തൃശൂർ > ജില്ലയിൽ മഴ ശക്തമായി തുടരുന്നതോടെ ഡാമുകളിൽ ജലനിരപ്പ് മെച്ചപ്പെടുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോഴും വലിയ കുറവാണ്. പീച്ചിയിൽ 71.06 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 26 ശതമാനം മാത്രമാണ് ഇപ്പോഴും വെള്ളം. വാഴാനിയിൽ 52.59 മീറ്ററാണ് ജലനിരപ്പ്. 37 ശതമാനമാണ് ജലം.
ചിമ്മിനി ഡാമിൽ 60.81 മീറ്ററാണ് ജലനിരപ്പ്. 36 ശതമാനമാണ് ജലം. കേരള ഷോളയാറിൽ 2659.50. 29 അടിയാണ് ജലനിരപ്പ്. ശേഷിയുടെ 94.51 ശതമാനമാണ് ജലം. പൊരിങ്ങൽക്കുത്തിൽ 418. 20 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 51.25 ശതമാനമാണ് ജലം. കാലവർഷക്കണക്കുപ്രകാരം ജൂൺ ഒന്നു മുതൽ സെപ്‌തംബർ 18 വരെ തൃശൂർ ജില്ലയിൽ 2028.4 മില്ലിമീറ്റർ മഴ ശരാശരി ലഭിക്കാറുണ്ട്. എന്നാൽ ഈ വർഷം അത് 1090.4 മില്ലിമീറ്ററായി കുറഞ്ഞു. ന്യൂനമർദത്തെത്തുടർന്ന് ഒരാഴ്‌ചയായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. എന്നാൽ 46 ശതമാനം മഴയുടെ കുറവുണ്ട്.
ഷോളയാറിൽ
ഓറഞ്ച് അലർട്ട്
ശക്തമായ മഴയെത്തുടർന്നുള്ള നീരൊഴുക്കും തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ വെള്ളം എത്തുന്നതും കാരണം കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2660 അടിയായി ഉയർന്നു. ഈ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതിന്റെ മുന്നോടിയായി രണ്ടാംഘട്ട മുന്നറിയിപ്പെന്ന നിലയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..