03 December Tuesday

ലോകമറിയട്ടെ നാടിന്റെ ഭംഗി ; തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഫണ്ട്‌ തടസ്സമാകില്ല

ബിജോ ടോമിUpdated: Wednesday Nov 6, 2024


തിരുവനന്തപുരം
പ്രകൃതിരമണീയമായ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിന്‌ പരിചയപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ തുകയുടെ അപര്യാപ്തത ഇനി വെല്ലുവിളിയാകില്ല. വിനോദ സഞ്ചാര വകുപ്പ്‌ ആവിഷ്‌കരിച്ച ‘ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി പൊതു, സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നടപ്പാക്കാനാകും. സംസ്ഥാനത്തെ അറിയപ്പെടാത്ത, ടൂറിസം വികസനസാധ്യതയുള്ള പ്രദേശങ്ങളുടെ വികസനത്തിനായാണ്‌ പദ്ധതി ആരംഭിച്ചത്‌. ഡെസ്റ്റിനേഷൻ ചലഞ്ചിൽ പദ്ധതി ഏറ്റെടുക്കാൻ അനുമതിയുണ്ടെങ്കിലും തുക കണ്ടെത്താനാകാത്തതിനാൽ തദ്ദേശ സ്ഥാപന പങ്കാളിത്തം കുറയുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ്‌ തദ്ദേശവകുപ്പിന്റെ നടപടി.

അറുപത്‌ ശതമാനം തുക ടൂറിസം വകുപ്പും 40ശതമാനം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും ചെലവഴിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഡെസ്റ്റിനേഷൻ ചലഞ്ചിൽ പദ്ധതി ഏറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഫണ്ടിന്റെ അപര്യാപ്‌തതയുണ്ടെങ്കിൽ പ്രത്യേക പരിഗണന നൽകണമെന്ന്‌ തദ്ദേശ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു. സഹായം നൽകാൻ ബ്ലോക്ക്,- ജില്ലാ പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. ടൂറിസം വകുപ്പിന്റെ വിഹിതത്തോടൊപ്പം സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ ഫണ്ടും ഉപയോഗിക്കാം. പദ്ധതി പൂർത്തിയായശേഷം സിഎസ്ആർ ഫണ്ടുപയോഗിച്ച് അധിക സൗകര്യമൊരുക്കാം.

പഞ്ചായത്തുകൾക്ക്‌ സ്വകാര്യവ്യക്തികളും ടൂറിസം വകുപ്പുമായി ചേർന്നും പദ്ധതി നടപ്പാക്കാം. പദ്ധതി പൂർത്തിയാകുമ്പോൾ സ്വകാര്യ നിക്ഷേപം ഒഴികെയുള്ള പൊതുഫണ്ട് പഞ്ചായത്തിന്റെ മുതൽമുടക്കായി പരിഗണിച്ച് അനുപാതം നിശ്ചയിച്ച്‌ വരുമാനം പങ്കിടണം. ധാരണയുണ്ടാക്കി, പഞ്ചായത്തുകളുടെ വിഹിതം സ്വകാര്യവ്യക്തികൾക്ക്‌ എടുക്കാം. വരുമാനത്തിന്റെ അനുപാതം നിശ്ചയിക്കുമ്പോൾ പൊതുഫണ്ട് പഞ്ചായത്തുവിഹിതമായി പരിഗണിക്കും. സ്വകാര്യ ഏജൻസികളുടെ പ്രവർത്തനത്തിനുള്ള  മാർഗനിർദേശങ്ങൾ പിന്നാലെ ഇറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top