19 September Saturday

എന്തേ, ഇതൊന്നും വ്യക്തിഹത്യയല്ലേ ; പ്രതിപക്ഷത്തിന്റെ മിണ്ടാട്ടം മുട്ടിച്ച്‌, നാല്‌ കോൺഗ്രസ്‌ എംഎൽഎമാരുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

തിരുവനന്തപുരം > സൈബർ ആക്രമണത്തിന്റെ പേരിൽ രാഷ്‌ട്രീയലക്ഷ്യത്തോടെ രംഗത്തെത്തിയ പ്രതിപക്ഷത്തിന്റെ മിണ്ടാട്ടം മുട്ടിച്ച്‌, നാല്‌ കോൺഗ്രസ്‌ എംഎൽഎമാരുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌. വി ഡി സതീശൻ, വി ടി ബൽറാം, എൽദോസ്‌ കുന്നപ്പിള്ളി, കെ എസ്‌ ശബരീനാഥൻ എന്നിവർ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അശ്ലീല പരാമർശവും നടത്തിയത്‌ സൈബറിടങ്ങളിൽ വ്യാപക ചർച്ചയാണ്‌. 

എംഎൽഎയുടെ വെരിഫൈഡ്‌ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ത്രീയെയും കുടുംബത്തെയും തെറിവിളിച്ച കേസിൽ വി ഡി സതീശനെതിരെ പൊലീസും ദേശീയ മനുഷ്യാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്‌. മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സതീശനിട്ട പോസ്റ്റിനു താഴെ അബ്ദുൾ സലാം എന്നയാൾ കമന്റ്‌ ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് സലാമിന്റെ ഭാര്യക്കും ഉമ്മയ്‌ക്കുമെതിരെ കേട്ടാലറയ്‌ക്കുന്ന അശ്ലീലഭാഷയിൽ എംഎൽഎയുടെ വെരിഫൈഡ്‌ പേജിൽനിന്ന് തെറിവിളിച്ചത്.


 

സാഹിത്യകാരി കെ ആർ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‌ മറുപടിയായാണ്‌ വി ടി ബൽറാം അസഭ്യച്ചുവയുള്ള കമന്റിട്ടത്‌. പോ മോളേ ‘മീരേ' എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പംപോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർഥിക്കുന്നു. ടൈപ്‌ ചെയ്യുമ്പോൾ
പ്രത്യേകം ശ്രദ്ധിക്കണം–- ഇതായിരുന്നു കമന്റ്‌. എ കെ ജിയെ ബാലപീഡകൻ എന്ന്‌ മുമ്പ്‌ ബൽറാം വിളിച്ചതും ഏറെ വിവാദമായിരുന്നു.


 

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച്‌ എഫ്‌ബിയിൽ പ്രത്യക്ഷപ്പെട്ട എൽദോസ്‌ കുന്നപ്പിള്ളിയുടെ പോസ്റ്റും സാമൂഹ്യമാധ്യമങ്ങളിൽ വിമർശത്തിന് ഇടയാക്കി. കോവിഡ് രോഗികളുടെ ഡാറ്റാ ശേഖരണം സ്പ്രിംക്ലറിന് നൽകിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ മകളുടെ ഇടപെടലുണ്ടെന്ന് ആരോപിച്ച എംഎൽഎ, ദുരുദ്ദേശ്യപരമായ പല പരാമർശങ്ങളും നടത്തി. കൂടുതൽ വിവരങ്ങൾ തന്റെ കൈയിലുണ്ടെന്നും ഉടൻ പുറത്തുവിടുമെന്നും പറഞ്ഞ എൽദോസ്‌ പിന്നെ ആ വഴി വന്നില്ല.


 

കോവിഡ്‌ പ്രതിരോധ കാലത്ത്‌ അനാവശ്യ വിവാദമുണ്ടാക്കുന്ന കോൺഗ്രസ്‌ നിലപാടിനെതിരെ പ്രതികരിച്ചതിന്‌ സാഹിത്യകാരൻ ബന്യാമിനെതിരെയും സൈബർ അക്രമണമുണ്ടായി. കെ എസ്‌ ശബരീനാഥൻ എംഎൽഎയാണ്‌ അതിന്‌‌ നേതൃത്വം നൽകിയത്‌. ‘സർക്കാരിനെതിരെ പ്രതികരിച്ചില്ലെങ്കിൽ "ആസ്ഥാനകവി" എന്ന പേരായിരിക്കും ബന്യാമിന്‌ ലഭിക്കുക.  ചിലരെ വാഴ്ത്താൻ  സെലക്ടിവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആർക്കും ഭൂഷണമല്ല’ –- ബന്യാമിനെ അവഹേളിക്കാൻ ശബരീനാഥ്‌ ഇട്ട പോസ്‌റ്റ്‌ ഇങ്ങനെ തുടരുന്നു.

മോർഫിങ്ങുമായി നേതാക്കളും
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തെപ്പോലും കോൺഗ്രസ്‌ ഉന്നതനേതാക്കൾ മോർഫ്‌ ചെയ്‌ത ചിത്രത്തിലൂടെ അധിക്ഷേപിച്ചു.  വിവാഹഫോട്ടോയിൽ മോർഫിങ്‌ നടത്തി പ്രചരിപ്പിച്ചത്‌ കോൺഗ്രസ്‌ നേതാക്കൾ നേരിട്ടാണ്‌. കൊല്ലം ഡിസിസി പ്രസിഡന്റ്‌ ബിന്ദു കൃഷ്‌ണ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സുനിൽ എന്നിവർ സ്വന്തം അക്കൗണ്ടിൽനിന്നാണ്‌ പോസ്റ്റ് ചെയ്‌തത്‌.


 

ദമ്പതികൾക്കൊപ്പം മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ പിയുടെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്‌താണ്‌ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന‌യുടെ മുഖം ചേർത്തുവച്ചത്‌. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌നയും എത്തിയിരുന്നു എന്ന്‌ വരുത്താനായിരുന്നു വ്യാജമായി ചിത്രമുണ്ടാക്കിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top