23 March Saturday

തമിഴ്ജനത ആർഎസ്എസിനെ അടുപ്പിക്കില്ല: പാ. രഞ്ജിത്ത്

ജിബിന എ എസ‌്Updated: Sunday Jan 13, 2019

കൊച്ചി > തമിഴ്‌നാട്ടിൽ ആർഎസ്എസിനെതിരായ പൊതുവികാരം ശക്തമാണെന്ന് സംവിധായകൻ പാ. രഞ്ജിത്ത്. ജാതിയുടെയും മതത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കുന്ന ആർഎസ്എസ് നയമോ അവർ ഉയർത്തിപ്പിടിക്കുന്ന ലിംഗ അസമത്വമോ ആണ് ഈ പൊതുവികാരത്തിന് പിന്നില്ലെന്നുപറയാൻ സാധിക്കില്ല. പക്ഷേ, തമിഴ്‌നാട്ടിൽ ആർഎസ്എസിനെതിരെ കടുത്ത വിദ്വേഷമാണ് ഉയരുന്നത്. തമിഴ്ജനത ആർഎസ്എസിനെ അടുപ്പിക്കില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

തമിഴ്‌നാട്ടിൽ അംബേദ്കർ പ്രസ്ഥാനത്തിലേക്ക് നിരവധിപേരാണ് ആകൃഷ്ടരാകുന്നത്. അവർ ബിജെപിയുടെയും ആർഎസ്എസിന്റെയും ജാതിരാഷ‌്ട്രീയത്തിനെതിരെ ഒന്നിക്കുന്നുണ്ട്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പാ രഞ്ജിത്ത്

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പാ രഞ്ജിത്ത്

മണ്ണ്, പൊന്ന്, പെണ്ണ് എന്നൊരു ചൊല്ലുണ്ട്. ഇതിൽ മണ്ണിനും പൊന്നിനും ജീവനില്ല. അതുപോലെ ജീവനില്ലാത്തതാണോ പെണ്ണെന്ന് ചിന്തിക്കണം. ആർത്തവമില്ലെങ്കിൽ ജീവൻതന്നെയില്ലായെന്ന് മനസ്സിലാക്കണം. ജീവനെ നിലനിർത്തുന്ന ആർത്തവം ശുദ്ധമാണ്. അതിന് അശുദ്ധി കൽപ്പിച്ച് ഭരണഘടന അനുശാസിക്കുന്ന ലിംഗസമത്വം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതുയർത്തിപ്പിടിച്ച് ശബരിമലയിലേക്ക് സ്ത്രീകൾ പ്രവേശിക്കരുതെന്നുപറയുന്നത് അംഗീകരിക്കാനോ അനുവദിക്കാനോ കഴിയില്ല. സ്ത്രീകളെ കണ്ടാൽ അയ്യപ്പന് ബ്രഹ്മചര്യം നഷ്ടമാകുമെന്ന വാദം കേട്ടു. സ്വന്തം മക്കളെ കണ്ടാൽ ദൈവത്തിന് എങ്ങനെയാണ് ബ്രഹ്മചര്യം നഷ്ടമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ആചാരങ്ങളുടെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലവിഷയം ആളിപ്പടർന്നപ്പോഴാണ് കാസ‌്റ്റലെസ‌് കലക്ടീവ് അയാം സോറി അയ്യപ്പാ എന്ന പാട്ട് പുറത്തിറക്കുന്നത്. ഈ പാട്ടിലൂടെ ഞങ്ങളെ എന്തിന് അകറ്റിനിർത്തുന്നുവെന്ന് ദൈവത്തോട് സ്ത്രീ ചോദിക്കുകയാണ്. മനുഷ്യാവകാശങ്ങളാണ് പാട്ടിലൂടെ ഉയർത്തുന്നത്. ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. അത് അവരുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും തിരിച്ചറിയണം.

കാസറ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ് ആയാം സോറി അയ്യപ്പാ ഗാനം അവതരിപ്പിക്കുന്നു

കാസറ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ് ആയാം സോറി അയ്യപ്പാ ഗാനം അവതരിപ്പിക്കുന്നു

സിനിമയിലൂടെയും മറ്റ് കലകളിലൂടെയും താൻ പറയാൻ ശ്രമിക്കുന്നത് തന്റെ രാഷ‌്ട്രീയമാണ്. ഇവിടെ എന്ത് സംഭവിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണതെല്ലാം. അതിനെക്കുറിച്ച് ചർച്ചകളുണ്ടാകണം. ആ ചർച്ചകളെ ശരിയായദിശയിൽ തിരിച്ചുവിടാനുള്ള ശേഷി കലയ്ക്കുണ്ടാകണം. പല വിഷയങ്ങളിലും താൻ ശക്തമായ വിമർശങ്ങൾ നേരിടുന്നുണ്ട്. എന്നാലതിൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതീയതയ്ക്കും വർഗീയതയ്ക്കുമെതിരെ ജനങ്ങൾ ഒരുമിച്ചുനിൽക്കണം. അതിന് ബോധവൽക്കരണം ആവശ്യമാണ്. പൊതു ആവശ്യങ്ങളിൽ പലപ്പോഴും ജനങ്ങൾ ഒരുമിച്ചുനിൽക്കാറുണ്ട്. പക്ഷേ, അതുകഴിഞ്ഞാൽ ആ ഒരുമ ഇല്ലാതാകുകയാണ് ചെയ്യുന്നത്. അതിന്റെ സമയദൈർഘ്യം കൂട്ടണം. അത് ഘട്ടംഘട്ടമായി ഒരിക്കലും തകർക്കപ്പെടാത്ത ഒരുമയായി മാറണം. 2019ൽ ഇത് സാധ്യമാകുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതിവ്യവസ്ഥയാണ് പരിയേറും പെരുമാൾ എന്ന സിനിമ നിർമിക്കാൻ പ്രേരിപ്പിച്ചത്. തമിഴ്നാട്ടിലെ 80 ശതമാനം ഗ്രാമങ്ങളിലും സിനിമയിൽ പറയുന്നതുപോലെ  ജാതിയുടെ പേരിൽ ഇപ്പോഴും അതിർവരമ്പുകളുണ്ട്. കാവേരി ജലപ്രശ്നത്തിൽ എല്ലാവരും ഒരുമിച്ചുനിൽക്കും. എന്നാൽ, ഒരു ദളിതന് വെള്ളമില്ലെങ്കിൽ അവനൊപ്പം ശബ്ദമുയർത്താൻ ആരുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിയേറും പെരുമാള്‍ - ചിത്രത്തിന്റെ പോസ്റ്റര്‍

പരിയേറും പെരുമാള്‍ - ചിത്രത്തിന്റെ പോസ്റ്റര്‍

ജാർഖണ്ഡിൽനിന്നുള്ള ആദിവാസിനേതാവിന്റെ ജീവിതം പറയുന്ന ബിർസ മുണ്ടയാണ് അടുത്ത സിനിമ. അതിന്റെ തിരക്കഥയുടെ തിരക്കിലാണ്. അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നായകപരിവേഷത്തിലുള്ള ജീവിതമാണ് അയ്യങ്കാളിയുടേത്. അത് അതുപോലെ സിനിമയിലെത്തണം. അയ്യങ്കാളിയെക്കുറിച്ച് അത്തരമൊരു സിനിമചെയ്യാൻ താൽപ്പര്യമുണ്ട്. അതിനെക്കുറിച്ച് ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top