24 November Tuesday

ദേവികുളത്ത് കെഎസ്ആർടിസിയുടെ സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

തിരുവനന്തപുരം > ദേവികുളത്ത് കെഎസ്ആർടിസിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയിൽ കെഎസ്ആർടിസി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ഹോളിഡേ ഹോം രൂപ കൽപ്പന ചെയ്യുന്നത്.

17.5 സെന്റ് സ്ഥലം 30 വർഷത്തേക്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്കോ, ഏജൻസിക്കോ പാട്ടത്തിന് നൽകും. അവർക്ക് 30 വർഷം നടത്തിപ്പിനുള്ള അവകാശം ഉണ്ടാകും. അതിന് ശേഷം പൂർണമായും കെഎസ്ആർടിസിയുടെ അധീനതയിലും ആയി വരും. ഈ 30 വർഷത്തിനിടയിൽ നടത്തിപ്പുകാർ  മാസത്തിൽ ഏതെങ്കിലും 5 ദിവസം, 5 മുറികൾ വീതം കെഎസ്ആർടിസി ജീവനക്കാർക്ക് ദിവസേന 100 രൂപ നിരക്കിൽ വാടകക്ക് നൽകണം. അതോടൊപ്പം ഭക്ഷണത്തിനും ഡിസ്കൗണ്ട് നൽകണം. ബാക്കി വരുന്ന മുറികൾ പാട്ടത്തിന് എടുക്കുന്നവർക്ക് വിനിമയം ചെയ്യാം.   അതിനുള്ള ടെന്റർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിയുടെ ഭൂമി സമീപത്തുള്ള സ്വകാര്യ ക്ലബ് കൈയടിക്കിവെച്ചിരുന്നത് മന്ത്രിയുടെ നിർദ്ദേശപ്രകാരം ദേവികുളം എംഎൽഎ . എസ്. രാജേന്ദ്രനും, ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണ , പഞ്ചായത്ത് ഭരണ സമതിയും നടത്തിയ ചർച്ചകളെ തുടർന്ന് ഭൂമി തിരികെ ഏറ്റെടുക്കുകയായിരുന്നു.  

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ന​ഗരമാണ് ദേവികുളം. തിരുവിതാംകൂറിന്റെ അഞ്ചാമത്തെ ജില്ല, രാജാക്കൻമാരുടെ ഒഴിവുകാലവസതി അങ്ങനെ നിരവധി സവിശേഷതകൾ ഉള്ള ചെറുപട്ടണം. സംസ്ഥാനത്ത് പൊതു ​ഗതാ​ഗത സൗകര്യം ആരംഭിക്കുന്ന സമയത്ത് തന്നെ തിരുവിതാംകൂറിൽ രാജ ഭരണം നടന്നിരുന്ന കാലത്ത് തന്നെ ദേവികുളത്തിലേക്കും സർക്കാരിന്റെ അധീനതയിൽ ഉണ്ടായിരുന്ന ബസുകൾ സർവ്വീസുകൾ നടത്തിയിരുന്നു. കെഎസ്ആർടിസി ക്ക് മുൻപ് സംസ്ഥാനത്ത് പൊതു​ഗതാ​ഗതം നടത്തിയിരുന്ന കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് അന്നത്തെ മഹാരാജാവ് നൽകിയ 17.5 സെന്റ് സ്ഥലത്താണ് അന്ന് ദേവികുളം ഡിപ്പോ സ്ഥിതി ചെയ്തിരുന്നത്.

ചെങ്ങന്നൂരിൽ നിന്നും, തിരുവനന്തപുരത്തും നിന്നും രാത്രി വൈകി എത്തിയിരുന്ന ബസുകൾക്ക് സ്റ്റേ അനുവദിക്കുന്നതിന് കൂടിയണ് താലൂക്ക് ആസ്ഥാനത്ത് തന്നെ അന്ന് സ്ഥലം അനുവദിച്ചിരുന്നത്.  തുടർന്ന് 1980 കളുടെ അവസാനത്തിൽ മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കുന്നത് വരെ ഇവിടെ നിന്നായിരുന്നു സർവ്വീസുകൾ നടത്തി വന്നത്.

ഹോളിഡേ ഹോം എന്തിന്:

താലൂക്ക് ആസ്ഥാനമായ ദേവികുളത്ത് ആർഡിഒ ഓഫീസിന് മുന്നിൽ ഏറെ വാണീജ്യ പ്രാധാന്യം ഉള്ളതാണ് കെ.എസ്.ആർ.ടി.സിയുടെ ഈ സ്ഥലം. ആകാശവാണി, കോടതി, ആർഡിഒ ഓഫീസ് , താലൂക്ക് ഓഫീസ് ,  ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് , ട്രഷറി തുടങ്ങിയ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും സ്ഥിലിതി ചെയ്യുന്ന ഇവിടെ ധാരാളം പേർ വിനോദ സഞ്ചാരത്തിനും മറ്റുമായി എത്തുന്നു.

മധുരയിൽ നിന്നും മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾ എത്തുന്ന ആദ്യ ടൗണും ദേവികുളമാണ്. ഇവിടെയുള്ള അയ്യപ്പക്ഷേത്രത്തിനോട് ചേർന്ന് ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ദേവസ്വം ​ഗസ്റ്റ് ഹൗസിൽ പോലും തിരക്കാണ്. രാജഭരണകാലത്ത് മഹാരാജാവ് താമസിച്ചിരുന്നതും, പിന്നീട് ​ഗവണറുടെ ഒഴിവ്കാല വസിതിയുമായ കൊട്ടാരമാണ് ഇന്ന് ​ഗസ്റ്റ് ഹൗസായി ഇവിടെ ഉപയോ​ഗിക്കുന്നത്. ആ നിലക്ക് കെഎസ്ആർടിസിയുടെ ഹോളിഡേ ഹോമിന് വളരെ പ്രാധാന്യവുമുണ്ട്.  വിദൂര സ്ഥലങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സിയിൽ ജോലിക്കായി വരുന്ന ജീവനക്കാർക്ക് ഉൾപ്പെടെ ആവശ്യമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് കെ.എസ്.ആർ.ടി.സി ഹോളിഡേ ഹോം പദ്ധതി ആവിഷ്കരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top