20 February Wednesday

സ‌്ത്രീകളെ തൊട്ടാൽ കളിമാറും

റഷീദ‌് ആനപ്പുറംUpdated: Monday Jan 14, 2019

തിരുവനന്തപുരം> മുഖംമറച്ച‌് ബൈക്കിൽ പറന്നെത്തിയും ബസിലും ചന്തയിലുംവച്ച‌് ‘തൊട്ടും തലോടി’യും സ‌്ത്രീകളെ ഉപദ്രവിക്കുന്നവർ കരുതിയിരിക്കുക, കിട്ടുന്നത‌് വാങ്ങി മടങ്ങേണ്ടിവരും. 7,00,547 സ‌്ത്രീകൾ ഇതിനുള്ള  കരുത്ത‌് നേടിക്കഴിഞ്ഞു. കേരള പൊലീസിന്റെ സ്വയംപ്രതിരോധ പരിശീലനംവഴിയാണ‌് പിടിച്ചുപറി അടക്കമുള്ള ഏത‌് ആക്രമണവും ചെറുക്കാനുള്ള വിദ്യ ഇവർ സ്വന്തമാക്കിയത‌്.

വിദ്യാർഥിനികൾ, അധ്യാപകർ, ജീവനക്കാർ, വീട്ടമ്മമാർ ഉൾപ്പെടെ എല്ലാ മേഖലയിലുമുള്ളവർ പരിശീലനം നേടി. തിരുവനന്തപുരം നഗരത്തിൽ 1, 07,000 സ‌്ത്രീകളും കൊല്ലം സിറ്റിയിൽ 1,06,385 പേരും പരിശീലനം നേടി. ടെക‌്നോപാർക്ക‌്, ഐഎസ‌്ആർഒ, ആർബിഐ, റെയിൽവേ തുടങ്ങിയ സ്ഥലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥകളടക്കം പരിശീലനം നേടിയവരിൽപ്പെടും.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഈ പദ്ധതി കൂടുതൽ പേരിലേക്ക‌് എത്തിക്കാനുള്ള ഒരുക്കം നടക്കുന്നു.  പൊതുഇടങ്ങളിലും മറ്റും സ‌്ത്രീകൾ ആക്രമണത്തിന‌് ഇരയാകുമ്പോൾ  സ്വയം പ്രതിരോധിക്കാനുള്ള വിദ്യകളാണ‌് പരിശീലിപ്പിക്കുക. അതിക്രമസാഹചര്യം തിരിച്ചറിയാൻ പ്രാപ‌്തരാക്കുക, അത്തരം സാഹചര്യങ്ങളിൽ സ്വയംരക്ഷയ‌്ക്കായുള്ള പ്രതിരോധതന്ത്രങ്ങൾ പരിശീലിപ്പിക്കുക. അതുവഴി സ‌്ത്രീകൾക്ക‌് നിർഭയമായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കുക എന്നിവയാണ‌് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക പരിശീലനം നേടിയ വനിതാ പൊലീസ‌് ഉദ്യോഗസ്ഥരാണ‌് പരിശീലകർ.

അഞ്ചിനും 80നും ഇടയിലുള്ള സ‌്ത്രീകൾക്ക‌് 20 മണിക്കൂർ ക്ലാസാണ‌് നൽകുന്നത‌്. നിയമം, മനഃശാസ‌്ത്രം തുടങ്ങിയവയിലും ക്ലാസ‌് നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, റസിഡന്റ‌്സ‌് അസോസിയേഷനുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തിയാണ‌് പരിശീലനം. ജില്ലകളിൽ സ്ഥാപിച്ച  സെൽഫ‌് ഡിഫൻസ‌് സെന്ററുകളിലെത്തിയും നിരവധിപേർ പരിശീലനം നേടുന്നു.  തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാൽ കോട്ടയത്താണ‌് കൂടുതൽ വനിതകൾ പരിശീലനം നേടിയതെന്ന‌് പദ്ധതിയുടെ മുൻ അക്കാദമിക‌് കോ–- ഓർഡിനേറ്ററും ഇപ്പോൾ  കൺസൾട്ടന്റും പിആർഡി അഡീഷണൽ ഡയറക്ടറുമായ പി എസ‌് രാജശേഖരൻ പറഞ്ഞു. കോട്ടയത്ത‌്  56,949 പേർക്കാണ‌് പരിശീലനം നൽകിയത‌്. കൂടുതലും വിദ്യാർഥികളാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച‌് ഐജി എസ‌് ശ്രീജിത്തിനെ നോഡൽ ഓഫീസറായും പൊലീസ‌് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ‌്കുമാറിനെ  അക്കാദമിക‌് കോ–-ഓർഡിനേറ്ററായും  നിയമിച്ചു.   വിവിധ ഏജൻസികളുടെ സഹകരണത്തോടെ പരിശീലനം കൂടുതൽ പേരിലെത്തിക്കുമെന്ന‌് സംസ്ഥാന പൊലീസ‌് മേധാവി ലോകനാഥ‌് ബെഹ‌്റ പറഞ്ഞു. കുടുംബശ്രീ, എസ‌്എസ‌്എ എന്നിവയെ ഇതിനായി ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ആത്മവിശ്വാസം കൂട്ടും: മുഖ്യമന്ത്രി

വനിതകൾക്ക‌് ആത്മവിശ്വാസം നൽകുന്നതാണ‌്  കേരള പൊലീസിന്റെ സ്വയംപ്രതിരോധ പരിശീലനമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ലിംഗസമത്വ വിഷയത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന‌് ഐക്യരാഷ‌്ട്രസഭയും നീതി അയോഗും ചേർന്ന‌് തയ്യാറാക്കിയ സുസ്ഥിരവികസന ലക്ഷ്യസൂചികയിൽ പറയുന്നു.
സ‌്ത്രീസുരക്ഷയ‌്ക്കും ലിംഗസമത്വം ഉറപ്പ‌ുവരുത്താനും നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നു. അതിന്റെ ഭാഗമായാണ‌് സ്വയം പ്രതിരോധ പരിശീലനപദ്ധതിയെന്നും മുഖ്യമന്ത്രി ഫെയ‌്സ‌്ബുക്കിൽ കുറിച്ചു.


പ്രധാന വാർത്തകൾ
 Top