22 August Thursday

എറണാകുളം ഗവ. മെഡിക്കൽ കോളേജ്: ആഗസ‌്തിൽ 10 ഡയാലിസിസ് ഉപകരണങ്ങൾകൂടി

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

കളമശേരി
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പുതിയതായി 10 ഡയാലിസിസ് ഉപകരണങ്ങൾകൂടി പ്രവർത്തനസജ്ജമാകുന്നു. ആഗസ‌്തിൽ ഇവ പ്രവർത്തിച്ചുതുടങ്ങും. മെഡിക്കൽ കോളേജിലെ രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ആണ് ഇത്.  നിലവിൽ ആറ് ഡയാലിസിസ് യന്ത്രങ്ങൾ ഉള്ള ഒരു ഡയാലിസിസ് യൂണിറ്റ് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. പുതുതായി വാങ്ങിയ യന്ത്രങ്ങളിലൊന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള കണ്ടിന്യൂസ് റീനൽ റീപ്ലേസ‌്മെന്റ് തെറാപ്പിയാണ് (സിആർആർടി). ഇതിൽ നാലുതരത്തിലുള്ള ഡയാലിസിസ് സൗകര്യമുണ്ട്. അത്യാസന്നനിലയിലുള്ള രോഗികൾക്ക് പ്രത്യേകിച്ച് പാമ്പുകടിയേറ്റവർക്ക് യന്ത്രം ഏറെ സഹായകരമാണ്. സിആർആർടി മെഷീൻ മെഡിക്കൽ കോളേജുകളിൽ അപൂർവമായേ ഉള്ളൂ. പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സിആർആർടിയും അഞ്ച് ഡയാലിസിസ് യൂണിറ്റുകളും വാങ്ങിയത്. മറ്റ് നാലെണ്ണം കിറ്റ്കോയുടെ ധനസഹായത്തോടെയും.

ദിവസേന മൂന്ന് ഷിഫ്റ്റുകളിലായി  16 ഡയാലിസിസുകൾ ചെയ്യുന്നുണ്ട്. ഇവയുടെ പ്രവർത്തനത്തിനായി  അഞ്ച‌് സ്റ്റാഫ് നേഴ്സ്, അഞ്ച‌് ടെക്നീഷ്യൻ, ഒരു അറ്റൻഡർ എന്നിവരുണ്ട്.  കൂടാതെ ഒരു പ്രൊഫസർ, ഒരു അസിസ്റ്റൻറ് പ്രൊഫസർ, രണ്ടു ജൂനിയർ ഡോക്ടർമാർ എന്നിവരുമുണ്ട്. നിലവിൽ 1000 ലിറ്റർ ശേഷിയുള്ള ഒരു റിവേഴ്സ് ഓസ്മോസിസ് പ്ലാന്റാണുള്ളത്. പുതിയ യൂണിറ്റിനായി 100 ലിറ്റർ ശേഷിയുള്ള മറ്റൊരു ആർഒ പ്ലാന്റും  സ്ഥാപിച്ചു.  പുതിയ യൂണിറ്റ് കൂടി പ്രവർത്തനസജ്ജമാകുന്നതോടെ  ദിനംപ്രതി 50 രോഗികൾക്ക് ഇവിടെ ഡയാലിസിസ് ചെയ്യാനാകും.
പുറത്ത് 2,500 രൂപ വരെ ചെലവുവരുന്ന ഡയാലിസിസിന് മെഡിക്കൽ കോളേജിൽ നിശ്ചയിച്ച ഫീസ്  400 രൂപയാണ്. നിലവിൽ  രോഗികളിൽനിന്ന്   ഫീസ് ഈടാക്കുന്നില്ല.  

ബിപിഎൽ,  ആർഎസ്ബിവൈ പദ്ധതി, കാരുണ്യപദ്ധതി എന്നി പദ്ധതികളിലൊന്നും അംഗമല്ലാത്തവർക്കും സൗജന്യ ഡയാലിസിസ് നടത്താൻ  മെഡിക്കൽ കോളേജിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top