21 November Thursday

നോട്ട് ക്ഷാമം: സംഘര്‍ഷാവസ്ഥ; വടക്കൻ ജില്ലകളിൽ നിരവധി ബാങ്കുകള്‍ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2016

ഫയൽ ചിത്രം

കോഴിക്കോട്/ മലപ്പുറം > നിക്ഷേപം പിന്‍വലിക്കാന്‍ എത്തുന്നവര്‍ക്ക് നല്‍കാന്‍ നോട്ട് ഇല്ലാതായതോടെ സംസ്ഥാനത്ത് വിവിധ ബാങ്കുകളില്‍ സംഘര്‍ഷാവസ്ഥ. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിരവധി ബാങ്കുകള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടി. പല ബാങ്ക് ശാഖകള്‍ക്ക് മുന്നിലും വലിയ ആള്‍ക്കൂട്ടവും പ്രതിഷേധവും തുടരുന്നു. ബാങ്ക് ജീവനക്കാര്‍ ഭീതിയിലാണ്.

നോട്ടുക്ഷാമം കാരണം പണം നല്‍കാനാവുന്നില്ലെന്നാണ് ബാങ്കുകളുടെ വിശദീകരണം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കുള്‍പ്പെടെ പണം പിന്‍വലിക്കാനെത്തുന്നവര്‍ ക്ഷുഭിതരാവുന്നതും സംഘടിച്ച് ബാങ്കുകള്‍ ഉപരോധിക്കുന്നതും ജീവനക്കാരെ പൂട്ടിയിടുന്നതും വിവിധ ജില്ലകളില്‍നിന്ന് ഇന്ന് രാവിലെയും റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഴിക്കോട് തൊട്ടില്‍പ്പാലം, പയ്യോളി കനറാ ബാങ്കുകള്‍ നിക്ഷേപകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തില്‍ അടച്ചിട്ടിരിക്കുകയാണ്. തൊട്ടില്‍പ്പാലത്ത് നാട്ടുകാര്‍ ബാങ്ക് മാനേജറെ തടഞ്ഞുവെച്ചു. പയ്യോളി ശാഖ തുറക്കാന്‍ അനുവദിച്ചിട്ടില്ല. പ്രദേശത്തെ എടിഎമ്മുകളിലും പണമില്ലാതായതോടെ ജനം രോഷാകുലരാണ്. പൊലീസും ജനപ്രതിനിധികളും രംഗത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി, കുന്നുംപുറം, തിരൂര്‍, രാമപുരം, താനൂര്‍, വൈലത്തൂര്‍ തുടങ്ങി വിവിധ കനറാബാങ്ക് ശാഖകള്‍ പ്രതിഷേധം കാരണം പൂട്ടി. കണ്ണൂരില്‍ പയ്യങ്ങാടി കനറാബാങ്ക് ശാഖയും അടച്ചു. പല ബാങ്ക് ശാഖകള്‍ക്ക് മുന്നിലും ആളുകള്‍ സംഘടിച്ചിരിക്കുകയാണ്.

ബാങ്കുകളില്‍ എപ്പോള്‍ പണം എത്തുമെന്നോ നിക്ഷേപകര്‍ക്ക് പണം എപ്പോള്‍ നല്‍കാന്‍ കഴിയുമെന്നോ വ്യക്തതയില്ല എന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്. വൈകിട്ടോടെ പണം ലഭ്യമായേക്കും എന്നും എന്നാല്‍ ഇതില്‍ ഉറപ്പില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

വടക്കൻ ജില്ലകളിലെ ലീഡ് ബാങ്കുകളിൽ ഒന്നായ കനറാ ബാങ്കിനാണ് ഗ്രാമീണ്‍ ബാങ്കുകള്‍ക്ക് പണം നല്‍കേണ്ട ചുമതല. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദ സാഹചര്യം നേരിടാന്‍ ആവശ്യമായ സംവിധാനം കനാറാ ബാങ്കിനില്ല. സംസ്ഥാനത്ത് കനറാബാങ്കിന് 10 കറന്‍സി ചെസ്റ്റുകളാണ് ഉള്ളത്. ഇത് കണക്കാക്കിയാണ് റിസര്‍വ് ബാങ്ക് പണം അനുവദിക്കുക. എസ്‌ബിടിക്ക് 60 കറന്‍സി ചെസ്റ്റുകള്‍ ഉള്ളത്. 10 കറന്‍സി ചെസ്റ്റുകള്‍ മാത്രമുള്ള കനറാബാങ്ക് സ്വന്തം ശാഖകളിലെത്തിക്കാന്‍പോലും നോട്ടുകളില്ലാതെ കഷ്ടപ്പെടുന്നതിനിടയില്‍ സ്പോണ്‍സര്‍ഷിപ്പിലുള്ള ബാങ്കിന് നല്‍കാന്‍ പണം കണ്ടെത്തുന്നതെങ്ങിനെയെന്ന ചോദ്യവുമുയരുന്നു.

നോട്ട് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൈവശമുള്ള തുക നിഷേപകര്‍ക്ക് വീതിച്ചു നല്‍കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. ഇക്കാരണത്താല്‍ അങ്കൌണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന 24000 രൂപ നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ല. 10000, 5000 രൂപ മാത്രം പിന്‍വലിക്കാന്‍ നിക്ഷേപകരോട് ആവശ്യപ്പെടുന്നതും സംഘര്‍ഷത്തിനിടയാക്കുന്നു. ജന്‍ധന്‍ അക്കൌണ്ടുകളില്‍ നിന്ന് 5000 രൂപ മാത്രമാണ് പിന്‍വലിക്കാന്‍ അനുവദിക്കുന്നത്.

ആവശ്യത്തിന് നോട്ടുകളെത്താതായതോടെ ഗ്രാമീണ്‍ബാങ്കിന്റെ ചില ശാഖകളില്‍ നാട്ടുകാര്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിവരെയുണ്ടായി. ഒടുവില്‍ പൊലീസ് സംരക്ഷണയില്‍ ജോലി ചെയ്യേണ്ടിവന്നു. കെജിബിയുടെ മലപ്പുറം ജില്ലയിലെ താനൂര്‍ ശാഖയിലും കോഴിക്കോട് ജില്ലയിലെ മരുതംകരയിലും സമാനമായ സംഭവങ്ങളുണ്ടായി. കോഴിക്കോട് പേരാമ്പ്രയലും നാദാപുരത്തും ശാഖകള്‍ നോട്ടില്ലാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയുമുണ്ടായി.

ബാങ്കില്‍ അക്കൌണ്ടുള്ളവര്‍ക്ക് അനുവദനീയമായ തുക പിന്‍വലിക്കുമ്പോള്‍ നല്‍കാനുള്ള നോട്ടുകള്‍ പോലും കെജിബിയില്‍ എത്തുന്നില്ല. 500,1000 രൂപ നോടുകള്‍ അസാധുവാക്കി 22 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കേരളത്തിലെ എല്ലാ ശാഖകളിലേക്കമായി റിസര്‍വ് ബാങ്ക് എത്തിച്ചത് 200 കോടി രൂപയുടെ നോട്ടുകള്‍ മാത്രം.
കേരളത്തിലെ കുടുംബശ്രീകളുടെയും തൊഴിലുറപ്പുജോലിക്കാരുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയുമൊക്കെ അക്കൌണ്ടുകളും ജന്‍ധന്‍ അക്കൌണ്ടുകളുമാണ് കെജിബിയില്‍ 80 ശതമാനവും.

കറന്‍സി ലഭ്യതക്കുറവ് മൂലം സര്‍ക്കാര്‍/ആര്‍ബിഐ പ്രഖ്യാപിച്ച 24000/ രൂപ ഇടപാടുകാര്‍ക്ക് കൊടുക്കുന്നതിന് പോലും സാധിക്കുന്നില്ലെന്ന് ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ പറഞ്ഞു. കറന്‍സി നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അധിക സമയവും അവധി ദിവസവും പണിയെടുത്തവരാണ് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍. നാട്ടുകാര്‍ക്ക് ഇതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ബാങ്ക് ജീവനക്കാര്‍ കുറ്റക്കാരല്ല. ഈ സാഹചര്യം മനസ്സിലാക്കി ബാങ്ക് ജീവനക്കാരോട് സഹകരിക്കണമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ കറന്‍സി നോട്ടുകള്‍ എത്തിക്കുന്നതിന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top