കൊച്ചി> കമ്പനിയിൽ ചേർന്ന് നാല് മാസത്തിനുള്ളിൽ തന്റെ മകൾ അമിത ജോലി ഭാരം മൂലം മരിച്ചുവെന്നും അവളുടെ സംസ്‌കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്ന് ആരും പങ്കെടുത്തില്ലെന്ന് ആരോപിച്ച് അന്ന സെബാസ്റ്റ്യന്റെ അമ്മയെഴുതിയ തുറന്ന കത്ത് വൈറലായി. മകൾ ജോലിചെയ്തിരുന്ന പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ (ഇവൈ) ചെയര്‍മാന് അയച്ച ഹൃദയഭേദകമായ കത്താണ് വൈറലായത്. മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യന്‍ ആണ് ജൂലൈ 20ന് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്.
അമിത ജോലിയെ മഹത്വവത്കരിക്കുന്ന തൊഴില്‍ സംസ്കാരത്തെ തിരുത്താന്‍ കമ്പനി തയ്യാറാകണം. ജോലിയെടുക്കുന്ന മനുഷ്യരെ അവഗണിക്കാതെ അവരെ മനുഷ്യരായി പരിഗണിക്കാൻ ശ്രമിക്കണം. തന്റെ മകളുടെ മരണം അതിനുള്ള ഒരു പാഠമായിരിക്കാൻ ആഗ്രഹിക്കുന്നതായും കത്തിൽ പറഞ്ഞു. മകളുടെ മരണം തന്റെ ആത്മാവിനെയാണ് തകർത്തത്. എന്നാൽ മറ്റൊരു കുടുംബത്തിനും തന്റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന പ്രതീക്ഷയിലാണ് ഈ കത്തെന്ന് ഇവൈ ചെയർമാൻ രാജീവ് മേമനിക്കെഴുതിയ കത്തിൽ അന്ന സെബാസ്റ്റ്യന്റെ അമ്മ അനിത അഗസ്റ്റിൻ പറഞ്ഞു.
നവംബര്‍ 23ന് സിഎ പരീക്ഷ പാസായ ശേഷം മാര്‍ച്ച് 19നാണ് അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചേരുന്നത്. ജോലയിൽ പ്രവേശിച്ച് നാലുമാസത്തിനുള്ളിൽ അന്ന സെബാസ്റ്റ്യൻ കമ്പനിയിലെ അമിത ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവും കാരണം മരിക്കുകയായിരുന്നു.
കത്തിനെ തുടർന്ന് അന്നയുടെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് ഇവൈ അന്നയുടെ കുടുംബത്തിന് അനുശോചന സന്ദേശം അയച്ചു. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രാധാന്യം നൽകുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി സന്ദേശത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..