16 June Sunday

അറിവിൻ മാനത്ത്‌ നക്ഷത്രങ്ങൾ മിന്നി

ജി അനിൽകുമാർUpdated: Sunday Feb 10, 2019


കോട്ടയം
മെലഡിയും ഫ്യൂഷനും കോർത്തിണക്കിയ ബാൻഡ‌് സംഗീതവും നടനവൈഭവവും താരപ്പൊലിമയും  പെയ‌്തിറങ്ങിയ  നിലാവ‌ിൽ അക്ഷരനഗരി പൂത്തുലഞ്ഞു.  ഒഡീസിയ –- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് ഫെസ‌്റ്റിവലിന്റെ മെഗാ ഫൈനൽ വിജയികൾക്ക‌ുള്ള സമ്മാനദാനവും ചലച്ചിത്രതാരങ്ങൾ അണിനിരന്ന മെഗാ ഇവന്റും  നവ്യാനുഭൂതി പകർന്നു. പത്മഭൂഷൺ നേടിയശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുക്കുന്ന  അക്ഷരമുറ്റം ക്വിസ‌് ഫെസ‌്റ്റിവൽ ഗുഡ‌്‌വിൽ അംബാസഡർ ഭരത‌് മോഹൻലാലിനെ ചടങ്ങിൽ മുഖ്യമന്ത്രി പൊന്നാടയണിയിച്ച‌് ആദരിച്ചു.

മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ‌ിന‌് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചു. മോഹൻലാൽ  മുഖ്യാതിഥിയായി. എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ കോട്ടയത്ത‌് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾക്ക‌്  കൈനിറയെ സമ്മാനങ്ങൾനൽകി. ഒന്നാംസ്ഥാനം നേടിയ ടീമിന‌് ഒരുലക്ഷം രൂപയും പ്രശ‌സ‌്തിപത്രവും മൊമന്റോയും  രണ്ടാംസ്ഥാനക്കാർക്ക‌് 50,000 രൂപയും പ്രശസ‌്തിപത്രവും മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും ചേർന്ന‌് സമ്മാനിച്ചു. ദേശാഭിമാനിയുടെ പുരസ‌്കാരമായി മോഹൻലാലിന‌് ബുദ്ധന്റെ വെങ്കല പ്രതിമയും ഛായാചിത്രവും ചീഫ‌് എഡിറ്റർ പി രാജീവ‌് സമ്മാനിച്ചു. തുടർന്ന‌് സ‌്പോൺസർമാർക്ക‌് ഉപഹാരംനൽകി.

 

 ‘ബെന്നറ്റ‌് ആൻഡ‌് ദി ബാൻഡ‌്' അവതരിപ്പിച്ച സംഗീതനിശയിൽ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാർ, ഹരിചരൺ, മഞ‌്ജരി, ചലച്ചിത്ര നടി രമ്യാ നമ്പീശൻ തുടങ്ങിയവർ അരങ്ങിലെത്തി. ചലച്ചിത്രതാരം റിമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ ഒരുക്കിയ പ്രത്യേക നൃത്തസംഗീത പരിപാടിയും  കലാവിരുന്നായി. അവതരണഗാനത്തിന‌്  നടി അനുമോളും സംഘവും ഒരുക്കിയ  ദൃശ്യാവിഷ‌്കാരം ആകർഷകമായി. നർമത്തിൽ ചാലിച്ച അവതരണത്തിലൂടെ  പ്രമുഖ ചലച്ചിത്ര–-മിമിക്രി താരം ജയരാജ‌് വാര്യർ പരിപാടിയെ പ്രിയതരമാക്കി. 

 

 

ഉദ‌്ഘാടനചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് അധ്യക്ഷനായി. മന്ത്രി എം എം മണി, ജസ‌്റ്റിസ‌് കെ ടി തോമസ‌് എന്നിവർ അനുമോദന പ്രഭാഷണം നടത്തി. ചീഫ‌് എഡിറ്റർ പി രാജീവ‌്,   സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ദേശാഭിമാനി റസിഡന്റ‌് എഡിറ്റർ പി എം മനോജ‌്,  എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ‌്ണൻ, കെ സുരേഷ‌് കുറുപ്പ‌്, രാജു എബ്രഹാം, സി കെ ആശ,  വീണാ ജോർജ‌്, നഗരസഭാ ചെയർപേഴ‌്സൺ പി ആർ സോന, ഒഡീസിയ ഡയറക്ടർ പി ഷിബി, ഐസിഎൽ സിഎംഡി കെ ജി അനിൽകുമാർ,  ബിലീവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ചെയർമാൻ സിജോ പന്തപ്പള്ളിൽ, അവൈറ്റിസ‌് ഹോസ‌്പിറ്റൽസ‌് എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ശാന്തി പ്രമോദ‌് മരങ്ങാട്ട‌് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ വി എൻ വാസവൻ സ്വാഗതവും ദേശാഭിമാനി കോട്ടയം യൂണിറ്റ‌് മാനേജർ രഞ‌്ജിത്ത‌് വിശ്വം നന്ദിയും പറഞ്ഞു. പരസ്യവിഭാഗം അസിസ‌്റ്റന്റ‌് മാനേജർ ഗോപൻ നമ്പാട്ട‌് വിജയികളെ പരിചയപ്പെടുത്തി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top