26 March Sunday

സാംസ്‌കാരികാധിനിവേശം സംഗീതത്തിലും ശക്തം: കൊസെനാറ്റി കൊയ്‌ള

കെ ഗിരീഷ്‌Updated: Sunday Feb 5, 2023

തൃശൂർ
തനത്‌ സംഗീതം അതിന്റെ നിലനിൽപ്പിനുവേണ്ടി പൊരുതേണ്ട കാലമാണെന്ന്‌  സൗത്ത്‌ ആഫ്രിക്കൻ സംഗീതജ്ഞനും സംഗീത  ഗവേഷകനുമായ  കൊസെനാറ്റി കൊയ്‌ള. വിവിധ സംഗീതോപകരണങ്ങളിൽ വിദഗ്‌ധനും ആഫ്രിക്കൻ സംഗീതത്തിന്റെ ആത്മീയധാരയെക്കുറിച്ചും ആഫ്രിക്കൻ –-ഏഷ്യൻ സംഗീതോപകരണങ്ങളുടെ സമാനതകളെക്കുറിച്ചുമുള്ള അന്വേഷകനുമായ കൊയ്‌ള, ഇറ്റ്‌ഫോക്കിൽ അരങ്ങേറുന്ന ‘സാംസൺ’ നാടകസംഘത്തോടൊപ്പമാണ്‌ തൃശൂരിലെത്തിയത്‌.

കോളനിവൽക്കരണത്തോടെയാണ്‌ തനത്‌ സംഗീതത്തിന്‌ വെല്ലുവിളികൾ രൂപപ്പെട്ടത്‌. ജനപ്രിയ സംഗീതമെന്ന പേരിൽ തനത്‌ സംഗീതരൂപത്തെ അടിമുടി അട്ടിമറിച്ചു.  വൈവിധ്യവും അപൂർവവുമായ  സംഗീതോപകരണങ്ങളാൽ സമൃദ്ധമാണ്‌ ആഫ്രിക്ക. എന്നാലിത്‌ അടിമുടി മാറ്റപ്പെട്ടു. ജനപ്രിയതയുടെ പേരിൽ അവരുടെ സംഗീതോപകരണങ്ങൾ പകരം പ്രതിഷ്‌ഠിച്ചു. മാത്രമല്ല, പുതുതലമുറയെ ഇതാണ്‌ സംഗീതമെന്ന്‌ ചൊല്ലിപ്പഠിപ്പിച്ചു.

ഇതൊന്നും സംഗീതത്തിലെ മാത്രം പ്രശ്‌നമല്ല,  സാംസ്‌കാരികാധിനിവേശത്തിന്റെ പ്രശ്‌നമാണ്‌. ദക്ഷിണാഫ്രിക്കയുടെ മാത്രം പ്രശ്‌നമല്ല, കോളനിഭരണത്തിനു കീഴിലുള്ള സമസ്‌ത സമൂഹത്തിന്റെയും പ്രശ്‌നമാണ്‌. സംഗീതം ജീവിതത്തിൽ അലിഞ്ഞ സമൂഹമാണ്‌ ആഫ്രിക്കയിലേത്‌. അവബോധത്തിനായി എക്കാലത്തും ഞങ്ങൾ സംഗീതം ഉപയോഗിച്ചിരുന്നു. പ്രാർഥനകളിൽ ക്ലാസിക്കൽ സംഗീതമെന്നപോലെ ഓരോ അവസരങ്ങളിലും അതതു സംഗീതരൂപങ്ങളുണ്ടായി.

പക്ഷേ, ഇന്ന്‌ സ്വാഭാവികമായും അത്‌ ശബ്ദമില്ലാത്തവരുടെ ശബ്ദമായി. കേവലം ആലാപനം മാത്രമല്ല, വലിയ താളവാദ്യങ്ങളോടൊപ്പം ഉറഞ്ഞാടുന്ന ശരീരത്തിന്റെ പ്രതിരോധവുമുണ്ടായി. എന്നാൽ ഇപ്പോൾ ഈ സംഗീതത്തിന്റെ വേര്‌ അന്വേഷിച്ചുപോകേണ്ട നിലയിലാണ്‌.
 
സ്വയം അങ്ങനെയല്ലെങ്കിലും സംഗീതത്തിന്‌ ഒരു രാഷ്‌ട്രീയ ആയുധമാകാൻ കഴിയും. എന്തിന്‌, ആര്‌ ഉപയോഗിക്കുന്നു എന്നതിനനുസൃതമായാണ്‌ അതിന്റെ ലക്ഷ്യം മാറുന്നത്‌. കാരണം, ശബ്ദം ഏറ്റവും മൂർച്ചയുള്ള പ്രതിരോധായുധമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top