്രമേ ലഭിക്കൂ.

ഒരു തവണ ടോക്കൺ ലഭിക്കുന്നയാൾക്ക്‌ നാലു ദിവസത്തിനുശേഷം വീണ്ടും അവസരം ലഭിക്കും. ടോക്കൺ ഉപയോഗിച്ചില്ലെങ്കിലും ഈ നിബന്ധന ബാധകമാണ്‌. ഒരു തവണ മൂന്ന്‌ ലിറ്റർ മദ്യംവരെയാണ്‌ ഒരാൾക്ക്‌ ലഭ്യമാകുക. 1168 കേന്ദ്രംവഴിയാണ്‌ വിൽപ്പന‌. ബിവറേജസ്‌ കോർപറേഷന്റെ 265ഉം, കൺസ്യൂമർഫെഡിന്റെ 36ഉം ചില്ലറവിൽപ്പനശാലകൾ, 576  ബാർഹോട്ടലുകൾ, 291 ബിയർ–-വൈൻ പാർലറുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ജില്ല തിരിച്ചുള്ള പട്ടിക www.ksbc.kerala.gov.inൽ ലഭ്യമാണ്.

ഹോട്ട്സ്‌പോട്ടിൽ വിൽപ്പനശാല പ്രവർത്തിക്കില്ല. വെർച്വൽ ക്യൂവിൽ ടോക്കൺ കിട്ടിയ വിൽപ്പനകേന്ദ്രം ഉൾപ്പെടുന്ന പ്രദേശം മദ്യം വാങ്ങുന്നതിനുമുമ്പ് ഹോട്ട്‌സ്‌പോട്ട്‌, റെഡ്‌ സോണായി മദ്യം വാങ്ങാൻ സാധിക്കാതെ വന്നാൽ, ഉപഭോക്താവ് പുതിയ ടോക്കൺ എടുക്കണം. ഓൺലൈനായി പണം ഒടുക്കാൻ വെർച്വൽ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിൽ സാധ്യമല്ല. ലൈസൻസുള്ള ക്ലബ്ബുകൾക്ക്‌ മദ്യം ലഭ്യമാക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വെർച്വൽ ക്യൂവിൽ ടോക്കൺ എടുക്കാം
മദ്യം ലഭ്യമാക്കുന്ന വെർച്വൽ ക്യൂ മാനേജുമെന്റ്‌ സംവിധാനത്തിൽ ടോക്കൺ വിതരണത്തിനുള്ള ബെവ്‌ക്യൂ ആപ്‌ ബുധനാഴ്‌ച രാത്രി നിലവിൽവന്നു. എസ്‌എംഎസിലൂടെയും ടോക്കൺ ബുക്ക്‌ ചെയ്യാം. 

ആപ്പിലൂടെ
സ്മാർട്ട് ഫോൺ വഴി ബുക്ക് ചെയ്യുന്നതിന്‌ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്‌ സ്റ്റോറിൽ നിന്നും  ബെവ്‌ക്യൂ ആപ്‌ ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാൾ ചെയ്തശേഷം പേര്, മൊബൈൽ നമ്പർ, ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിൻകോഡ് എന്നിവ നൽകണം. മൊബൈൽ നമ്പറിൽ ലഭിക്കുന്ന  ഒടിപി (വൺ ടൈം പാസ്‌വേഡ്‌ നമ്പർ) ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം. നിങ്ങളുടെ ഇഷ്ടാനുസരണം ലിക്കർ, ബിയർ അല്ലെങ്കിൽ വൈൻ തെരഞ്ഞെടുത്തശേഷം ടൈം സ്‌ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടൺ അമർത്തണം.

ബുക്കിങ്‌ വിജയകരമായാൽ ക്യൂ ആർ കോഡ്, ടോക്കൺ നമ്പർ, ഔട്ട്‌ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ ഉപഭോക്താവിന്റെ മൊബൈൽ സ്‌ക്രീനിൽ ലഭ്യമാകും. ലഭിച്ച ടോക്കൺ സഹിതം ഫോണുമായി ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങാം.

എസ്‌എംഎസിലൂടെയും
ഫീച്ചർ ഫോൺ വഴി എസ്‌എംഎസ്‌  മുഖേനയാണ്‌  ടോക്കൺ ബുക്ക്  ചെയ്യുന്നത്‌. നിശ്‌ചിത ഫോർമാറ്റിൽ 8943389433 എന്ന നമ്പരിലേക്ക് എസ്‌എംഎസ്‌ അയക്കണം.
ലിക്വർ ആവശ്യമുള്ളവർ   ഫോർമാറ്റിലും ബിയർ/വൈൻ ആവശ്യമുള്ളവർ എന്ന ഫോർമാറ്റിലും അയക്കുക.   മറുപടിയായി BEVCOQ  സെന്റർ ഐഡിയിൽ നിന്നും ഉപഭോക്താവിന്റെ ഫോണിലേയ്ക്ക് ബുക്കിങ്‌ ഉറപ്പുവരുത്തുന്ന മെസേജ് ലഭിക്കും.  അതിൽ പറഞ്ഞ സമയത്തിനെത്തി മദ്യം വാങ്ങാം.

 

ബെവ്കോയുടെ പേരില്‍ വ്യാജ ആപ് : അന്വേഷിക്കും
 മദ്യം വാങ്ങാൻ ബെവ്കോ പുറത്തിറക്കുന്ന ആപ് എന്ന തരത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാജ ആപ് പ്രചരിപ്പിച്ച സംഭവം ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മദ്യം വാങ്ങാൻ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിങ് ഡയറക്ടർ ജി സ്പർജൻ കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.


പ്രധാന വാർത്തകൾ
 Top