18 May Tuesday
കേസിൽ കക്ഷികളല്ലാത്ത ഉന്നത 
വ്യക്തികൾക്കെതിരായ വിവരങ്ങൾ 
ഹർജിക്കൊപ്പം ഹാജരാക്കിയതിന്‌ 
ഇഡിക്ക്‌ കോടതിയുടെ രൂക്ഷ വിമർശം

ഇഡിക്കെതിരായ തെളിവുകൾ വിചാരണക്കോടതിക്ക്‌ നൽകണം ; ക്രൈംബ്രാഞ്ചിന്റെ കേസ്‌ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021

കൊച്ചി
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌‌ ഭീഷണിപ്പെടുത്തിയെന്ന സന്ദീപ് നായരുടെ മൊഴിയിൽ  ക്രൈംബ്രാഞ്ച്‌ ശേഖരിച്ച തെളിവുകൾ വിചാരണക്കോടതിക്ക്‌ കൈമാറാൻ‌ ഹൈക്കോടതി നിർദേശം.  കള്ളത്തെളിവുകൾ നൽകുന്നതിനെതിരെ നടപടിയെടുക്കേണ്ടത്‌ വിചാരണക്കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന്‌ ഇ ഡി നടപടിക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. പൊലീസിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങൾക്കല്ല കേസ്‌ രജിസ്റ്റർ ചെയ്തതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്‌.

ക്രൈംബ്രാഞ്ച് അന്വേഷകസംഘം ശേഖരിച്ച രേഖകളും തെളിവുകളും മുദ്രവച്ച കവറിൽ വിചാരണക്കോടതിക്ക് കൈമാറണം. ഇതിനുപുറമെ മറ്റ് വിവരങ്ങൾ ഉണ്ടെങ്കിൽ അതുംകൂടി പരിഗണിച്ചാകണം വിചാരണക്കോടതി നടപടി സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ കക്ഷികളല്ലാത്ത ഉന്നത വ്യക്തികൾക്കെതിരായ വിവരങ്ങൾ ഹർജിക്കൊപ്പം ഹാജരാക്കിയ ഇഡി ഉദ്യോഗസ്ഥന്റെ നടപടിയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇഡിക്ക്‌ ലഭിച്ച പരാതിയുടെ ഭാഗമായിരുന്നു ഇത്തരം വിശദാംശങ്ങളെന്ന ഹർജിക്കാരന്റെ വാദം കോടതി തള്ളി. പരാതിയുടെ പൂർണരൂപം ഹാജരാക്കാതെ ചില കാര്യങ്ങൾ മാത്രം ഹർജിയോടൊപ്പം ഹാജരാക്കിയത് ശരിയല്ല. സ്വർണക്കടത്ത് കേസിൽ മുഖമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലിരിക്കെ ഭീഷണിപ്പെടുത്തിയെന്ന പരാതി വിചാരണക്കോടതി മുമ്പാകെ സന്ദീപ് ഉന്നയിച്ചിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത കേസ് വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ  മുൻകൂർ അനുമതി ഇല്ലാതെയാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്നും കോടതി പറഞ്ഞു. 

ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ സമർപ്പിച്ച ഹർജികളിലാണ് കോടതി നടപടി.  മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്ന സുരേഷിനെയും ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ചാണ്‌ രണ്ട് കേസ്‌ രജിസ്റ്റർ ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top