24 September Friday

ആറു വർഷത്തെ പ്രണയം; ഒരുമിച്ചു ജീവിച്ചത്‌ രണ്ടര മാസം

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021

ധന്യാദാസ്

ശാസ്‌താംകോട്ട >  ആറുവർഷം നീണ്ട പ്രണയം. വിവാഹശേഷം ഒരുമിച്ചു ജീവിച്ചത് വെറും രണ്ടര മാസം. ഭർത്താവിന്റെ മദ്യപാനത്തിലുണ്ടായ മാനസിക സംഘർഷമാണ്‌ ധന്യാദാസ് എന്ന ഇരുപത്തിരണ്ടുകാരിയുടെ സ്വപ്നങ്ങൾക്ക്‌ കരിനിഴൽ വീഴ്‌ത്തിയത്‌. കുന്നത്തൂർ മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ ധന്യാദാസി(22) നെ ശനിയാഴ്‌ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌.
 
ധന്യയെ രാജേഷ്‌ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടു വരികയായിരുന്നു ആദ്യം. പിന്നീട് വീട്ടുകാർ ഇടപെട്ട് തിരികെ കൊണ്ടുപോകുകയും വിവാഹം നടത്തുകയും ചെയ്‌തു. ടിപ്പർലോറി ഡ്രൈവറായ രാജേഷിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു. വഴക്കുണ്ടാകുമ്പോൾ രാജേഷ് ലോറിയിൽ  കിടക്കും. അപ്പോഴെല്ലാം കുറച്ചു കഴിയുമ്പോൾ ധന്യ രാജേഷിനെ വിളിച്ചുകൊണ്ടു വരുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മിക്ക ആഴ്‌ചയും ധന്യയുടെ വീട്ടിലേക്ക് ഇരുവരും പോയിരുന്നു. ധന്യയെ ജോലിസ്ഥലത്ത് വിടുന്നതും രാജേഷായിരുന്നു.
 
ശാസ്‌താംകോട്ട ഡിവൈഎസ്‌പി രാജ്‌കുമാറിന്റെയും എസ്എച്ച്‌ഒ എ അനൂപിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ്‌ പറഞ്ഞു.
 
പേരയം കരിക്കുഴി ധന്യാഭവനിൽ ഷൺമുഖദാസിന്റെയും - ലില്ലിക്കുട്ടിയുടെയും മകളാണ് ധന്യാദാസ്. കരുനാഗപ്പള്ളിയിലെ  സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാരിയാണ്‌.  ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ധന്യയുടെ മാതൃസഹോദരി മറിയക്കുട്ടിയുടെ പേരയം സെറ്റിൽമെന്റ് കോളനിയിലെ വീട്ടിലെത്തിക്കും. തുടർന്ന് കുണ്ടറ കരിക്കുഴി കർമലറാണി പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. സഹോദരങ്ങൾ: ദിവ്യ, ആന്റണി ദാസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top