26 May Sunday

ഡൽഹി ഹോട്ടലിൽ തീപിടിത്തം : മലയാളികളുടെ മൃതദേഹം ഇന്നെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

ന്യൂഡൽഹി
ഡൽഹി കരോൾ ബാഗിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന‌് മലയാളികളുടെ മൃതദേഹം ബുധനാഴ‌്ച രാവിലെ കൊച്ചിയിലെത്തിക്കും. അർപിത‌് പാലസ‌് ഹോട്ടലിന്റെ അഞ്ചാം നിലയിൽ ചൊവ്വാഴ‌്ച പുലർച്ചെ നാലോടെയാണ‌് തീ പടർന്നത‌്. മൂന്ന്‌ മലയാളികളെ കൂടാതെ രണ്ട‌് വിദേശികളടക്കം 17 പേർ മരിച്ചു. എറണാകുളം ചേരാനല്ലൂർ പനേലിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ നളിനിയമ്മ (86), ഇവരുടെ മൂത്തമകൻപി സി വിദ്യാസാഗർ (60), ഇയാളുടെ സഹോദരി കണയന്നൂർ പഴങ്ങനാട്ട്‌ കളപ്പുരയ്‌ക്കൽ ഉണ്ണിക്കൃഷ്‌ണന്റെ ഭാര്യ പി സി ജയശ്രീ (53) എന്നിവരാണ് മരിച്ച മലയാളികൾ. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ 10 പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബന്ധുവിന്റെ വിവാഹംകൂടി മടങ്ങാനിരുന്നതാണ‌് ഇവർ. മാധുരിയാണ്‌ വിദ്യാസാഗറിന്റെ ഭാര്യ. മകൻ: വിഷ്‌ണു. ഹരിഗോവിന്ദ്‌, ഗൗരിശങ്കർഎന്നിവരാണ്‌ ജയശ്രീയുടെ മക്കൾ. 

രണ്ട‌് തമിഴ്നാട് സ്വദേശികളുടെയും വിനോദ സഞ്ചാരികളായ രണ്ട‌് മ്യാൻമർ സ്വദേശികളുടെയും മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പരിക്കേറ്റ 35ഓളം പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷോർട്ട‌് സർക്യൂട്ടാണ‌് അപകട കാരണമെന്നാണ‌് പ്രാഥമിക വിവരം. 22 ഫയർഫോഴ‌്സ‌് യൂണിറ്റുകൾ ചേർന്ന‌് ഏഴുമണിയോടെ തീ നിയന്ത്രണ വിധേയമാക്കി. നാൽപ്പത് മുറികളുള്ള ഹോട്ടലിന്റെ രണ്ടാംനിലയിൽ നിന്നാണ് തീപടർന്നത്. മരം കൊണ്ടുള്ള കോണിപ്പടികൾക്ക‌് തീപിടിച്ചതോടെ അകത്തു കുടുങ്ങിയവർക്ക‌് രക്ഷപെടാൻ  വഴിയില്ലാതായി. മുകൾനിലയിലെ ഷീറ്റുകൊണ്ട് നിർമിച്ച മേൽക്കൂരയിലേക്ക‌് തീ പടർന്നതോടെ ഭയന്ന‌് താഴേക്ക് ചാടിയ  ഐആർഎസ‌് ഉദ്യോഗസ്ഥനായ സുരേഷ‌് കുമാറും ഒരു ഹോട്ടൽ ജീവനക്കാരനും മരിച്ചു. ആദായ നികുതി അസിസ്‌റ്റന്റ‌് കമ്മീഷ‌്ണറായി ജോലി കിട്ടി എത്തിയ ആളാണ‌് സുരേഷ‌് കുമാർ. മുറിയിൽ മരിച്ചനിലയിൽ ഒരു യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി. പുക ശ്വസിച്ചാണ‌് കൂടുതൽ മരണം. ഹോട്ടലിന് നാലുനിലകൾക്ക് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ.

മുഖ്യമന്ത്രി അരവിന്ദ‌് കേജ‌്‌രിവാൾ മജിസ‌്ട്രേറ്റ‌്തല അന്വേഷണത്തിന‌് ഉത്തരവിട്ടു. മരിച്ചവരുടെ ആശ്രിതർക്ക‌് അഞ്ച‌് ലക്ഷം രൂപയും പ്രഖ്യാപിച്ചു. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബുധനാഴ‌്ച പുലർച്ചെ 5.10ന‌് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിൽ എത്തിക്കുമെന്ന‌് മുഖ്യമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. രാഷ‌്ട്രപതി രാംനാഥ‌് കോവിന്ദ‌്, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവർ അനുശോചിച്ചു.

 


പ്രധാന വാർത്തകൾ
 Top