20 June Thursday

ഇനി ഡിപിഐ ഇല്ല; ഡിജിഇ ; പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

വേനലവധിക്കുശേഷം ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്ന ജൂൺ മൂന്നിന‌് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും. ഒന്നുമുതൽ പത്തുവരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയുടെ ചുമതലക്കാരനായ ഡയറക്ടർ ഓഫ‌് പബ്ലിക‌് ഇൻസ‌്ട്രക‌്ഷൻ (ഡിപിഐ), 11, 12 ക്ലാസുകളുടെ നടത്തിപ്പ‌് ചുമതലക്കാരായ ഹയർ സെക്കൻഡറി ഡയറക്ടർ എന്നിവർ അന്നുമുതൽ ഉണ്ടാകില്ല. പകരം പ്രീ പ്രൈമറി മുതൽ പ്ലസ‌് ടു വരെയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ഡയറക്ടർ ഓഫ‌് ജനറൽ എഡ്യൂക്കേഷൻ (ഡിജിഇ) നയിക്കും. പൊതുവിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരായിരിക്കും തലപ്പത്ത‌്.  

ഏകീകരണം വിശദമായി ചർച്ച ചെയ്യാനും അധ്യാപകരുടെയും ജീവനക്കാരുടെയും ആശങ്കകളും ആവശ്യങ്ങളും പരിഗണിക്കാനുമുള്ള അധ്യാപക സംഘടനാ നേതാക്കളുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ 20ന‌് ചർച്ച നടത്തും.

വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ‌്കരണത്തിന‌് ഡോ. എം എ ഖാദർ കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ സർക്കാർ നേരത്തെ തത്വത്തിൽ അംഗീകരിച്ചതാണ‌്. തുടർന്ന‌്, ഏകീകരണം എങ്ങനെ വേണമെന്നതിനെക്കുറിച്ച‌് പഠിക്കാൻ പൊതുവിദ്യാഭ്യാസ സ‌്പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. അവർ ഉദ്യോഗസ്ഥ പുനഃക്രമീകരണങ്ങളെക്കുറിച്ച‌് രൂപരേഖ തയ്യാറാക്കുകയും ചെയ‌്തിട്ടുണ്ട‌്‌. 20 ന‌് ചേരുന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ നടപടികൾ റിപ്പോർട്ടു ചെയ്യുകയും അവരുടെ  ഭേദഗതി  ഉൾ‌ക്കൊള്ളിച്ചായിരിക്കും അന്തിമ റിപ്പോർട്ട‌് സർക്കാരിന‌് സമർപ്പിക്കുക.
ഏകീകരണത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്കും ഹെഡ‌്മാസ‌്റ്റർമാർക്കുമുള്ള ആശങ്കകൾക്ക‌് അടിസ്ഥാനമില്ലെന്ന‌് സർക്കാർ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ‌്.

പൊതുവിദ്യാഭ്യാസ സംരക്ഷണയ‌ജ്ഞത്തിന്റെ ഭാഗമായി ഹൈടെക‌് ആയിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയെ കാലോചിതമായി നവീകരിക്കേണ്ടുന്നതിന്റെ ഭാഗംകൂടിയാണ‌് ഏകീകരണം. ഡിപിഐയും ഹയർ സെക്കൻഡറി ഡയറക്ടറും ഇല്ലാതാകുകയും ഡയറക്ടർ ഓഫ‌് ജനറൽ എജ്യൂക്കേഷൻ ചുമതലയേൽക്കുകയും ചെയ്യുന്നതോടെ ഏകീകരണത്തിന‌് തുടക്കമാകും.  പുതിയ അധ്യയന വർഷാവസാനത്തോടെയേ ലയനം പൂർത്തിയാകൂ. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ഓഫീസുകളായി തുടരും.

എസ‌്എസ‌്എൽസി, വിഎച്ച‌്എസ‌്ഇ, ഹയർ സെക്കൻഡറി പരീക്ഷാ ഭവനുകളുടെ ലയനവും സാധ്യമാകണം. ഇവ ലയിപ്പിച്ച‌് ബോർഡ‌് ഓഫ‌് സ‌്കൂൾ എക‌്സാമിനേഷൻസ‌് രൂപീകരിക്കും. സ‌്കൂളിന്റെ അധികാരി പ്രിൻസിപ്പലായിരിക്കും. പ്രധാനാധ്യാപകൻ വൈസ‌് പ്രിൻസിപ്പലുമാകും. ജീവനക്കാരുടെ പുനർവിന്യാസവും വേഗത്തിൽ സാധ്യമാകും.

ചരിത്രത്തിൽ ആദ്യമായാണ‌് 12–-ാം ക്ലാസ‌് വരെയുള്ള മുഴുവൻ ക്ലാസുകൾ ഒരേദിവസം തുറക്കുകയും അന്നുതന്നെ വിദ്യാർഥികൾക്ക‌് പാഠപുസ‌്തകം, യൂണിഫോം തുടങ്ങി മുഴുവൻ പഠന സാമഗ്രികളും ലഭ്യമാക്കുകയും ചെയ്യുന്നത‌്.


പ്രധാന വാർത്തകൾ
 Top