21 March Thursday

കേരളമനസ്സ‌് എൽഡിഎഫിനൊപ്പം; അപ് ഫ്രണ്ട് സ്റ്റോറീസ്-സിആർ ആൻഡ‌് സി പഠനം

സ്വന്തം ലേഖകൻUpdated: Saturday Feb 23, 2019

തിരുവനന്തപുരം  > നാലുവർഷത്തിനിടെ കേരളത്തിലെ വോട്ടർമാരുടെ രാഷ‌്ട്രീയ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നും ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ വോട്ട് വർധിച്ചതായും പഠനം. വിവിധ മാധ്യമങ്ങളുടെ സർവേകളിൽനിന്ന് വ്യത്യസ്‌തമായി ഉപതെരഞ്ഞെടുപ്പുകളിൽ പോൾ ചെയ്‌ത വോട്ടിന്റെ അടിസ്ഥാനത്തിൽ അപ് ഫ്രണ്ട് സ്റ്റോറീസും സിആർ ആൻഡ‌് സിയും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരിക്കും മുൻതൂക്കമെന്നും പഠനം സൂചിപ്പിക്കുന്നു.

കേരളത്തിലെ 30 തദ്ദേശ വാർഡിലെ ഉപതെരഞ്ഞെടുപ്പുഫലം വിശകലനംചെയ്താൽ കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ നിലപാടിൽ കഴിഞ്ഞ നാല് വർഷത്തിനിടയ്ക്ക‌് കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 12 ജില്ലയിലായി വിവിധ ഭാഗങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകൾ. തെക്കൻ കേരളത്തിൽനിന്നുള്ള എട്ട് വാർഡും മധ്യകേരളത്തിൽ ഏഴ് വാർഡും ഉത്തര കേരളത്തിൽ 15 വാർഡും ഇതിൽ ഉൾപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയനിലപാട് എന്തായിരിക്കുമെന്ന് സൂചിപ്പിക്കുന്ന പരിശോധനയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാമെന്നും പഠനം വിലയിരുത്തുന്നു.

ആകെ പോൾ ചെയ്‌ത 56,860 വോട്ടിൽ 45.02 ശതമാനം (25,698 വോട്ട‌്) എൽഡിഎഫിനും 38.05 ശതമാനം (21,868 വോട്ട‌്) യുഡിഎഫിനും 12.07ശതമാനം (7,203) വോട്ട‌് ബിജെപി മുന്നണിക്കും ലഭിച്ചു. 2015ൽ ഇതേ വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 58,228 വോട്ടാണ്. 1368 വോട്ട‌് കൂടുതൽ. അന്ന് എൽഡിഎഫിന് 44.03 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് 38.08 ശതമാനവും ബിജെപി മുന്നണിക്ക് 12.07 ശതമാനവുമാണ് ലഭിച്ചത്. എൽഡിഎഫിന് 2015നെ അപേക്ഷിച്ച‌് 0.9 ശതമാനം വോട്ടുകൾ അധികം ലഭിച്ചപ്പോൾ യുഡിഎഫിന്റെ വിഹിതത്തിൽ 0.3 ശതമാനം കുറവ് വന്നു. ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചില്ല. മുന്നണികൾക്ക് ലഭിച്ച വോട്ടുവിഹിതത്തിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ല. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ നടത്തിയതടക്കം മുൻകാലങ്ങളിൽ അയ്യായിരമോ അതിൽ താഴെയോ ആളുകളെ കണ്ടാണ്‌ വിവിധ ഏജൻസികൾ സർവേ നടത്തിയിരുന്നത്‌.

പ്രവചനമല്ല അരലക്ഷം വോട്ട്‌

അഖിൽ ഭരതൻ (ഐഐടി മദ്രാസ്

2019 ഫെബ്രുവരി 14ന‌് 30 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ എൽഡിഎഫിന‌് 44.3 ശതമാനം, യുഡിഎഫിന‌് 38.8  ശതമാനം,  ബിജെപി സംഖ്യത്തിന‌് 12.7  ശതമാനം  എന്നിങ്ങനെ വോട്ട് ലഭിച്ചതായി കാണാം. 2015ൽനിന്നു‌ം കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന്  വ്യക്തം. എൽഡിഎഫിന്റെ  0.9  ശതമാനം വോട്ടു  വർധനയും യുഡിഎഫിന്റെ 0.3 ശതമാനം  കുറവും തെറ്റിനുള്ള സാധ്യത എന്ന ഗണത്തിൽ ഉൾപ്പെടുത്താം. ഇതിനർഥം കേരളത്തിൽ പൊതു രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ ഇല്ല എന്നാണ്. ബിജെപിയുടെ സംസ്ഥാനതല വോട്ടു ശതമാനത്തിൽ മാറ്റങ്ങൾ ഒന്നും പ്രകടമല്ല. 

തെരഞ്ഞെടുപ്പ് നടന്ന വാർഡുകളൊക്കെ കേരളത്തിലെ വിവിധ ജില്ലകളിലാണ്. മൊത്തം  56,860 വോട്ടാണ് രേഖപ്പെടുത്തിയത്. വിശകലനത്തിനായി ലഭ്യമായ സാംപിൾ സംസ്ഥാനമാകെ  പടർന്നുകിടക്കുന്നതാണ്, വലുതുമാണ്. 56,860 അഭിപ്രായങ്ങൾ തീർച്ചയായും വലിയ സാംപിളാണ്. ഇങ്ങനെയൊരു സാംപിളിന്റെ വിശകലനം കേരളത്തിൽ ഇന്നു നിലനിൽക്കുന്ന പൊതു അഭിപ്രായത്തിന്റെ  നല്ലൊരു  ചിത്രം നൽകുന്നുണ്ട്.  രേഖപ്പെടുത്തിയ ഫലങ്ങൾ ഉപയോഗിക്കുന്നു എന്നതുതന്നെയാണ് ഈ  വിശകലനത്തിന്റെ ശക്തി.
തെരഞ്ഞെടുപ്പിന്നു മുൻപുള്ള പല സർവേ ഫലങ്ങളുടെയും പ്രശ്നം മിക്കവരും  തെറ്റായി പ്രവചനങ്ങൾ നടത്തുന്നു എന്നതാണ്. ഇതിനു പല കാരണങ്ങളുണ്ട്. ഒന്ന‌്, പലരും തങ്ങളുടെ അഭിപ്രായങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പ‌് പുറത്തുപറയാൻ മടിക്കും. തുറന്നുപറയുന്നവരിൽ പലരും വ്യക്തമായ കക്ഷിരാഷ്ട്രീയമുള്ളവരാകും. കാരണം അവർക്കാണ്  അഭിപ്രായം തുറന്നു പറഞ്ഞതുകൊണ്ട് ഗുണം ലഭിക്കുന്നത്. 

ഇതുകൊണ്ട് വ്യക്തമായ കക്ഷിരാഷ്ട്രീയം കൊണ്ടുനടക്കുന്നവർ കൂടുതലായി പ്രതികരിക്കും.  അല്ലാത്തവർ കുറച്ചുമാത്രവും. ഇങ്ങനെ  ചെയ്യുമ്പോൾ   ലഭ്യമായ കണക്കുകൾ അസന്തുലിതമാകുന്നു. രണ്ട്, തെരഞ്ഞെടുപ്പിന്  മുമ്പേ പലരും അവരുടെ വോട്ട് ആർക്കുനൽകുമെന്ന്  തീരുമാനിച്ചിട്ടുണ്ടാവില്ല.  രണ്ടാമത്തെ പ്രശ്നം രീതിശാസ്ത്രപരമായി പരിഹരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കണം. മറിച്ച് ഒന്നാമത്തെ  പ്രശ്നം   പരിഹരിക്കാൻ  ശ്രമിക്കാവുന്നതാണ്.  

സാംപിളിൽ  കക്ഷിരാഷ്ട്രീയം ഇല്ലാത്തവരുടെ അഭിപ്രായം കൃത്യമായി വിട്ടുപോകാതെ രേഖപ്പെടുത്താൻ കഴിയണം. ഇതിനുള്ള  സാംപിൾ വ്യക്തിപരമായ പക്ഷപാതങ്ങളിൽനിന്നു മുക്തമായിരിക്കണം. ഇതുപോലൊരു സർവേ നടത്തുക ശ്രമകരമാണ്,   ചെലവ് കൂടുതലും.

രാഷ്ട്രീയാഭിമുഖ്യം  ഇല്ലാത്തവർ അഭിപ്രായം പറയാതിരിക്കുന്നതും വ്യക്തമായ രാഷ്ട്രീയാഭിമുഖ്യം ഉള്ളവർ  അഭിപ്രായങ്ങൾ കൂടുതലായി രേഖപ്പെടുത്തുകയും ചെയ്യുന്നു  എന്നതാണ് തെരഞ്ഞെടുപ്പിനുമുമ്പുള്ള മിക്ക  സർവേ ഫലങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നം. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ  നടത്തുന്ന സർവേ ഫലങ്ങൾ പൊതുവെ കുറച്ചുകൂടി വ്യക്തത നൽകാറുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞു ലഭിക്കുന്ന ശതമാനക്കണക്കുകൾ പൊതുവെ വിശ്വാസയോഗ്യമാണെങ്കിലും  ലഭിക്കുന്ന സീറ്റുകൾ തീരുമാനിക്കുക അതീവ ദുഷ്കരമാണ്. തെരഞ്ഞെടുപ്പ്  കഴിയുമ്പോൾ സ്ഥിതിവിവരക്കണക്കിനു പുറത്തുള്ള  വിവരങ്ങളും ലഭ്യമാകും. കക്ഷികളുടെ വിന്യാസം, വോട്ടു കൈമാറ്റ ഉടമ്പടികൾ എന്നിവയെക്കുറിച്ചു  വ്യക്തമായ ധാരണ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ  വോട്ട് ശതമാനം എത്ര,  സീറ്റുകൾ എത്ര  എന്ന‌് അൽപ്പം വ്യക്തതയോടെ അനുമാനിക്കാം.

ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിന്റെ കണക്കുകൾ അഭിപ്രായ സർവേകളേക്കാൾ വ്യക്തത നൽകാൻ കഴിവുള്ളവയാണ്. സംസ്ഥാനമാകമാനം വിന്യസിച്ചു കിടക്കുന്ന പല വാർഡുകൾ , 56,860 വോട്ടർമാർ. വോട്ടു ചെയ്‌ത‌് അവർ  അഭിപ്രായങ്ങൾ അറിയിച്ചുകഴിഞ്ഞു. പ്രാദേശിക വിഷയങ്ങൾ ഓരോ പ്രദേശത്തെയും  ബാധിച്ചിരിക്കുമെങ്കിലും സാംപിൾ വലുതായതുകൊണ്ടും  കേരളത്തിൽ എല്ലാ  ജില്ലയിലും വിന്യസിച്ചു കിടക്കുന്നതുകൊണ്ടും  സംസ്ഥാനതലത്തിൽ ചില നിഗമനങ്ങൾ നടത്താവുന്നതാണ്.

ഈ വാർഡുകൾ സംസ്ഥാനമാകമാനം വിന്യസിച്ചു കിടക്കുന്നതുകൊണ്ടും   ഒരു പ്രത്യേക ജില്ല, മണ്ഡലം എന്നിവയിൽ കേന്ദ്രീകരിക്കാത്തതുകൊണ്ടും ലഭ്യമായ കണക്കിൽനിന്ന‌് ജില്ല, മണ്ഡലം എന്നീ തലങ്ങളിൽ കാര്യമായ നിഗമനങ്ങൾ നടത്താൻ ബുദ്ധിമുട്ടാണ്. എന്നാൽ, സംസ്ഥാനതലത്തിൽ ചില നിഗമനങ്ങൾ നടത്താനും  വടക്ക്, തെക്ക്, മധ്യ കേരളം എന്നു വലിയ വിഭാഗങ്ങളായി ചില വിശകലനം നടത്താനും കഴിയും.

ശബരിമലയുമായി ബന്ധപ്പെട്ടു  നടത്തിയ വർഗീയ പ്രചാരണങ്ങളും അക്രമങ്ങളും  മധ്യ-, തെക്കൻ കേരളത്തിൽ ബിജെപിക്ക‌് നേട്ടമായിട്ടുണ്ട്.   തെക്കൻ കേരളത്തിൽ കോൺഗ്രസിനുണ്ടായ 6.5 ശതമാനത്തിന്റെ കുറവ് ആ പാർടിയെ സംബന്ധിച്ച് അതീവ ഗൗരവതരമാണ്.

അഞ്ച് ശതമാനത്തിന‌ു മുകളിൽ കാണുന്ന ഇടിവായാലും  വർധന ആയാലും  പൊതുവെ പ്രസക്തമായി കരുതണം. ബിജെപിയുടെ വർഗീയ പ്രവർത്തനങ്ങളുടെ കൂടെനിന്നതും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തതും കോൺഗ്രസിന‌്  തെക്കൻ കേരളത്തിൽ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.  തെക്കൻ കേരളത്തിൽ കോൺഗ്രസിന്റെ വോട്ട‌് ബിജെപിക്കു പോയി എന്നുവേണം കരുതാൻ. 

നിപാ, ഓഖി, പ്രളയം എന്നിവ കൈകാര്യം ചെയ്‌ത രീതി  ഇടതുപക്ഷത്തിനു ഗുണകരമായി  എന്നു കരുതാനാകും. വടക്കൻ കേരളത്തിൽ രണ്ട‌് ശതമാനം വോട്ട് വർധന നേടിയ  എൽഡിഎഫിന്   മധ്യ-, തെക്കൻ മേഖലകളിൽ കാര്യമായ ക്ഷതമേറ്റിട്ടില്ല. ശക്തമായ വർഗീയവൽക്കരണവും സർക്കാർ വിരുദ്ധ പ്രചാരണങ്ങളും എൽഡിഎഫിനെ  കാര്യമായി ബാധിച്ചിട്ടില്ല എന്നു കരുതാനാകും.  

 

തെക്ക‌് യുഡിഎഫ‌് വോട്ട‌് ചോർന്നു

ഡോ. ജയകുമാർ സി പിള്ള (സീനിയർ കൺസൾട്ടന്റ്‌  , സിആർ & സി)

മൊത്തം വോട്ടർമാരുടെ ഒരു ചെറിയ സാമ്പിൾ എടുത്തിട്ട് അതിന്റെ അടിസ്ഥനത്തിൽ മൊത്തം വോട്ടർമാർ എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാണ്  തെരഞ്ഞെടുപ്പ്  പ്രവചനം.   ഇവിടെ സാമ്പിളിനു ഉപരിയായി വിവിധ രാഷ്ട്രീയ കക്ഷിക്കൾക്കു ലഭിച്ച വോട്ടുകളാണ് പരിശോധിച്ചത്.   2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ  വോട്ടുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അപഗ്രഥനം. 2015  നെ  അപേക്ഷിച്ചു കാര്യമായ വ്യതിയാനങ്ങൾ ഇല്ല.

തെക്ക്, വടക്ക്, മധ്യ കേരളം എന്നു വിഭജിച്ചു നോക്കിയാൽ ചില മാറ്റങ്ങൾ   കാണാൻ കഴിയും.  എന്നാൽ, സർക്കാരിന്റെ പ്രകടനം വടക്കൻ കേരളത്തിൽ എൽഡിഎഫിന് ഗുണമുണ്ടാക്കി. 

വടക്കൻ കേരളത്തിൽ ശബരിമല പോലുള്ള വിഷയങ്ങൾ  ബാധിച്ചിട്ടില്ലെന്നു കാണാം. മധ്യകേരളത്തിൽ ആം ആദ്മി പോലുള്ള മറ്റു കക്ഷികൾക്ക്  തിരിച്ചടി ഉണ്ടായതാണ‌്  യുഡിഎഫിനും ബിജെപിക്കും നേട്ടമായത്. തെക്കൻ കേരളാത്തിൽ ബിജെപിക്ക് കിട്ടിയ വോട്ടുകൾ യുഡിഎഫിൽ നിന്ന് പോയതാണെന്നും അനുമാനിക്കാം.  

 

ജനങ്ങളുടെ നാഡിമിടിപ്പ‌്

ഡോ. ജെ പ്രഭാഷ‌്

സർവേകളുടെ ഏറ്റവും മൗലികമായ പ്രശ‌്നം നടത്തുന്നവർ സ്വീകരിക്കുന്ന രീതിശാസ‌്ത്രമാണ‌്. ഇക്കാര്യത്തിൽ സംഭവിക്കുന്ന ഒരു ചെറിയ പിഴവുപോലും പ്രവചനത്തെ തീർത്തും അപ്രസക്തമാക്കും. മാത്രമല്ല, സർവേ സമയവും പ്രാധാന്യം അർഹിക്കുന്നു. തെരഞ്ഞെടുപ്പിനോട‌് അടുത്ത ദിനങ്ങളിൽ നടത്തുന്ന സർവേക്കായിരിക്കും  കൃത്യത. പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതും തെരഞ്ഞെടുപ്പ‌് വിഷയങ്ങൾ ഉരുത്തിരിഞ്ഞ‌് വരുന്നതും വോട്ടിങ്ങിന‌് തൊട്ടുമുമ്പുള്ള ആഴ‌്ചകളിലാണ‌്. സമ്മതിദായകർ വോട്ടിങ‌് തീരുമാനത്തിൽ എത്തുന്നത‌് പോളിങ്ങിന‌് തൊട്ടടുത്ത ദിവസങ്ങളിലാണെന്നതും  ചേർത്ത‌് വായിക്കേണ്ടിയിരിക്കുന്നു. പാർടിക്കൂറില്ലാത്ത നിഷ‌്പക്ഷമതികളായ വോട്ടർമാരെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രസക്തി വളരെയേറെയാണ‌്.

അതേസമയം, വോട്ടിങ്ങിന‌് തൊട്ടടുത്ത മാസങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ‌് ഫലങ്ങളുടെ പ്രവചനസ്വഭാവം അവഗണിക്കാനുമാകില്ല. പ്രത്യേകിച്ച‌് ചില അസാധാരണ സാഹചര്യങ്ങളിൽ.

ഇത്തരമൊരസാധാരണ സാഹചര്യത്തിലാണ‌് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ‌് രണ്ടുഘട്ടങ്ങളിലായി കേരളത്തിൽ നടന്നത‌്. ഇതിൽ ആദ്യഘട്ടം കഴിഞ്ഞവർഷം നവംബർ 29ഉം രണ്ടാംഘട്ടം ഈ വർഷം ഫെബ്രുവരി 14ഉം. രണ്ടുഘട്ടങ്ങ‌ളെയും കൂട്ടിയിണക്കിയ ഏറ്റവും വലിയ തെരഞ്ഞെടുപ്പ‌് വിഷയം ശബരിമലയിലെ സ‌്ത്രീപ്രവേശമായിരുന്നു .സുപ്രീംകോടതി വിധി നടപ്പാക്കാൻ കേരള സർക്കാർ എടുത്ത ധീരമായ നിലപാടും ഇതിനെതിരെ സംഘപരിവാർ നടത്തിയ തെരുവ‌് ലഹളയും അതിനെ പരോക്ഷമായി പിന്താങ്ങിയ യുഡിഎഫ‌് നിലപാടും പ്രശ‌്നത്തിന്റെ ഗൗരവം വർധിപ്പിച്ചു. അടുത്ത കാലത്തെങ്ങും കേരളത്തെ  ഈവിധം ഇളക്കിമറിച്ച മറ്റൊരു പ്രശ‌്നവും ഉണ്ടായിട്ടില്ല. വിമോചനസമരവുമായി മാത്രമേ ഇതിനെ ഉപമിക്കാനാകൂ. സർക്കാരിന്റെ ക്ഷേമപരിപാടികളും പ്രളയകാലത്ത‌് അത‌് നടത്തിയ ദുരിതാശ്വാസ പ്രവർത്തനവും ഇതിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്നു.

ഇതിന്റെ വെളിച്ചത്തിലാണ‌് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതും അവയിൽ ഭേദപ്പെട്ട വിജയം ഇടതുപക്ഷം നേടുന്നത‌ും. രണ്ട‌ാംഘട്ട തെരഞ്ഞെടുപ്പിലും ഇടതുമുന്നണി യുഡിഎഫനേക്കാൾ കൂടുതൽ സീറ്റുകൾ നേടി. മാത്രമല്ല, വോട്ടിന്റെ കാര്യത്തിൽ അത‌് കൈവരിച്ചതും വലിയ നേട്ടമാണ‌്. ഇടതുമുന്നണിക്ക‌് ലഭിച്ച വോട്ട‌് 45.19 ശതമാനമായിരുന്നെങ്കിൽ,യുഡിഎഫിന്‌ ലഭിച്ചത്‌ 38.46 ശതമാനം വോട്ടുമാത്രമാണ്‌. എൻഡിഎ  വോട്ട‌് 12.66 ശതമാനവും. ഇത‌് 2016-ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ വോട്ടിങ‌് നിലവാരവുമായി താരതമ്യംചെയ്യുന്നത‌് ഇവിടെ പ്രസ‌ക്തമാണ‌്.

അന്ന‌് ഇടതുമുന്നണിക്ക‌് 43.42 ശതമാനവും ഐക്യമുന്നണിക്ക‌് 38.8 ശതമാനവും എൻഡിഎക്ക‌് 14.46 ശതമാനവും വോട്ടാണ‌് ലഭിച്ചിരുന്നത‌്. എന്നാൽ, ഇക്കുറി ഇടതുമുന്നണിക്ക‌് 1.77 ശതമാനം വോട്ട‌് വർധിച്ചെങ്കിൽ, മറ്റു രണ്ട‌് മുന്നണികളുടെയും വോട്ടുവിഹിതത്തിൽ ചെറുതും വലുതുമായ ചോർച്ച സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. യുഡിഎഫിന‌് ഇത‌് 0.34 ശതമാനമാണെങ്കിൽ, ബിജെപിക്കും കൂട്ടുകക്ഷികൾക്കും 1.80 ശതമാന‌മാണ‌്. ചെങ്ങന്നൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ വൻ വിജയം ഇതിനോട‌് കൂട്ടിവായിച്ചാൽ ചിത്രം ഒന്നുകൂടി വ്യക്തമാകും.

ഉപതെരഞ്ഞെടുപ്പുകളിലെ ഭൂമിശാസ‌്ത്രപരമായ പരപ്പും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട‌്. 17 ലോക‌്സഭാ മണ്ഡലങ്ങളിലായി അത‌് പരന്നുകിടക്കുന്നു. കേരള സമൂഹത്തിന്റെ ഒരു പരി‌ച്ഛേദം ഈ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സമ്മതിദാനാവകാശം വിനിയോഗിച്ചു എന്ന‌് സാരം.

ഇത്തരമൊരു തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചത‌് ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആത്മവിശ്വാസത്തിന‌് വക നൽകുന്ന ഒന്നാണ‌്. മുമ്പ‌് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌ിലെ മുന്നണിയുടെ പ്രകടനം ഇതിനോട‌് ചേർത്ത‌് വച്ചാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതിന്റെ വ്യക്തമായ സൂചന നമുക്ക‌് ലഭിക്കും.

തെരഞ്ഞെടുപ്പ‌് സർവേകളുടെ ഫലമല്ല, ജനങ്ങളുടെ നാടിമിടിപ്പ‌്. നമ്മെ ശരിയായി ബോധ്യപ്പെടുത്തുന്നത‌് ബാലറ്റ‌് പെട്ടിയിലൂടെ പുറത്തുവരുന്ന യഥാർഥ ജനഹിതമാണ‌്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പ‌് ഫലത്തെ വിശ്വസിച്ചെങ്കിൽ, ഇക്കുറി കാറ്റ‌് ഇടതുമുന്നണിക്ക‌് അനുകൂലമാണ‌്.  

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top