20 September Friday

ദേശാഭിമാനി പുരസ്‌കാരം യേശുദാസിന്‌

പ്രത്യേക ലേഖകൻUpdated: Sunday Aug 4, 2019



തിരുവനന്തപുരം
മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം ഗാനഗന്ധർവൻ യേശുദാസിന്‌. സംഗീതലോകത്തെ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവന കണക്കിലെടുത്താണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പി രാജീവും അറിയിച്ചു. രണ്ട്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. 

ഇപ്പോൾ അമേരിക്കയിലുള്ള യേശുദാസിന്റെ സൗകര്യം പരിഗണിച്ച്‌ പുരസ്‌കാര സമർപ്പണ തീയതി തീരുമാനിക്കും. സാമൂഹ്യ–- സാംസ്‌കാരിക–- സാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്‌ക്കാണ്‌ ദേശാഭിമാനി പുരസ്‌കാരം നൽകുന്നത്‌.  മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്കായിരുന്നു ആദ്യപുരസ്‌കാരം. കഴിഞ്ഞ തവണ ടി പത്മനാഭനും അർഹനായി.

1961ൽ എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ ‘ജാതിഭേദം മതദ്വേഷം’ കീർത്തനം പാടി അരങ്ങേറ്റം കുറിച്ച യേശുദാസ്‌ ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ നിറവാർന്ന സാന്നിധ്യമാണ്‌.  എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടി. കർണാടക സംഗീതരംഗത്തും ശ്രദ്ധേയനാണ്‌. 1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിൽ സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ്‌  ജനിച്ചത്‌. ഒമ്പതാം വയസ്സിൽ ആദ്യ കച്ചേരി അവതരിപ്പിച്ചു.  ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.  മലയാളത്തിൽമാത്രം അയ്യായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു. പ്രഭയാണ്‌ ഭാര്യ. ഗായകൻ  വിജയ് യേശുദാസ്‌, വിനോദ്‌, വിശാൽ എന്നിവർ മക്കൾ.

പത്മശ്രീ (1975), പത്മഭൂഷൺ (2002), പത്മവിഭൂഷൺ (2017) പുരസ്‌കാരങ്ങളും മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം എട്ടുതവണയും സംസ്ഥാന  പുരസ്‌കാരം 25 തവണയും നേടി. കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം, 2011ലെ സ്വരലയ പുരസ്കാരം, ഹരിവരാസനം അവാർഡ്‌, ലിംക ഇന്റർനാഷണൽ അവാർഡ്‌ എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്‌ നൽകി ആദരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top