20 June Thursday

അപകടസ്ഥലത്ത‌് 2 പേരെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടു: വെളിപ്പെടുത്തലിൽ ഉറച്ച‌് കലാഭവൻ സോബി

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

തിരുവനന്തപുരം> വെളിപ്പെടുത്തലിൽ ഉറച്ച‌് കലാഭവൻ സോബി. ബാലഭാസ‌്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത‌് സംശയാസ‌്പദമായി രണ്ടുപേരെ കണ്ടുവെന്ന‌് സോബി ക്രൈംബ്രാഞ്ചിന‌് മൊഴി നൽകി. ബുധനാഴ‌്ച ക്രൈംബ്രാഞ്ച‌് ഓഫീസിൽ  സോബിയെ മൊഴി എടുക്കാൻ വിളിച്ചുവരുത്തുകയായിരുന്നു. അപകടസ്ഥലത്ത‌് നിന്ന‌് ഒരാൾ ഓടുന്നത‌് കണ്ടു. തെറ്റായദിശയിലൂടെ ബൈക്ക‌് യാത്രക്കാരൻ കടന്നുപോയി. കാറിലിരുന്നാണ‌് ഈ ദൃശ്യങ്ങൾ കണ്ടത‌്. കാറിൽനിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ അതിന‌് അനുവദിച്ചില്ല. ഇതേ തുടർന്ന‌് 50 മീറ്റർ മാറി കാർ നിർത്തി. ഈ സമയമാണ‌് രണ്ടുപേരെ സംശയാസ‌്പദ സാഹചര്യത്തിൽ കണ്ടതെന്നും സോബി പറഞ്ഞു.

അതേസമയം ബാലഭാസ‌്കറിന്റെ ഭാര്യ ലക്ഷ‌്മിയേയും പാലക്കാട്ടെ ആശുപത്രി നടത്തിപ്പുകാരി അപായപ്പെടുത്തുമെന്ന‌് ഭയന്നിരുന്നതായി ബാലഭാസ‌്കറിന്റെ അച്ഛൻ ഉണ്ണി. ഇക്കാര്യം ചൂണ്ടിക്കാട്ടി  പൊലീസിൽ പരാതി നൽകിയിരുന്നതായും കെ സി ഉണ്ണി പറഞ്ഞു. ബാലഭാസ‌്കറിന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുമായി പ്രകാശ‌്തമ്പി തന്റെ മൊബൈൽഫോൺ ബന്ധിപ്പിച്ചിരുന്നു. സാമ്പത്തിക താൽപ്പര്യമാണ‌് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരിക്കും പ്രകാശ‌്തമ്പിക്കും വിഷ‌്ണുവിനും ഉണ്ടായിരുന്നത‌്.

ബാലഭാസ‌്കറിന്റെ മരണശേഷം പൂജപ്പുരയിലെ വസതിയിൽ പാലക്കാട്ടെ സ‌്ത്രീ വന്നത‌് എതിർത്തിരുന്നു. ലക്ഷ‌്മിയെ ശുശ്രൂഷിക്കാൻ എന്നാണ‌് അന്ന‌് അവർ കാരണം പറഞ്ഞത‌്. എന്നാൽ ഇതിന‌് വീട്ടിൽ ആവശ്യത്തിന‌് ആളുകൾ ഉണ്ടെന്ന‌് താൻ പറഞ്ഞു. ലക്ഷ‌്മിക്കും അവരെക്കുറിച്ച‌് മുന്നറിയിപ്പ‌് നൽകി. അതോടെയാണ‌് അവർ പിന്നീട‌് ഇവിടേക്ക‌് വരാതായത‌്. പൊലീസിനോട‌് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു. ബാലഭാസ‌്കറിന്റെ മരണവുമായി ബന്ധപ്പെട്ട‌് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയും ഭർത്താവും പറഞ്ഞ കാര്യങ്ങൾ വസ‌്തുതാവിരുദ്ധമാണെന്നും ഉണ്ണി ‘ദേശാഭിമാനി’യോട‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top