06 December Tuesday

എ സി കോച്ചുകൾ ഇരട്ടിയാക്കി ധൻബാദ്‌; വീർപ്പുമുട്ടി സാധാരണ യാത്രക്കാർ

കെ എസ്‌ ഗിരീഷ്‌Updated: Friday Sep 23, 2022
ആലപ്പുഴ > ധൻബാദ്‌ എക്‌സ്‌‌പ്രസ്‌ ഇപ്പോൾ പഴയ ധൻബാദ്‌ അല്ല. തണുത്ത്‌ സുഖിച്ച്‌ കൂടുതൽപേർക്ക്‌ യാത്രചെയ്യാനുള്ള പരുവത്തിലേക്ക്‌ അത്‌ മാറ്റി. എന്നിട്ടും സാധാരണ - സീസൺ യാത്രക്കാരും ഇതരസംസ്ഥാനത്തൊഴിലാളികളായ യാത്രക്കാരും വിയർക്കുകയാണ്‌. കോച്ചുകൾ പുത്തനാക്കിയപ്പോൾ എ സി കോച്ചുകളുടെ എണ്ണം ഇരട്ടിയിലേറെ കൂട്ടി;  സ്ലീപ്പർ -ഓർഡിനറി കോച്ചുകളുടെ എണ്ണം വല്ലാതെ വെട്ടിക്കുറച്ചു. ഡി റിസർവ്‌ഡ്‌ സ്ലീപ്പർ കോച്ചുകൾ പുനഃസ്ഥാപിച്ചതുമില്ല. ഇതാണ്‌ യാത്രക്കാർ നട്ടംതിരിയാൻ കാരണം.
 
ആലപ്പുഴ - ധൻബാദ് (13352), ധൻബാദ്–-  ആലപ്പുഴ (13351 ) ട്രെയിനുകളിൽ നാല്‌ എ സി, 16 സ്ലീപ്പർ, ആറ്‌ ജനറൽ (അൺ റിസർവ്‌ഡ്‌)  കോച്ചുകളാണ്‌ ഉണ്ടായിരുന്നത്‌. എ സി കോച്ചുകളുടെ എണ്ണം കൂട്ടിക്കൂട്ടി സാധാരണക്കാരെ പെരുവഴിയിലാക്കുന്ന റെയിൽവേ മന്ത്രാലയ നയത്തിന്റെ ഇരയായതോടെ ധൻബാദും അടിമുടിമാറി. 10‌ എ സി, അഞ്ച്‌  സ്ലീപ്പർ, രണ്ടര ജനറൽ കോച്ചുകളാണ്‌ ഇപ്പോഴുള്ളത്‌. പിന്നിലാണ്‌ അരക്കോച്ച്‌. ആധുനിക കോച്ചുകളാക്കുന്നതിന്റെ (എൽഎച്ച്‌ബി) മറവിലാണ്‌ യാത്രക്കാർക്കുള്ള ഇരുട്ടടി. എൽഎച്ച്‌ബി കോച്ചാക്കുമ്പോൾ എണ്ണം കുറയുമെങ്കിലും ഉള്ളവയിൽ ഇത്രയും എ സി എന്തിനെന്ന ചോദ്യത്തിന്‌ റെയിൽവേക്ക്‌ ഉത്തരമില്ല.
 
രാവിലെ ആറിന്‌ -ധൻബാദിലേക്ക്‌ പോകുന്ന ട്രെയിനിൽ സർക്കാർ ജീവനക്കാരടക്കം നിരവധി യാത്രക്കാരാണ്‌ തൃശൂർ ഭാഗത്തേക്കും മറ്റുംപോകുന്നത്‌. മുമ്പ്‌ ഈ വണ്ടി തൃശൂരിൽ നിന്ന്‌ ആലപ്പുഴയ്‌ക്ക്‌ 4.10നായിരുന്നു. തൃശൂരിൽനിന്ന്‌ കയറാൻ ഏറെ യാത്രക്കാരുണ്ടായിരുന്നു. പകൽ 12ലേക്ക്‌ സമയം മാറ്റിയതോടെ തിരിച്ചടിയായെങ്കിലും രാവിലത്തെ യാത്രയായിരുന്നു ആശ്വാസം. അതിനും എ സി പ്രയോഗത്താൽ അടി കൊടുത്തിരിക്കുകയാണിപ്പോൾ.
 
പരിഷ്‌കാരം 
പുനഃപരിശോധിക്കണം
 
ആലപ്പുഴയ്‌ക്കും തൃശൂരിനും ഇടയിൽ സ്ഥിരമായി യാത്ര ചെയ്‌തിരുന്ന ആയിരത്തിലധികം പേർക്കാണ്‌ ഏറെ തിരിച്ചടിയെന്ന്‌ ആലപ്പുഴ - തൃശൂർ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ ഹൈദർ അലി പറഞ്ഞു. രണ്ട്‌ ഡി റിസർവ്‌ഡ്‌ സ്ലീപ്പർ കോച്ചുകളാണ്‌ ഉണ്ടായിരുന്നത്‌. മറ്റെല്ലാ വണ്ടികളിലും ഘട്ടംഘട്ടമായി ഈ സംവിധാനം തിരികെക്കൊണ്ടുവന്നിട്ടും ഇതിനോടുമാത്രം റെയിൽവേ അവഗണനയാണ്‌. പകൽസമയം സ്ലീപ്പർ കോച്ചുകളിൽ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ ഇതുമൂലം കഴിയുന്നില്ല. സ്ലീപ്പറുകളുടെ എണ്ണം കുറച്ചതോടെ വീണ്ടും പ്രതിസന്ധയിലായി സീസൺകാർ. ഈ പരിഷ്‌കാരം പുനഃപരിശോധിക്കണമെന്നും മുമ്പുണ്ടായിരുന്ന സംവിധാനങ്ങൾ തിരികെ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top