29 March Wednesday

ജനാധിപത്യ രാഷ്‌ട്രീയ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ദേശാഭിമാനിക്ക് നിർണായകപങ്ക്: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Wednesday Jan 18, 2023


തിരുവനന്തപുരം
രാജ്യത്തെ മത ഫാസിസ്റ്റ് രാജ്യമാക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തിൽ ദേശാഭിമാനിക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനി 80–-ാം വാർഷികങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽനിന്ന് സാമൂഹ്യവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള മാറ്റം അനിവാര്യമാണ്. ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ദേശാഭിമാനിക്ക് നിർണായക പങ്ക്‌ നിർവഹിക്കാനുണ്ട്. വിവിധ സമ്മർദങ്ങൾ അതിജീവിച്ചാണ് ദേശാഭിമാനി വളർന്നത്. സാമൂഹ്യഘടനയെ മാറ്റിയെഴുതാനുള ശ്രമമാണ് ഇന്ന് നടക്കുന്നത്. പുതിയ ദിശയിലേക്ക് സമൂഹത്തെ നടത്തുമ്പോൾ അതിനെതിരായ അവബോധം സൃഷ്ടിക്കാൻ  ദേശാഭിമാനിക്ക് കടമയുണ്ട്.

കോർപറേറ്റ് വർഗീയ കൂട്ടുകെട്ടാണ് രാജ്യത്ത് നിലനിൽക്കുന്നത്. രാജ്യത്തിന്റെ പകുതി സമ്പത്തും ഒരു ശതമാനത്തിന്റെ കൈവശമാണ്. ഈ കൂട്ടുകെട്ട് ഫാസിസത്തിന്റെ വക്കോളം എത്തിയിരിക്കുന്നു. കേന്ദ്ര സർക്കാർ ഇന്ത്യയെ അമേരിക്കയുടെ ജൂനിയർ പാർട്ണറാക്കി മാറ്റിയിരിക്കുന്നു. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ അമേരിക്കയ്ക്ക് നൽകുന്നത് ഇതിന്റെ ഭാഗമാണ്. ഇത് സാമ്രാജ്യത്വ വിധേയത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും ലക്ഷണമാണ്. കോർപറേറ്റ് വർഗീയശക്തികൾ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു. രണ്ട് പ്രധാന കുത്തകകളാണ് രാജ്യത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. വിദ്വേഷം പടർത്തി ഭിന്നിപ്പിക്കാനാണ്‌ കുത്തകമാധ്യമങ്ങളും ശ്രമിക്കുന്നത്. കോർപറേറ്റ് മാധ്യമ വർഗീയ കൂട്ടുകെട്ടിനെതിരായ പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇവർ നിർമിക്കുന്ന വ്യാജ ചരിത്രം തുറന്നുകാട്ടിയുള്ള ആശയപ്രചാരണം വേണം.
20 വർഷം കഴിഞ്ഞ് ദേശാഭിമാനി 100–-ാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ഫാസിസ്റ്റ് കോർപറേറ്റ് ശക്തികളെ തോൽപ്പിക്കാനും സോഷ്യലിസ്റ്റ് ലോകത്തേക്ക് നയിക്കാനും കഴിയണമെന്നും യെച്ചൂരി പറഞ്ഞു.

 




ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി. മന്ത്രി പി രാജീവ്, സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, എ എ റഹീം എം പി, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top