18 September Wednesday

മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം; അര്‍ജുന അവാര്‍ഡ് തിളക്കത്തില്‍ അനസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 ന്യൂഡല്‍ഹി> 2019- ലെ ധ്യാന്‍ചന്ദ് പുരസ്‌കാരം ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് നല്‍കാന്‍ ശുപാര്‍ശ. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളി താരമാണ് ഫ്രഡറിക്ക്.

1972 -ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ ബൈചുങ് ബൂട്ടിയ, എം.സി. മേരികോം എന്നിവരുള്‍പ്പെട്ട 12 അംഗ പുരസ്‌കാര നിര്‍ണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു സമര്‍പ്പിച്ചു.

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം.ഇന്ന് വൈകിട്ടോടെ പുരസ്‌കാര സമിതിയുടെ പ്രഖ്യാപനമുണ്ടാകും. 1971 -ല്‍ ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍കീപ്പറായി അരങ്ങേറി. തൊട്ടടുത്ത വര്‍ഷം (1972) നടന്ന മ്യൂണിക് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലമെഡല്‍ ജേതാക്കളാക്കുന്നതില്‍ മാനുവലിന്റെ ഗോള്‍കീപ്പിങ് മികവ് നിര്‍ണായക പങ്കുവഹിച്ചു.

ബോബി അലോഷ്യസ്, ടിപി പത്മനാഭന്‍ നായര്‍, സതീഷ് പിള്ള എന്നിവരാണ് ഇതിനുമുമ്പ് ധ്യാന്‍ ചന്ദ് പുരസ്‌കാരം നേടിയ മലയാളികള്‍. 'ഗോള്‍മുഖത്തെ കടുവ' എന്നാണ് മാനുവല്‍ ഫ്രെഡറിക്ക് അറിയപ്പെടുന്നത്.

അതേസമയം, അത്‌ലറ്റിക് താരം മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ് സമ്മാനിക്കും. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയടക്കം മൂന്ന് മെഡലുകള്‍ നേടിയിരുന്നു. 400 മീറ്ററിലെ ദേശിയ റെക്കോര്‍ഡ് നിലവില്‍ അനസിന്റെ പേരിലാണ്. 400 മീറ്ററില്‍ ഒളിംപിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷതാരമാണ് അനസ്.






 


പ്രധാന വാർത്തകൾ
 Top