14 July Tuesday

‘നിസർഗ’; മഴ കനക്കും ; 9 ജില്ലയിൽ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020



തിരുവനന്തപുരം
അറബിക്കടലിൽ ലക്ഷദ്വീപിനും തെക്കൻ കർണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്‌ചയോടെ ചുഴലിക്കാറ്റായി മാറും. കേരളത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത്‌  വ്യാഴാഴ്‌ചവരെ കനത്ത മഴ ലഭിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ‌ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. ‌

‘നിസർഗ’ എന്ന്‌ പേരിട്ട ചുഴലിക്കാറ്റ്‌ ചൊവ്വാഴ്‌ചയോടെ വടക്ക്‌ ദിശയിൽ നീങ്ങി മഹാരാഷ്‌ട്രയ്‌ക്കും ഗുജറാത്തിനുമിടയിൽ കരതൊടും. അറബിക്കടലിന്റെ താപനില 31 ഡിഗ്രി ആയതിനാൽ ചുഴലിക്കാറ്റിന്‌ തീവ്രത കൂടാനും സാധ്യതയുണ്ട്‌. കേരളത്തിനൊപ്പം ലക്ഷദ്വീപ്‌, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും. 45 മുതൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌‌ മുന്നറിയിപ്പുണ്ട്‌.  

തെക്ക്‌ പടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്‌ച കേരളത്തിലെത്തുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിസർഗ ചുഴലിക്കാറ്റ്‌ വടക്കോട്ട്‌ നീങ്ങുന്നതോടെ കേരളത്തിൽ മഴ കുറയുമെന്നും കാലാവസ്ഥാ ശാസ്‌ത്രജ്‌ഞർ പറയുന്നു.
 


പ്രധാന വാർത്തകൾ
 Top