15 August Monday

വിമർശനം ഭരണകൂടത്തിനെതിരെ; വാർത്തകൾ വളച്ചൊടിച്ചതെന്ന് മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


തിരുവനന്തപുരം
ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്ത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവരാണ്‌ താനും തന്റെ പ്രസ്ഥാനവുമെന്ന്‌ മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.

‘‘മല്ലപ്പള്ളിയിൽ പാർടി പരിപാടിയിൽ നടത്തിയ പ്രസംഗം ഭരണഘടനയെ വിമർശിച്ചു എന്നതരത്തിൽ മാധ്യമങ്ങൾ വളച്ചൊടിച്ചു. ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുന്നുവെന്ന വസ്തുതയാണ്‌ പറഞ്ഞത്‌. അത്‌ തെറ്റായി വ്യാഖ്യാനിക്കാൻ ഇടവന്നതിൽ ഖേദമുണ്ട്‌, ദുഃ ഖമുണ്ട്‌.’’ ഭരണഘടനാലംഘനം നടത്തിയെന്ന വാർത്തകൾക്കും പ്രതിപക്ഷ വിമർശങ്ങൾക്കും മറുപടി പറയുകയായിരുന്നു മന്ത്രി. 

‘‘തൊഴിലവകാശ നിയമങ്ങളെല്ലാം റദ്ദാക്കി ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവയ്ക്കും.  ഈ നയങ്ങൾ ഭരണഘടനയുടെ അന്തഃസത്ത തകർക്കുന്നു എന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവർക്കും ഉറപ്പുവരുത്തണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുന്നുണ്ട്. എന്നാൽ, അതിനായി കോടതിയെ സമീപിക്കാനാകില്ല. ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ നിർദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർധിക്കുന്ന അസമത്വത്തിനെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാകില്ല. ഈ ആശങ്ക എന്റേതായ വാക്കുകളിൽ പ്രകടിപ്പിക്കുകയാണ്‌ പ്രസംഗത്തിൽ ചെയ്തത്‌.  ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടേയില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും മഹാഭൂരിപക്ഷത്തിനും സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നുവെന്ന യാഥാർഥ്യം ചൂണ്ടിക്കാണിക്കുകകയായിരുന്നു.

അതേസമയം, നിർദേശകതത്വങ്ങൾക്ക് ഊടും പാവും നൽകുന്ന നിയമനിർമാണം നടത്താൻ ശ്രമിച്ച ഇടതുപക്ഷ സർക്കാരുകളെ ഭരണഘടന ദുരുപയോഗം ചെയ്ത്‌ അട്ടിമറിച്ച അനുഭവം മുന്നിലുണ്ട്.  ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ ഘടന എന്നിവ കടുത്ത വെല്ലുവിളി നേരിടുകയാണ്‌.  ഇക്കാര്യങ്ങൾ ശക്തിയായി അവതരിപ്പിച്ചപ്പോൾ ഏതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ ഇടവന്നെങ്കിൽ ഖേദിക്കുന്നു–- മന്ത്രി പറഞ്ഞു.

ദുർവ്യാഖ്യാനം, ലക്ഷ്യം മുതലെടുപ്പ്‌
മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിച്ചതിനെ തുടർന്ന്‌ മുതലെടുപ്പിനും അതുവഴി സംസ്ഥാനത്ത്‌ സംഘർഷത്തിനും പ്രതിപക്ഷ ശ്രമം. ഭരണഘടനയെ അവമതിച്ചിട്ടില്ലെന്നും ഭരണഘടന നിർദേശിക്കുന്ന അവകാശങ്ങൾ ജനങ്ങൾക്ക്‌ ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾക്ക്‌ കഴിയുന്നില്ലെന്നാണ്‌ ഉദ്ദേശിച്ചതെന്നും മന്ത്രി ആവർത്തിച്ച്‌ വ്യക്തമാക്കി. അത്തരത്തിൽ വ്യാഖ്യാനിക്കാൻ ഇടവന്നതിൽ ഖേദിക്കുന്നുവെന്നും തുറന്ന മനസ്സോടെ മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇത്‌ മുഖവിലയ്‌ക്കെടുക്കാതെ പ്രതിപക്ഷവും ബിജെപിയും അവസരം മുതലെടുക്കാനാണ്‌ ശ്രമിക്കുന്നത്‌.

വിമർശിക്കണമെന്നും കാലത്തിനനുസരിച്ച്‌ മാറ്റംവരുത്തണമെന്നും ഭരണഘടനയിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ്‌ നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്‌. ഭരണഘടനയോടുള്ള അനാദരവായി മന്ത്രിയുടെ പ്രസംഗത്തെ കാണാനാകില്ലെന്ന്‌ ലോക്‌സഭാ മുൻസെക്രട്ടറി ജനറൽ പിഡിടി ആചാരിയും പ്രതികരിച്ചു. ഭരണഘടനയെ വിമർശിക്കാം. പക്ഷേ, മന്ത്രി എന്ന നിലയിൽ ഇത്തരം പരാമർശം ഒഴിവാക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. മന്ത്രി ഖേദം രേഖപ്പെടുത്തിയതോടെ ചർച്ച അവസാനിപ്പിക്കേണ്ടതാണ്‌.

ചാനലിൽ വാർത്തവന്നതോടെ ആസൂത്രിതമെന്നപോലെയായിരുന്നു നീക്കങ്ങൾ. രാജിവച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞപ്പോൾ പ്രക്ഷോഭത്തിലൂടെ നേരിടുമെന്നായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
ചെങ്ങന്നൂരിലടക്കം സംഘർഷമുണ്ടാക്കാനും ശ്രമമുണ്ടായി. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപിക്കാർ ഗവർണർ ആരിഫ്‌  മൊഹമ്മദ്‌ഖാന്‌ പരാതി നൽകി. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്‌ നിർദേശിക്കുക മാത്രമാണ്‌ ഗവർണർ ചെയ്തത്‌.

കഴിഞ്ഞ സർക്കാരിൽ കിഫ്‌ബിയെക്കുറിച്ച്‌ സിഎജി പരാമർശം വന്നപ്പോഴും മന്ത്രി ആർ ബിന്ദുവിന്റെ സത്യപ്രതിജ്ഞയെക്കുറിച്ചും പ്രതിപക്ഷം വിവാദമുണ്ടാക്കിയതും ഭരണഘടനാ ലംഘനമെന്നു പറഞ്ഞാണ്‌. എന്നാൽ, കോടതി അംഗീകരിച്ചില്ല. വെളിപ്പെടുത്തൽ നാടകങ്ങളും അക്രമസമരങ്ങളും ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്ന്‌ മനസ്സിലാക്കിയതോടെയാണ്‌ വീണുകിട്ടിയ അവസരം മുതലെടുക്കാനുള്ള പ്രതിപക്ഷ, ബിജെപി ശ്രമമെന്നും വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top