03 December Tuesday

വെർച്വൽ അറസ്റ്റ്; യുവതിയിൽ നിന്ന് തട്ടിയത് 60,000 രൂപ

സ്വന്തം ലേഖകൻUpdated: Friday Nov 1, 2024

തിരുവനന്തപുരം > മുംബൈ കോടതിയുടെ പേരിൽ വ്യാജ സമൻസ് അയച്ച്‌ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തി യുവതിയുടെ 60,723 രൂപ തട്ടി. പാലക്കാട് സ്വദേശിനി നാലാഞ്ചിറ ഹീരാ ക്ലാസിക് ഫ്ലാറ്റിലെ ഇരുപത്തേഴുകാരിയിൽനിന്നാണ് പണം തട്ടിയെടുത്തത്. ബുധൻ പകൽ 11.30ന് യുവതിയുടെ ഫോണിലേക്ക്‌ 8770679132 എന്ന നമ്പരിൽനിന്നായിരുന്നു സമൻസുണ്ടെന്ന ശബ്ദസന്ദേശം എത്തിയത്.

ഐസിഐസിഐ ബാങ്കിലെ യുവതിയുടെ അക്കൗണ്ടു വഴി  25 ലക്ഷം രൂപയുടെ അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്നും അതിൽ മുംബൈ ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വെർച്വൽ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു സന്ദേശം. തനിക്ക് അങ്ങനെ ഒരു അക്കൗണ്ടില്ലെന്ന്‌ യുവതി മറുപടി നൽകിയെങ്കിലും കേസ് മുംബൈ സൈബർ പൊലീസിന് കൈമാറുകയാണെന്ന് പിന്നീട് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി. സൈബർ പൊലീസാണെന്ന് തെറ്റിദ്ധരിച്ച യുവതി അവർ ആവശ്യപ്പെട്ടതനുസരിച്ച്‌ ആധാർ കാർഡ് അയച്ചുകൊടുത്തു. തുടർന്ന്‌ മുംബൈ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ സമൻസിന്റെയും അറസ്റ്റിന്റെയും പകർപ്പ് അയച്ച് നൽകി. 25 ലക്ഷം രൂപയുടെ അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്ന് അവരും വിശ്വസിച്ചു.

തുടർന്ന് യുവതിയുടെ പേരിൽ ബാങ്കിലുള്ള മുഴുവൻ തുകയും ഗൂഗിൾ പേ വഴി അയച്ചുകൊടുക്കാനും നിർദേശിച്ചു. വിശദമായ പരിശോധനകൾക്കുശേഷം തുക മടക്കി അയക്കുമെന്ന ഉറപ്പും നൽകി. ഇതോടെ യുവതി കോഴിക്കോട് എസ്ബിഐ മെഡിക്കൽ കോളേജ് ബ്രാഞ്ചിലെ അക്കൗണ്ടിലുള്ള 60,723 രൂപ ഗൂഗിൾ പേ വഴി യുപിഐ ഐഡിവഴി അയച്ച് നൽകി. തുക തിരികെ കിട്ടാതായതോടെയാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്‌. പൊലീസ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top