26 March Tuesday

സംഘപരിവാർ സൈബർ ആക്രമണം: ശ്രീകുമാരൻ തമ്പി നിയമ നടപടിക്ക‌്

പ്രത്യേക ലേഖകൻUpdated: Monday Jan 7, 2019

അഭിമാനത്തിനു ക്ഷതമേൽക്കുന്ന രീതിയിൽ സംഘപരിവാർ നടത്തുന്ന  സൈബർ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന‌്  സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു.  ഫേസ‌്ബുക്കിലെ തന്റെ  5000 സുഹ‌ൃത്തുക്കളുടെയും 31,000 ഫോളോവേഴ്സിന്റെയും അറിവിലേക്ക് എന്നു പറഞ്ഞാണ‌് ശ്രീകുമാരൻ തമ്പി  ഈ വിവരം അറിയിച്ചത‌്.

  "ഹർത്താലിനോട് എനിക്ക് യോജിപ്പില്ല .അത് അന്യായമാണ്. അധാർമികമാണ‌്’ എന്നു പറഞ്ഞ‌്  നവംബർ 17 ന‌്   അദ്ദേഹം ഫേസ‌്ബുക്കിലിട്ട  പോസ‌്റ്റിന്റെ  പേരിലാണ‌് സൈബർ ആക്രമണം. 

നിർദോഷകരമായ ഒരു പോസ‌്റ്റിനുള്ള മറുപടി എന്ന പോലെ ‘ക‌ൃഷ‌്ണ മുരളി’  എന്ന ആൾ അയാളുടെ വാളിൽ എഴുതിയ വരികൾ തന്നെ അപകീർത്തിപ്പെടുത്തുന്നതായിരുന്നുവെങ്കിലും  താൻ ക്ഷമിച്ചു. എന്നാൽ ഇതിനു പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടെന്നു  കഴിഞ്ഞദിവസം ബോധ്യമായെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.  

ക‌ൃഷ‌്ണമുരളിയുടെ സുഹ‌ൃത്തായ വ്യക്തി  ബിജെപിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളിൽ തനിക്കെതിരെ അപകീർത്തികരമായ പോസ‌്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്നതായി  പരിചയക്കാർ അറിയിച്ചു.  അതുകൊണ്ട്  ക‌ൃഷ‌്ണമുരളിയെ അൺഫ്രണ്ട‌് ചെയ‌്തു.

അഭിമാനത്തിന് മുറിവേൽക്കുന്ന പ്രശ്നമായതു കൊണ്ട് ഇയാളുടെയും ഇയാളുടെ പിന്നിലുള്ള സുഹ‌ൃത്തിന്റെയും പേരിൽ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു

അയ്യപ്പനെക്കുറിച്ച‌് മലയാളത്തിൽ വന്ന ഏറ്റവും വലിയ സിനിമയായ സ്വാമി അയ്യപ്പന്റെ തിരക്കഥയും സംഭാഷണവും എഴുതിയ  തന്നെയാണ‌് അയ്യപ്പ വിരോധിയും ഹിന്ദു വിരോധിയുമായി ചിത്രീകരിച്ചിരിക്കുന്നതെന്ന‌് ക‌ൃഷ‌്ണനുണ്ണിക്ക‌് എഴുതിയ കത്തിൽ  ശ്രീകുമാരൻ തമ്പി പറഞ്ഞു. 

ചിത്രത്തിലെ രണ്ടു പാട്ടുകളും താനാണ് എഴുതിയത്. ആ ചിത്രത്തിന്റെ ലാഭം കൊണ്ടാണ് തന്റെ ഗുരുനാഥനായ മെറിലാൻഡ് സുബ്രഹ്മണ്യം പമ്പയിൽ സ്വാമി അയ്യപ്പൻ റോഡും അയ്യപ്പന്മാർക്കു വിശ്രമിക്കാൻ ഷെഡുകളും മറ്റും നിർമിച്ചത്.

"അവാർഡുകൾക്ക് വേണ്ടി താൻ മാർക‌്സിസ‌്റ്റ‌് പാർടിയുടെ പിന്നാലെ നടക്കുന്നു എന്ന് പറഞ്ഞത് തനിക്ക് മാനനഷ‌്ടം ഉണ്ടാക്കുന്നതാണ്. ഒരിക്കലും ഒരു പാർടിയുടെയും സംഘടനയുടെയും സ്ഥാപനത്തിന്റെയും പിന്നാലെ അവാർഡുകൾക്കു വേണ്ടി നടന്നിട്ടില്ല. സാംസ‌്കാരിക മന്ത്രി എ കെ ബാലൻ തിരുവനന്തപുരത്ത് " സത്യൻ സ‌്മാരക’ ത്തിന്റെ ഉദ്ഘാടനവേളയിലെ  പ്രസംഗത്തിൽ ഇക്കാര്യം എടുത്തുപറഞ്ഞു.

ഭാരതത്തിന്റെ സഞ്ചിത സംസ‌്കാരത്തിൽ വിശ്വസിക്കുന്ന തനിക്ക് ഒരേ സമയം നല്ല ഹിന്ദുവും നല്ല മാർക‌്സിസ‌്റ്റ‌് അനുഭാവിയുമായി ജീവിക്കാൻ സാധിക്കും.  കാരണം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന് പറഞ്ഞവനാണ് യഥാർത്ഥ ഹിന്ദു.

അഖില ലോക തൊഴിലാളികളേ സംഘടിക്കുവിൻ....എല്ലാവർക്കും തുല്യനീതി ലഭിക്കട്ടെ എന്ന് പറയുന്നവനാണ് യഥാർത്ഥ മാർക‌്സിസ‌്റ്റ‌്. നല്ല ഹിന്ദുവും നല്ല മാർക‌്സിസ‌്റ്റും തീർച്ചയായും നല്ല മനുഷ്യരാവണം. താൻ മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും കൂടെയാണ് .

സ‌്ത്രീ പുരുഷ സമത്വം സമൂഹത്തിന്റെ എല്ലാ മേഖലകളിലും വരണം. രാഷ്രീയത്തിലും അത് അത്യന്താപേക്ഷിതമാണ്. സ‌്ത്രീ വിമോചനം വിഷയമാക്കി  35–-ാമത്തെ വയസിൽ ‘മോഹിനിയാട്ടം' എന്ന സിനിമ എഴുതി നിർമിച്ച് സംവിധാനം ചെയ‌്ത ആളാണ് താൻ . ഒരിക്കലും തനിക്ക‌് സ‌്ത്രീ വിരോധി ആകാൻ സാധ്യമല്ല –- ശ്രീകുമാരൻ തമ്പി കത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top