11 October Friday

മനസ്സിലിന്നും കാമറയിൽ 
പകർത്താനാവാത്ത ചിത്രങ്ങൾ

സ്വന്തം ലേഖകൻUpdated: Monday Sep 30, 2024

കണ്ണൂർ
‘നെഞ്ചുപൊട്ടുന്ന മുദ്രാവാക്യങ്ങളെന്ന്‌ അന്നുവരെ കേട്ടിരുന്നേയുള്ളൂ, പക്ഷേ, 1994 നവംബർ 25ലെ വെള്ളിയാഴ്‌ച ആ ധീരത കൺമുന്നിലെത്തി. തീ തുപ്പിയ തോക്കുകൾക്ക്‌ മുന്നിൽ ഇൻക്വിലാബ്‌ വിളിച്ച്‌ അവർ നെഞ്ചുവിരിച്ചുനിന്നു. പ്രതിഷേധ സൂചകമായി കറുത്ത തുണിയും സംഘടനയുടെ തൂവെള്ളക്കൊടിയുംമാത്രം.’- കാമറയ്ക്ക്‌ പകർത്താനാവാത്ത ചിത്രങ്ങളെ മനസ്സിൽനിന്ന്‌ വാക്കുകളിലേക്ക്‌ കെ മോഹനൻ പകർത്തിവച്ചത്‌ ഇങ്ങനെയാണ്‌. ദേശാഭിമാനിയുടെ കണ്ണൂർ ഫോട്ടോഗ്രാഫറായിരുന്ന കെ മോഹനൻ  ലേഖകനായിരുന്ന പി എം മനോജിനൊപ്പാണ്‌ പ്രതിഷേധം റിപ്പോർട്ട്‌ ചെയ്യാൻ കൂത്തുപറമ്പിലെത്തിയത്‌.

 നിരായുധരായ യുവജന സഞ്ചയത്തിന്‌ നേരെയാണ്‌ കണ്ണീർ വാതകവും ഗ്രനേഡും ഒടുവിൽ തോക്കുകളും പ്രയോഗിച്ച്‌ കിരാതവേട്ട അരങ്ങേറിയതെന്ന്‌ മോഹനൻ സാക്ഷ്യപ്പെടുത്തുന്നു. വെടിയേറ്റും ലാത്തിയടിയേറ്റും വീണവർ ചോരയിൽ മുങ്ങിക്കുളിച്ചപ്പോഴും  പിന്തിരിഞ്ഞോടിയില്ല,  മഹാസമരത്തിൽ കൂത്തുപറമ്പ്‌ നഗരം തിളച്ചുമറിഞ്ഞപ്പോൾ അതിനെ മറികടക്കാൻ പൊലീസ്‌ കണ്ടെത്തിയ വഴിയായിരുന്നു ആ കിരാതവാഴ്‌ച.



സമരത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ മാതൃഭൂമിയിലെ ഫോട്ടോഗ്രാഫർ  മധുരാജും മനോരമയിലെ പ്രദീപ്‌കുമാറും ഫ്രീലാൻസ്‌ ഫോട്ടോഗ്രാഫർ അജിത്‌കുമാറുമൊക്കെ ഒപ്പമുണ്ടായിരുന്നു. അതുവരെ ശാന്തരായിരുന്ന പൊലീസുകാരുമായും ഞങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ  ഓർക്കാപ്പുറത്തായിരുന്നു മന്ത്രി എം വി രാഘവൻ വന്ന ഉടനെ തീരുമാനിച്ചുറപ്പിച്ചപോലെ ലാത്തിച്ചാർജും നരനായാട്ടും തുടങ്ങിയത്‌.  എനിക്കും മധുരാജിനുംനേരെ പൊലീസുകാർ തോക്കുചൂണ്ടി. ഫിലിം പിടിച്ചുവാങ്ങാനും ശ്രമിച്ചു.
ടെലിഫോൺബൂത്തിൽ കയറി ഷട്ടർ അടച്ചാണ്‌ രക്ഷപ്പെട്ടത്‌. പുറത്ത്‌ തുരുതുരാ വെടിയൊച്ചയായിരുന്നു. ഷട്ടർ പതിയെ ഉയർത്തി നോക്കുമ്പോൾ പി എം മനോജ്‌ അതിനിടയിലൂടെ ഓടി നടക്കുന്നതു കണ്ടു. അതിനിടെ ഓഫീസിൽ വിളിച്ച്‌ വിരരമറിയിച്ചു. എടുത്ത ഫോട്ടോകൾ സംരക്ഷിക്കാൻ ഫിലിം അഴിച്ചുമാറ്റിയ ശേഷമാണ്‌ പുറത്തിറങ്ങിയത്‌.
അപ്പോഴത്തെ കാഴ്‌ച ഭയനാകമായിരുന്നു. യുദ്ധഭൂമിപോലെ ചിതറിയ കുപ്പായങ്ങളും ചെരുപ്പുകളും. നഗരവീഥികളാകെ ചോരപ്പാടുകൾ. ദേശാഭിമാനി പാനൂർ ഏരിയാ ലേഖകൻകൂടിയായിരുന്ന കെ കെ രാജീവനും കൊല്ലപ്പെട്ടെന്ന്‌ അറിഞ്ഞപ്പോൾ മനസ്സ്‌ മരവിച്ചുപോയി.

അന്നു പകർത്താനാവാതെപോയ ആ ചിത്രങ്ങളെല്ലാം മനസ്സിലുണ്ട്‌. കാലത്തിനൊന്നും മായ്‌ക്കാനാവാത്ത പോരാട്ടത്തിന്റെ പ്രതീകമായി നിറഞ്ഞുനിന്ന പുഷ്‌പനെ പിന്നീട്‌ ഒരുപാട്‌ തവണ സന്ദർശിച്ചു. ഇന്നിതാ വീണ്ടും കണ്ടു ചേതനയറ്റ ആ ശരീരം. പോരാട്ടത്തിന്റെ സകലകരുത്തും പകർന്നെടുത്ത ആ നിറപുഞ്ചിരിയുമായി കാലത്തെ തോൽപ്പിച്ച്‌ വിരിഞ്ഞുനിന്ന സഹനസൂര്യൻ. ദേശാഭിമാനിയിൽനിന്ന്‌ വിരമിച്ച നീലേശ്വരം സ്വദേശിയായ മോഹനൻ  ഫ്രീലാൻസ്‌ ഫോട്ടോഗ്രാഫറാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top