11 December Wednesday

ദേശാഭിമാനിയുടെ രാഷ്ട്രീയം സാധാരണക്കാരന്റേത്‌: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

കോയമ്പത്തൂർ > മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ രാഷ്ട്രീയമാണ്‌ ദേശാഭിമാനി ഉയർത്തിപ്പിടിക്കുന്നതെന്ന‌് ചീഫ് എഡിറ്റർ പി രാജീവ്‌ പറഞ്ഞു. ദേശാഭിമാനി കോയമ്പത്തൂർ ന്യൂസ്‌ ബ്യുറോ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനിക്ക് ഒരു പക്ഷമുണ്ട്. മതനിരപേക്ഷതയുടെയും  ജനാധിപത്യത്തിന്റെയം പുരോഗമന രാഷ്ട്രീയത്തിന്റെയും പക്ഷമാണത്. മലയാളത്തിൽ ലഭ്യമായ എല്ലാ പത്രത്തിനും പക്ഷമുണ്ട്. എന്നാൽ അവരത‌് ഒളിപ്പിച്ചുവയ‌്ക്കുകയാണ‌്. വാക്കിലൂടെ, വാചകത്തിലൂടെ, കാർട്ടൂണിലൂടെ മറ്റ‌് പത്രങ്ങൾ തങ്ങളുടെ പക്ഷം സമർഥമായി ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ പക്ഷം വ്യക്തമായി പറഞ്ഞാണ‌് ദേശാഭിമാനി വായനക്കാരിലേക്കെത്തുന്നത‌്. ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് മാധ്യമങ്ങൾക്ക‌് സമൂഹത്തോടുള്ളത്. മറ്റു പത്രങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗത്തിന്റെയും താൽപ്പര്യം ദേശാഭിമാനി സംരക്ഷിക്കുന്നു. എല്ലാ വിശ്വാസികളുടെയും വിശ്വാസങ്ങൾക്ക് ഒപ്പം നിൽക്കുന്ന പത്രമാണിത‌്.

ഒരു പാർടി പത്രം എന്നതിലുപരി ഒരു പൊതു പത്രം കൂടിയാണ്‌ ദേശാഭിമാനി. ഏഴു ലക്ഷത്തിലധികം വരിക്കാരുള്ള പത്രം വ്യത്യസ്ത അഭിരുചിയുള്ള എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്നു. ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരം ഇന്ന് ലോകത്തിൽ ഏറ്റവും അധികം കുട്ടികൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി അംഗീകരിക്കപ്പെട്ടതാണ്. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേക പതിപ്പും ബിസിനസ്, മാർക്കറ്റിങ‌്, തൊഴിൽ, ശാസ്ത്രം തുടങ്ങി എല്ലാ മേഖലയിലും പ്രത്യേക പതിപ്പുകളും ദേശാഭിമാനിയുടെ ഭാഗമായി വായനക്കാരിലെത്തുന്നു. കോയമ്പത്തൂരിൽനിന്ന‌ുള്ള കൂടുതൽ വാർത്തകൾ ഉൾക്കൊള്ളിക്കാൻ ബ്യൂറോ തുടങ്ങുന്നതോടെ സാധ്യമാകുമെന്നും പി രാജീവ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top