09 December Monday

ദിലീപ് വിഷയത്തില്‍ സംഘടന പിളരേണ്ട അവസ്ഥയെത്തി; ഇപ്പോഴും ദിലീപ് പുറത്തുതന്നെ: മോഹന്‍ലാല്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

കൊച്ചി >  25 വര്‍ഷമായി അമ്മ എന്ന സംഘടന തുടങ്ങിയിട്ടെന്നും ആദ്യമായിട്ടാണ് ജനറല്‍ ബോഡിക്കു ശേഷം മാധ്യമങ്ങളെ കാണാതിരുന്നതെന്നും അത്  തെറ്റായെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന വ്യക്തി അതിനു ക്ഷമ ചോദിക്കുന്നു. വനിതകള്‍ക്ക് കൂടുതല്‍  പ്രോത്സാഹനം നല്‍കുന്ന തീരുമാനം സംഘടനയില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

484 പേരാണ് സംഘനടയില്‍ ഉള്ളത്. ഇതില്‍ 236 പേരാണ്  സ്ത്രീകള്‍. ഡബ്ല്യു സിസി അംഗങ്ങള്‍ സംഘടനക്ക് ഒരു കത്തയച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ കൂടി ചേര്‍ത്ത് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചകള്‍ നടത്താമെന്ന് ഡബ്ല്യൂ സിസിയോട് പറഞ്ഞു.

ദിലീപിനെ അറസ്റ്റ് ചെയ്തു എന്നു പറയുന്ന സമയത്ത് അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് ചേരുകയുണ്ടായി. എന്താണെന്നുള്ള സത്യാവസ്ഥ ഇപ്പോഴും തനിക്കറിയില്ല.  രാജിവെപ്പിക്കണം, സസ്‌പെന്റ് ചെയ്യണം എന്നതരത്തിലൊക്കെ ചര്‍ച്ചകള്‍ ഉണ്ടായി.  സംഘടന രണ്ടായിട്ട് പിളരുന്ന തരത്തില്‍ തന്നെയുള്ള ഒരവസ്ഥയായിരുന്നു അത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും ഫെഫ്‌കയില്‍ നിന്നും ദിലീപിനെ മാറ്റി എന്നറിഞ്ഞപ്പോള്‍ ഒരു തീരുമാനം എടുക്കേണ്ട അവസ്ഥ ഉണ്ടാവുകയായിരുന്നു. അതിനാല്‍ മാറ്റേണ്ടി വന്നു.

എന്നാല്‍ പിന്നീടാണ് മനസിലായത് അത്തരത്തില്‍ മാറ്റാന്‍ സാധിക്കില്ലെന്ന്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനിച്ച് ജനറല്‍ ബോഡിയില്‍ പറഞ്ഞ് മാത്രമേ മാറ്റാന്‍ കഴിയുമായിരുന്നുള്ളു. അതിനാല്‍ മരവിപ്പിച്ച് നിര്‍ത്തുകയായിരുന്നു.

പിന്നീട് അടുത്ത ജനറല്‍ ബോഡിയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. പലതരം ചര്‍ച്ചകള്‍ ഉണ്ടായി. 'നോ' എന്ന് ആരും പറഞ്ഞില്ല. അതോടെ മരവിപ്പിച്ച കാര്യം മാറ്റിവക്കുകയായിരുന്നു. പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായ വികാരത്തിലാണ് ദിലീപിനെ മാറ്റിനിര്‍ത്തിയത്. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലാത്തതുകൊണ്ടാണ് ജനറല്‍ ബോഡിയില്‍ വീണ്ടും വിഷയം അവതരിപ്പിച്ചത്. അദ്ദേഹം വരുന്നില്ല എന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ വേണ്ട എന്നാണ് സംഘടനയുടെ തീരുമാനം.അദ്ദേഹം തെറ്റുകാരനല്ല എന്ന് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണ്. കേസ് കഴിഞ്ഞതിന് ശേഷമേ തിരിച്ചെടുക്കല്‍ തീരുമാനമുള്ളൂ.
തെറ്റുകാര്‍ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട്. ദിലീപ്‌  തിരിച്ചുവരുന്നില്ല എന്ന് പറഞ്ഞതിനാല്‍  അദ്ദേഹം ഇപ്പോഴും പുറത്തുതന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇപ്പോള്‍ പ്രതിഷേധിച്ചവരാരും അന്ന് പ്രതിഷേധിച്ചിരുന്നില്ല. ' അമ്മ' യുടെ ഭാഗത്ത് നിന്നും  കഴിയാവുന്ന എല്ലാ സഹായവും അക്രമിക്കപ്പെട്ട നടിക്കായി നല്‍കുന്നു. എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. രണ്ടുപേര്‍ മാത്രമാണ്  രാജിക്കത്ത് നല്‍കിയത്. മറ്റ് രണ്ടുപേരുടേയും രാജി കിട്ടിയിട്ടില്ല. രാജിവെച്ചവര്‍  വീണ്ടും തിരിച്ചുവന്നാല്‍ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്‌തേ തീരുമാനിക്കു.

സംഘടനയുടെ 'മഴവില്ലഴകില്‍' പരിപാടിയില്‍ അവതരിപ്പിച്ച വിവാദ സ്കിറ്റിനെ ഒരു ബ്ലാക് ഹ്യൂമറായി കണ്ടാല്‍ മതിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. ഈ സ്കിറ്റ് സ്ത്രീ വിരുദ്ധവും ഡബ്ലിയുസിസിയെ അവഹേളിയ്ക്കുന്നതുമാണെന്ന്‍ ആരോപണം ഉയര്‍ന്നിരുന്നു.''അത് സ്ത്രീകള് തന്നെ ഉണ്ടാക്കിയതാണ്. ആരെയും അവഹേളിക്കന്‍ ഉണ്ടാക്കിയ സ്കിറ്റ് അല്ല''- മോഹന്‍ലാല്‍ അവകാശപ്പെട്ടു .

 സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ ലണ്ടണിലും ഓസ്‌ട്രേലിയയിലുമായിരുന്നതിനാലാണ് മാധ്യമങ്ങളുമായി സംസാരിക്കാന്‍  വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top