28 November Saturday

അട്ടിമറി ഗൂഢാലോചനയിൽ ഇഡിയും: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020


തിരുവനന്തപുരം
സർക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനൽ ഗൂഢാലോചനയിൽ ഇഡിയും ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ്‌ ചില മാധ്യമങ്ങളിൽ വന്ന പ്രതികരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. സ്വർണക്കടത്ത്‌ കേസിലെ പ്രതിയുടെതായി പുറത്തുവന്ന ശബ്ദ സന്ദേശത്തെ സംബന്ധിച്ച്‌ ബി ജെപിയും, കോൺഗ്രസും പറയുന്നത്‌ ആവർത്തിക്കുകയാണ്‌ ഇഡി. ആവശ്യമായത്‌ തെരഞ്ഞടുത്ത്‌ ചോർത്തിക്കൊടുത്തുകൊണ്ടിരിക്കുന്ന രീതിയിൽ തന്നെയാണ്‌ ഔദ്യോഗിക കുറിപ്പല്ലാതെ ഇഡി വൃത്തങ്ങളുടെതായി ഈ വാർത്തയും വന്നിരിക്കുന്നത്‌.


 

ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കുന്നതിന്‌ ഇഡി ശ്രമിച്ചെന്ന അതീവഗൗരവമായ വെളിപ്പെടുത്തലാണ്‌ ശബ്ദസന്ദേശത്തിലുള്ളത്‌. ഇത്‌ ഒദ്യോഗികമായി നിഷേധിക്കാൻ  ഇഡിക്ക്‌ കഴിഞ്ഞിട്ടില്ല. ഈ പ്രതിയുടെ മൊഴിയായി ഇഡി സമർപ്പിച്ച രേഖയുടെ വിശ്വാസ്യതയിൽ കോടതി തന്നെ സംശയം രേഖപ്പെടുത്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ പേരു പറയാൻ നിർബന്ധിക്കുന്നെന്ന ഗൗരവമായ പരാതി മറ്റൊരു പ്രതി കോടതിയിൽ പരസ്യമായി പറഞ്ഞു.

ദിവസേന സ്വയം വിശ്വാസ്യത തകർത്തു കൊണ്ടിരിക്കുന്ന അന്വേഷണ ഏജൻസിയായി ഇഡി മാറി. ഈ കേസിൽ കൊടുത്ത റിപ്പോർട്ടുകളിലെ വൈരുധ്യം കോടതി പരാമർശിച്ചു. കാലാവധി കഴിഞ്ഞ ഇഡി ഡയറക്ടർക്ക്‌ അസാധാരണ നിലയിൽ കാലാവധി നീട്ടിക്കൊടുത്ത കേന്ദ്ര ബിജെപി സർക്കാരിന്റെ ദുഷ്ടലാക്ക്‌ നിയമവിദഗ്‌ധർ തന്നെ തുറന്ന്‌ വിമർശിച്ചു. ഈ പശ്ചാത്തലത്തിൽ ഇഡിയുടെ വിശ്വാസ്യത തകർക്കാനാണ്‌ നീക്കമെന്ന വിശദീകരണം പരിഹാസ്യമാണ്‌.
സ്വർണക്കടത്ത്‌ അന്വേഷിക്കാൻ വന്നവർ അതൊഴികെയുള്ളതെല്ലാം അന്വേഷിച്ച്‌ സർക്കാരിനെ ലക്ഷ്യംവയ്‌ക്കാനും അട്ടിമറിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ബിജെപിയും ഇഡിയും പറഞ്ഞ ന്യായങ്ങൾ ഇപ്പോൾ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആവർത്തിക്കുന്നു. രാഷ്ട്രീയ ഉപകരണമാണ്‌ കേന്ദ്രഅന്വേഷണ ഏജൻസികളെന്ന കോൺഗ്രസ്‌‌ അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്‌ തള്ളി ഇഡിയുടെ വക്താവായി രമേശ്‌ ചെന്നിത്തല മാറി.കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യയായാണ്‌ ചെന്നിത്തലയെ ബിജെപി കാണുന്നത്‌.

കേന്ദ്ര അന്വേഷണ ഏജൻസികൾ കൂടി ഉൾപ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റ നിയമവിരുദ്ധ നടപടികളെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന്‌ സെക്രട്ടറിയറ്റ്‌ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top