19 September Thursday

കുസാറ്റിലെ സുരക്ഷാ വീഴ്ച്ച: വിദ്യാര്‍ഥികള്‍ പരാതി നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

കൊച്ചി > കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സുരക്ഷാവീഴ്ച്ചക്കെതിരെ ഗവേഷക വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് പരാതി നല്‍കി. ഓള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്സ് അസോസിയേഷന്‍ കുസാറ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗവേഷകര്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും നിവേദനം നല്‍കിയത്.

സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയെ ക്യാമ്പസിനകത്ത് വെച്ച് അപരിചിതനായ ഒരാള്‍ ലൈംഗികമായി അപമാനിക്കുവാന്‍ ശ്രമിച്ചിരുന്നു. ജൂലൈ 21ന് വൈകീട്ട് മൂന്നേ നാല്‍പ്പതിനോടടുപ്പിച്ചാണ് യൂണിവേഴ്സിറ്റി ലൈബ്രറിയുടെ സമീപത്തുള്ള റോഡിലൂടെ ഒറ്റക്ക് നടന്നു വരികയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

നഗ്‌നതാ പ്രദര്‍ശനം നടത്തിയയാളെ വിദ്യാര്‍ത്ഥിനിയും ആ സമയത്ത് അതുവഴി വന്ന നാല് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യൂണിവേഴ്സിറ്റി സെന്‍ട്രല്‍ ലൈബ്രറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നില്‍ ഹാജരാക്കിയിട്ടും പ്രശ്നത്തെ നിസാരവത്കരിച്ച് അക്രമിയെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന നിലപാടായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്‍ സ്വീകരിച്ചത്.

സംഭവസ്ഥലത്തുണ്ടായിരുന്ന യൂണിവേഴ്സിറ്റി ലൈബ്രറി ജീവനക്കാര്‍ ഇതെല്ലാം കണ്ടിട്ടും ലൈബ്രറി അടക്കാനുള്ള സമയമായെന്ന് പറഞ്ഞ് വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാതെ മാറി നിന്നതും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി.

ഇതിന് മുമ്പ് പല പെണ്‍കുട്ടികള്‍ക്ക് നേരെയും ഇയാള്‍ ഇതേ മാതൃകയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും അപമാനഭയം മൂലം ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല എന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

സര്‍വകലാശാല ക്യാമ്പസിന് ചുറ്റുമതില്‍ ഇല്ലാത്തത് മൂലം വഴിപോക്കരും സാമൂഹ്യദ്രോഹികളും ഡിപ്പാര്‍ട്ട്മെന്റിനകത്തേക്ക് പോലും നിര്‍ബാധം കയറിയിറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജൂലൈ 16ന് രാത്രി പത്ത് മണിയോടടുപ്പിച്ച് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഒരാള്‍ മതില്‍ ചാടിക്കടന്ന് കയറിയതും വിദ്യാര്‍ത്ഥിനികളെ ഏറെ പരിഭ്രാന്തരാക്കിയിരുന്നു.

സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി സര്‍വകലാശാല ക്യാമ്പസിന് വേണ്ടത്ര ഉയരത്തില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്നും മുഴുവന്‍ സമയ സെക്യൂരിറ്റിക്കാരെ നിയമിച്ചും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചും രാത്രി പട്രോളിംഗ് ഏര്‍പ്പെടുത്തിയും ക്യാംപസിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഗവേഷക വിദ്യാര്‍ത്ഥികള്‍ അധികാരികളോട് ആവശ്യപ്പെട്ടു. 


പ്രധാന വാർത്തകൾ
 Top