04 December Sunday

ബിമലിന്‌ പൊൻകുഞ്ഞ്‌ 
ഈ കാക്കക്കുഞ്ഞ്‌

ഏറം ഷാജിUpdated: Friday Oct 7, 2022

ബിമലിന്റെ കൈയിലിരുന്ന് വെള്ളം കുടിക്കുന്ന കേശുക്കാക്ക

അഞ്ചൽ > മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന നായ, പൂച്ച തുടങ്ങിയവയെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ, ഒരു കവലയിലെത്തുന്ന ആളുകളെല്ലാമായി കൂട്ടുകൂടുന്ന കുഞ്ഞൻ കാക്കയുണ്ടെങ്കിലോ... അധികം ദൂരേക്കൊന്നും പോകേണ്ട. ഇടമുളയ്‌ക്കൽ കൈപ്പള്ളി ജങ്‌ഷനിലേക്കു വന്നാൽ മതി... ഇവിടെ എത്തുന്ന പതിവുകാർക്കൊപ്പം കൂട്ടുകൂടി കടത്തിണ്ണയിലിരിക്കുന്ന ‘കേശു’വെന്ന കുഞ്ഞൻകാക്കയെ കാണാം. ആഹാരവും വെള്ളവും ആവശ്യമുള്ളപ്പോൾ കേശു കാണിക്കുന്ന അടയാളങ്ങളും ഇവിടുത്തെ കൂട്ടുകാർക്കറിയാം. ‘കേശു എവിടെ പോയി’ –- കേശുവിനെ പരിസരത്ത്‌ കണ്ടില്ലെങ്കിൽ കൂട്ടുകാരെ എന്നപോൽ തിരക്കുന്ന പതിവുകാരാണ്‌ കവലയിലുള്ളത്‌.
 
കൈപ്പള്ളി ജങ്‌ഷനിൽ ‘ബിച്ചു ബേക്കറി’ നടത്തുന്ന ബിമലിന്‌ (വിനോദ്) 10 മാസം മുമ്പാണ്‌ കേശുവിനെ കിട്ടിയത്‌. ബേക്കറിയുടെ എതിർവശത്തെ തെങ്ങിലെ ഓല വെട്ടുന്നതിനിടെ കാക്കക്കൂട് താഴെവീണു. ഇതിൽ മൂന്ന് കുഞ്ഞുങ്ങളുണ്ടായിരുന്നു. ബിമൽ നോക്കിയപ്പോൾ പറക്കാനാകാത്തതിനാൽ രണ്ടു കുഞ്ഞുങ്ങൾ ചത്തിരുന്നു. ഒരെണ്ണം കിടന്നു പിടയുകയായിരുന്നു. ഈ കാക്കക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്ന് വെള്ളവും ആഹാരവും നൽകി പരിചരിച്ചു. സാധാരണ കാക്കക്കുഞ്ഞുങ്ങളെ എടുത്താൽ മറ്റു കാക്കകൾ ബഹളംവച്ച് ആക്രമിക്കുകയാണ്‌ പതിവ്‌. എന്നാൽ, ബിമൽ കാക്കക്കുഞ്ഞിനെ എടുത്തപ്പോൾ ബഹളംവയ്ക്കുകയോ കൊത്താൻ വരികയോ ഉണ്ടായില്ല. പകരം ബേക്കറിയോടു ചേർന്ന ബദാംമരത്തിൽ കൂടുവച്ചു സഹായിച്ചു. ഇത് കുഞ്ഞൻകാക്കയുടെ അച്ഛനമ്മമാരാണെന്നാണ് ബിമൽ പറയുന്നത്.
 
വലുതായി കഴിയുമ്പോൾ പറന്നുപോകുമെന്നു കരുതിയാണ്‌ പരിചരിച്ചത്‌. എന്നാൽ, പറക്കമുറ്റിയിട്ടും കാക്ക ബിമലിനെ വിട്ടുപോയില്ല. തന്നോടു കൂട്ടുകൂടിയ കാക്കക്കുഞ്ഞിന്‌ ബിമൽ, കേശു എന്ന പേരുമിട്ടു. ‘കേശൂ...  ഇവിടെ വാ’ എന്നു വിളിച്ചാൽ പറന്നുവന്ന് ബിമലിന്റെ കൈയിലോ തോളിലോ ഇരിക്കും. ആളില്ലാത്തപ്പോൾ കടയുടെ സംരക്ഷണവും കേശുവിനാണ്‌. ആരെങ്കിലും അതിക്രമിച്ചു കടയിൽ കയറിയെന്നു തോന്നിയാൽ പറന്നുവന്ന്‌ കൊത്തും.
 
ബിമലിന്റെ ബേക്കറിയോട് ചേർന്ന മുറിയിലാണ് കേശു രാത്രി കഴിയുന്നത്. ബിമൽ രാത്രി വിളക്കണച്ച് പോകുമ്പോൾ കേശു ഉറക്കത്തിലാകും. രാവിലെ കട തുറക്കാൻ താമസിച്ചാൽ കതകിനു മുകളിലത്തെ കിളിവാതിലിലൂടെ പുറത്തിറങ്ങും. അടുത്തുള്ള തുറന്ന കടകളിലൊക്കെ പോയിരിക്കും. അടുത്തിടെ കതക് അടച്ചപ്പോൾ കേശുവിന്റെ കാലിൽ തട്ടി. വേദനിച്ചതോടെ കേശു കാൽ ഉയർത്തി കരഞ്ഞു. വിക്‌സ് പുരട്ടി കാലിൽ തടവിക്കൊടുത്തപ്പോൾ സമധാനമായി ഇരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്‌തതായി ബിമൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top