25 August Sunday

യുഡിഎഫ‌് കാലത്ത‌് കസ‌്റ്റഡി മരണം 13; ഒരു ഉദ്യോഗസ്ഥനെതിരെയും കേസെടുത്തില്ല

റഷീദ‌് ആനപ്പുറംUpdated: Friday Jul 5, 2019

തിരുവനന്തപുരം > രാജ‌്കുമാറിന്റെ മരണത്തിന്റെ മറവിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കാൻ നേതൃത്വം നൽകുന്ന പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും കൂട്ടരും  മറച്ചുവയ‌്ക്കുന്നത‌്  തങ്ങളുടെ ഭരണകാലത്ത‌് നടന്ന 13 പൊലീസ‌് കസ‌്റ്റഡി മരണം. ഒരു യുവതിയടക്കം 13പേർ പൊലീസ‌്  കസ‌്റ്റഡിയിൽ  മരിച്ചിട്ടും ഒരു ഉദ്യോഗസ്ഥനെതിരെയും അന്ന‌്  കേസെടുത്തില്ല. മരിച്ച  13 പേരുടെ വിശദ പട്ടിക ആഭ്യന്തരമന്ത്രിയായ രമേശ‌് ചെന്നിത്തലതന്നെ  നിയമസഭയിൽ സമർപ്പിച്ചതും ചരിത്രം.

 

എം ഹംസ എംഎൽഎയുടെ ചോദ്യത്തിന‌് ഉത്തരമായി 2015 ജൂലൈ 22നാണ‌് കസ‌്റ്റഡി മരണത്തിന്റെ വിശദ റിപ്പോർട്ട‌്  സഭയിൽ സമർപ്പിച്ചത‌്.  വ്യാഴാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയൻ  ഇക്കാര്യം സഭയിൽ ചൂണ്ടിക്കാണിച്ചെങ്കിലും  ചെന്നിത്തല ഒരക്ഷരം മിണ്ടിയില്ല. 

യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് സംസ്ഥാന പൊലീസ‌് മേധാവിയായിരുന്ന ടി പി സെൻകുമാർ കസ‌്റ്റഡി മരണത്തിന്റെ വിശദ റിപ്പോർട്ട‌് ആഭ്യന്തര അഡീഷണൽ ചീഫ‌് സെക്രട്ടറിക്ക‌്  സമർപ്പിച്ചിരുന്നു.  യുഡിഎഫ‌് സർക്കാർ വന്നശേഷം സംസ്ഥാനത്ത‌് ആകെ 13 കസ‌്റ്റഡി മരണം നടന്നതായി റിപ്പോർട്ടിലുണ്ട‌്. മരിച്ചവരുടെ പേര‌്, സ‌്റ്റേഷൻ, ക്രൈംനമ്പർ, മരിച്ച ദിവസം, മരണസ്ഥലം, മരണകാരണം, നിയമപരമായും വകുപ്പുതലത്തിലും സ്വീകരിച്ച നടപടി എന്നിവ അതിൽ പറഞ്ഞിട്ടുണ്ട‌്.  അഞ്ച‌് കസ‌്റ്റഡി മരണത്തിൽ പൊലീസുകാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.  ചിലതിൽ  പൊലീസുകാരെ സ്ഥലംമാറ്റുക മാത്രമാണ‌് ചെയ‌്തത‌്. എം ഹംസയുടെ ചോദ്യത്തിന‌് നൽകിയ ഉത്തരത്തിൽ പൊലീസ‌് മേധാവിയുടെ ഈ റിപ്പോർട്ടും അനുബന്ധമായി ചേർത്തിട്ടുണ്ട‌്.

യുഡിഎഫ‌് സർക്കാരിന്റെ തുടക്കത്തിൽ ഉമ്മൻചാണ്ടിക്കായിരുന്നു ആഭ്യന്തരവകുപ്പ‌്. പിന്നീട‌് തിരുവഞ്ചൂർ രാധാകൃഷ്ണന‌് കൈമാറി. കെപിസിസി പ്രസിഡന്റ‌് സ്ഥാനം പോയതോടെ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി. 2014 ജനുവരി ഒന്നിനായിരുന്നു അദ്ദേഹം മന്ത്രിയായി ചുമതലലേയറ്റത‌്. ഇതിന‌് ശേഷമാണ‌് എട്ടുപേർ പൊലീസ‌് കസ‌്റ്റഡിയിൽ മരിച്ചത‌്.

തിരുവനന്തപുരം  രാജാജി നഗർ കോളനിയിലെ സുജിത‌് എന്ന ജിത്തു,   തൊളിക്കോട‌് ചെറ്റച്ചൽ സ്വദേശി   അൻസാരി,വീടുവളഞ്ഞ‌് പൊലീസ‌് പിടിച്ചുകൊണ്ടുപോയ വിഷമത്തിൽ കഴക്കൂട്ടം ആറ്റുംകുഴി സ്വദേശി രാധാകൃഷ‌്ണൻ,  ഭാര്യ,   മകൾ  എന്നിവർ ആത്മഹത്യ ചെയ‌്തതും യുഡിഎഫ‌് ഭരണത്തിലാണ‌്. പാറശാല പൊലീസ‌് കസ‌്റ്റഡിയിൽ ‌എടുത്ത ശ്രീജീവ‌് ആശുപത്രിയിൽ മരിച്ചതും യുഡിഎഫ‌് കാലത്തുതന്നെ.


പ്രധാന വാർത്തകൾ
 Top