20 May Friday
പ്രതികളുടെ നിസ്സഹകരണവും തെളിവാകും: എഡിജിപി

അപായപ്പെടുത്താൻ ഗൂഢാലോചന ; കോടതിയിൽ പറഞ്ഞത് ആവർത്തിച്ച് ദിലീപ്

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


കൊച്ചി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്റെ ശബ്ദരേഖ ദിലീപിനും മറ്റു പ്രതികൾക്കും കുരുക്കാകും. കളമശേരി ക്രൈംബ്രാഞ്ച്‌ ഓഫീസിലെ ചോദ്യം ചെയ്യലിനിടെ ശബ്ദരേഖ ദിലീപിനെ കേൾപ്പിച്ചു. എന്നാൽ, അത്‌ തന്റെ ശബ്ദമല്ലെന്ന്‌ നിഷേധിച്ചില്ലെന്നാണ്‌ സൂചന.

ശബ്ദരേഖ തന്റെയല്ലെന്ന് കോടതിയിലും ദിലീപ്‌ നിഷേധിച്ചിരുന്നില്ല. ശാപവാക്കുകളായിരുന്നു എന്നാണ്‌  അറിയിച്ചത്. ചോദ്യം ചെയ്യലിലും ദിലീപ് ഇതേ നിലപാടിലായിരുന്നു. മറ്റു പ്രതികളും തങ്ങൾ നടത്തിയ സംഭാഷണമാണിതെന്ന്‌ സമ്മതിച്ചതായാണ്‌ വിവരം. ഇത് നിർണായക തെളിവാകും.
ശാപവാക്കുകൾ എന്നതിനെക്കാൾ, ആളുകളെ അപായപ്പെടുത്തുന്നതിനുള്ള ആഹ്വാനങ്ങളും ഗൂഢാലോചനയുമാണെന്ന്‌ അന്വേഷകസംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കൈവെട്ടണമെന്നും മറ്റൊരാളെ വാഹനമിടിപ്പിച്ച്‌ അപായപ്പെടുത്തണമെന്നുമായിരുന്നു ദിലീപിന്റെയും സഹോദരീഭർത്താവ് സുരാജിന്റെയും പരാമർശം. അന്നത്തെ റൂറൽ എസ്‌പിയുടെ വീഡിയോ ചിത്രത്തിൽ നോക്കിയായിരുന്നു പ്രതികളുടെ സംഭാഷണം. ഇത്‌ മദ്യലഹരിയിലായിരുന്നുവെന്ന്‌ പറഞ്ഞാലും തെളിവായി മാറും. കൊലപാതകരീതിയും ക്വട്ടേഷൻ തുകയുംവരെ സുരാജ്‌ സംഭാഷണത്തിൽ പറയുന്നുണ്ട്. സംവിധായകൻ പി ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിൽ വച്ച് റെക്കോഡ്‌ ചെയ്‌ത സംഭാഷണത്തിലാണ്‌ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടത്‌ വ്യക്തമാക്കുന്നത്‌. സംഭാഷണം അന്വേഷകസംഘത്തിനും കോടതിക്കും കൈമാറിയിട്ടുണ്ട്‌.

പ്രതികളുടെ നിസ്സഹകരണവും തെളിവാകും: എഡിജിപി
ചോദ്യം ചെയ്യലിൽ പ്രതികളുടെ സഹകരണം മാത്രമല്ല, നിസ്സഹകരണവും കേസിലെ തെളിവിലേക്ക് ഉപകരിക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷകസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ കളമശേരി ക്രൈംബ്രാഞ്ച്‌ ഓഫീസിൽ ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

തെളിവുകളെക്കുറിച്ച് ഇപ്പോൾ പുറത്തുപറയാൻ കഴിയില്ലെന്നും എഡിജിപി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കോടതിയുടെ നിർദേശപ്രകാരമാണ് ചോദ്യം ചെയ്യൽ. ഇതിന്റെ ഫലം എന്താണെന്ന് നോക്കും. കൂടുതൽ ആവശ്യങ്ങളുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകൾ ഫലപ്രദമായി തെളിയിക്കാൻ കഴിയുമെന്ന ഉത്തമവിശ്വാസമുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തുകയെന്നതാണ് തങ്ങളുടെ ജോലി. അതിന് എന്ത് ഫലമുണ്ടാകുമെന്നു പറയാൻ തങ്ങൾ ആളുകളല്ല.

ചോദ്യങ്ങൾക്ക് ദിലീപ്‌ മറുപടി നൽകുന്നുണ്ട്. സഹകരിക്കുന്നോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. മൊഴികൾ വിശദമായി വിലയിരുത്തിയശേഷമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കൂ. ഒന്നും ഇല്ലാതെയല്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്‌. ശനിയാഴ്‌ച കോടതിയിൽ നടന്നത് കണ്ടതാണല്ലോ.
 പ്രതിചേർത്ത അഞ്ചുപേരെയും ചോദ്യം ചെയ്യുന്നുണ്ട്‌. വിഐപി ശരത്താണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എസ്‌ ശ്രീജിത് പറഞ്ഞു.

വിചാരണസമയം 
നീട്ടരുതെന്ന്‌ 
ദിലീപ്‌
നടിയെ ആക്രമിച്ച കേസിൽ വിചാരണസമയം നീട്ടിനൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതി ദിലീപ്‌ സുപ്രീംകോടതിയിൽ. വിചാരണ നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ്‌ തീർപ്പാക്കുന്നത്‌ അനാവശ്യമായി വൈകിക്കാനുള്ള നീക്കമാണിതെന്ന്‌ ദിലീപ്‌ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ ആരോപിച്ചു.

നേരത്തെ സെഷൻസ്‌ ജഡ്‌ജിയുടെ ആവശ്യപ്രകാരം നാലുതവണ വിചാരണസമയം നീട്ടിനൽകിയിരുന്നു. 202 സാക്ഷികളെ വിസ്‌തരിച്ചു. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്‌താരം 29നു തുടങ്ങാനിരിക്കെ വിചാരണ അട്ടിമറിക്കാനാണ്‌ നീക്കമെന്നും ദിലീപ്‌ അവകാശപ്പെട്ടു.  സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിച്ചേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top