18 July Thursday

മോളെ കാണുന്നതുപോലും ഞങ്ങള്‍ക്കൊക്കെ പ്രചോദനമാണെന്ന് സിവില്‍ സര്‍വീസ് നേടിയ മുഹമ്മദ് സജാദ്; കണ്ണുനിറഞ്ഞ് ദേവികയുടെ അച്ഛന്‍

ജോബിന്‍സ് ഐസക്Updated: Monday Jun 24, 2019

കേരള പൊലീസ് അസോസിയേഷന്റെ അനുമോദന ചടങ്ങില്‍ സംസാരിക്കുമ്പോള്‍ വിതുമ്പുന്ന ദേവികയുടെ അച്ഛന്‍ സജീവ്: ഫോട്ടോ കെ ഷമീര്‍

മലപ്പുറം > 'അച്ഛന്‍ പൊലീസായതുകൊണ്ടാകാം എനിക്ക് പൊലീസുകാരെ ഏറെ ഇഷ്ടമാണ്'- ദേവിക പറഞ്ഞുതുടങ്ങിയപ്പോഴേക്കും വേദിയിലിരുന്ന സജീവിന്റെ കണ്ണുനിറഞ്ഞിരുന്നു. 'നമ്മള്‍ എന്തുചെയ്താലും അതില്‍ മികച്ചതാകണം എന്ന അച്ഛന്റെ വാക്കുകളാണ് എന്നെ മുന്നിലെത്തിച്ചത്. 

അച്ഛന്റെയും അമ്മയുടെയും പ്രേരണയാണ് എന്റെ വിജയത്തിനുപിന്നില്‍. എന്നെയല്ല അവരെയാണ് മാതൃകയാക്കേണ്ടത്'-- മകള്‍ സംസാരം പൂര്‍ത്തിയാക്കിയപ്പോഴേക്കും  വാത്സല്യനിധിയായ  ആ പിതാവിന്റെ കണ്ണുകള്‍ തുളുമ്പി. ചേച്ചിയുടെ വാക്കുകള്‍ക്ക് സദസ്സ് കൈയടിക്കുകയും അച്ഛന്‍ കരയുകയും ചെയ്യുന്നതുകണ്ട് അമ്പരന്ന് ചുറ്റുംനോക്കുകയായിരുന്നു  നാലുവയസുകാരന്‍ ഗൗതം.

  കണ്ണീര്‍ തുടയ്ക്കാന്‍ പാടുപെടുമ്പോഴും മടിയിലിരുന്ന മകനെ  ചേര്‍ത്തുപിടിച്ചു സജീവ്. ജന്മനാ കൈകളില്ലാഞ്ഞിട്ടും കാലുകൊണ്ട് പരീക്ഷയെഴുതി  എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മിടുക്കിയാണ് ദേവിക. കേരള പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്  എംഎസ്പി കമ്യൂണിറ്റി ഹാളില്‍  ഒരുക്കിയ പ്രതിഭാസംഗമത്തിലായിരുന്നു വികാരനിര്‍ഭരരംഗം.
 
വേദിയിലുണ്ടായിരുന്ന ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മുഖത്തും ഭാവമാറ്റം പ്രകടം. തേഞ്ഞിപ്പാലം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സജീവ് ദേവികയ്ക്കുവേണ്ടി പുരസ്‌കാരം സ്വീകരിക്കാനാണ്  വേദിയില്‍ കയറിയത്. 

   'എന്തുസംസാരിക്കണം എന്നറിയില്ല' എന്ന് പറഞ്ഞുതുടങ്ങിയ ദേവികക്ക് മറുപടിയായി,   'ഒന്നും പറയണമെന്നില്ല, മോളെ കാണുന്നതുപോലും ഞങ്ങള്‍ക്കൊക്കെ പ്രചോദനമാണെന്നായിരുന്നു' സിവില്‍ സര്‍വീസ് പരീക്ഷയില്‍ 390ാം റാങ്ക് നേടി മലപ്പുറത്തിന്റെ അഭിമാനമായ മുഹമ്മദ് സജാദിന്റെ വാക്കുകള്‍. 'അതിവിശിഷ്ട ശേഷിയുള്ളവള്‍'-- എന്നാണ്  ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വിശേഷിപ്പിച്ചത്.

ദേവിക എത്തുന്ന വിവരം ഉദ്ഘാടകന്‍ പി ഉബൈദുള്ള എംഎല്‍എ അറിയിച്ച നിമിഷംമുതല്‍ അവള്‍ക്കായി കാത്തിരിക്കുകയായിരുന്നു സദസ്സ്.  വള്ളിക്കുന്ന് സിബിഎച്ച്എസ്എസിലാണ് ദേവിക പഠിച്ചത്.  അമ്മ സുചിത്രയാണ്  അവള്‍ക്ക് കൂട്ട്. കാലുകളാല്‍  ചിത്രങ്ങള്‍ വരയ്ക്കുന്ന ദേവിക  ഒട്ടേറെ സമ്മാനങ്ങളും നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കോഴിക്കോട് ആര്‍ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനവും ഒരുക്കി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top