Deshabhimani

കോഴിക്കോട് ഏലത്തൂരില്‍ ഇന്ധന ചോര്‍ച്ച; ഓവുചാലിലേക്ക് ഡീസല്‍ ഒഴുകുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 09:32 PM | 0 min read

കോഴിക്കോട്> ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂർ ഡിപ്പോയിൽ വൻ ചോർച്ച. കോർപറേഷൻ നിർമ്മിച്ച ഓടയിലൂടെ ഡീസൽ ഒഴുകി തോട്ടിലും കടലിലും എത്തി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലൂടെ ഒഴുകിയെത്തിയ ഡീസൽ ദേശീയപാതയിലെ പ്രധാന ഓടയിലൂടെയാണ് ഒഴുകിപ്പോവുന്നത്. ഒഴുകിയ തോട്ടിലും കടലിലും മീനുകൾ ചത്തുപൊന്തി.

ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ ഡീസൽ ഒഴുകുന്നത് ശ്രദ്ധയിൽപെട്ടത്. നിരവധി ആളുകൾ കുപ്പികളിലൊക്കെയായി ഡീസൽ മുക്കിയെടുത്തെങ്കിലും വലിയ അളവിൽ ഡീസൽ എത്തിയതോടെ ആളുകൾ പരിഭ്രാന്തരായി. എച്ച്പിസിഎൽ മാനേജരടക്കമുള്ളവർ സ്ഥലത്തെത്തിയത്. അറ്റകുറ്റപണിക്കിടെ ചോർച്ച ഉണ്ടായതാണെന്നായിരുന്നു വിശദീകരണം. നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയതോടെ 11ഓളം ബാരലുകൾ കൊണ്ടുവന്ന് ഡീസൽ മുക്കി മാറ്റി. എന്നാൽ പരിഹാരമുണ്ടാവാതെ ഡീസൽ കൊണ്ടുപോവുന്നത് നാട്ടുകാർ തടഞ്ഞു. കൗൺസിലർമാരായ ഒ പി ഷിജിന,മനോഹരൻ മാങ്ങാറിയിൽ സിപിഐ എം ജില്ലാക്കമ്മറ്റിയംഗം ടി വി നിർമ്മലൻ ഏരിയാസെക്രട്ടറി കെ രതീഷ്,എം സത്യഭാമ തുടങ്ങിയവർ സ്ഥലത്തെത്തി.

എലത്തൂർ പൊലീസും ബീച്ച് ഫയർ ആന്റ് റസ്‌ക്യൂവിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. ഇതിനു മുമ്പും ഇത്തരത്തിൽ ഡീസൽ ചോർച്ചയുണ്ടായിരുന്നു. യാതൊരു സുരക്ഷക്രമീകരണങ്ങളുമില്ലാതെയാണ് എലത്തൂർ ഡിപ്പോ ജനവാസമേഖലയിൽ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ജനങ്ങൾ സമരവും നടത്തുന്നതിനിടെയാണ് വീണ്ടും ഡീസൽ ചോർച്ചയുണ്ടായിരിക്കുന്നത്. അഞ്ച് ജില്ലകളിലേക്കാവശ്യമായ ഇന്ധനമാണ് ഇവിടെ സൂക്ഷിക്കുന്നത്. ഡിസലിന് പകരം പെട്രോൾ ലീക്കായിരുന്നെങ്കിലും മൂന്ന് കിലോമീറ്റർ ചുറ്റളവിലെങ്കിലും സ്‌ഫോടനം നടന്നേനെ. ഡിവൈഎഫ്‌ഐ പ്രവർത്തകർ എച്ച്പിസിഎൽ മാനേജരെ ഉപരോധിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതിനെ തുടർന്ന് ഡെപ്യൂട്ടി കലക്ടർ അനിതകുമാരി സ്ഥലത്തെത്തി മാനേജ് മെന്റ് പ്രതിനിതികളുമായി ചർച്ച ചെയ്തുവരികയാണ്.



deshabhimani section

Related News

0 comments
Sort by

Home