05 December Thursday

പത്രവുമായി നടന്നു; കൊലവിളിയിലും കൂസാതെ

സജീവൻ ചോറോട്Updated: Thursday Oct 17, 2024

വടകര > ഓർക്കാട്ടേരി മുയിപ്ര അടിനിലംകുനിയിലെ സിൻസി അന്ന്‌ പത്താംക്ലാസിൽ പഠിക്കുകയാണ്‌. ഒരുദിവസം രാവിലെ അച്ഛച്ചൻ അവളോട് ചോദിച്ചു–-‘മോളേ, നിനക്ക്‌ നമ്മുടെ ദേശാഭിമാനി പത്രം വിതരണം ചെയ്യാമോ’?... പാർടി പ്രവർത്തകർക്ക് പൊലീസിന്റെയും ഗുണ്ടകളുടെയും ഭീഷണിയാണ്. ടി പി ചന്ദ്രശേഖരന്റെ കൊലയെ തുടർന്ന് നാട്ടിലാകെ അക്രമം തുടരുന്നു. നാളുകയായി പത്രവിതരണം തടസ്സപ്പെട്ടിരിക്കയാണ്.

ദേശാഭിമാനിക്കെതിരെ നാട്ടിൽ അക്രമിസംഘത്തിന്റെ കൊലവിളിയും. മുയിപ്രയിൽ ദേശാഭിമാനിയെ നാടുകടത്തും എന്നുവരെ ഭീഷണി മുഴക്കി. പത്രം കിട്ടാത്തതിന്റെ വിഷമം പലർക്കുമുണ്ട്. പാർടി ലോക്കൽ കമ്മിറ്റി അംഗമാണ് അച്ഛച്ചൻ പി കെ ബാലൻ. അച്ഛൻ ശശീന്ദ്രൻ പാർടി അംഗവും. പുരുഷന്മാരായ പ്രവർത്തകർ രാവിലെ പുറത്തിറങ്ങിയാൽ പൊലീസ് കൊണ്ടുപോകും.

ഒട്ടുംമടിക്കാതെ സൈക്കിളിൽ പത്രവിതരണം തുടങ്ങി. രാവിലെ ആറോടെ രണ്ടര കിലോമീറ്റർ ചുറ്റളവിൽ പത്രം എത്തിക്കണം. പരിഹാസവും അസഭ്യവർഷവും പതിവായി. നേതാക്കൾ വീട്ടിലെത്തി ധൈര്യം പകർന്നു. മുയിപ്രയിലെ എ കെ ജി മന്ദിരത്തിലാണ് പത്രകെട്ടിറക്കുക. ചില ദിവസങ്ങളിൽ കെട്ടുകൾ നശിപ്പിച്ച നിലയിലാവും. അക്രമ പരമ്പരകളിൽ എ കെ ജി മന്ദിരവും തകർത്തു.

അന്നത്തെ 15കാരിയായ സിൻസിക്കും വീടിനുനേരെയുണ്ടായ അക്രമകഥ പറയാനുണ്ട്. വീട് കത്തിക്കാൻ എത്തിയ സംഘത്തിൽനിന്ന് തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. ഒരുരാത്രി മുഴുവൻ പറമ്പിലെ വാഴത്തോട്ടത്തിൽ പേടിച്ചുവിറച്ച്  കഴിഞ്ഞു. നേരം വെളുത്തപ്പോൾ കരിഞ്ഞ്‌ വിണ്ടുകീറിയ വീടിന്റെ ചുവരുമാത്രം. 2008 മുതൽ നാലുതവണ പാർടി വിരുദ്ധസംഘം വീടാക്രമിച്ചു.

വർഷങ്ങൾക്ക് ശേഷം അന്ന് തെറിവിളിച്ചവരിൽ പലരും തിരിച്ച്‌ പാർടിയിലെത്തിയത്‌ കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്ന് സിൻസി പറഞ്ഞു. കൂടാതെ പത്രത്തിന്റെ കോപ്പിയും നല്ലതോതിൽ കൂടി. സിപിഐ എം എടച്ചേരി കൈരളി ബ്രാഞ്ച്‌ അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറിയുമാണ് സിൻസി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top