25 August Sunday

ഗൂഡല്ലൂർ, പന്തലൂർ താലൂക്കുകളിലെ കാട്ടാന ശല്യത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

ഗൂഡല്ലൂർ> ഗൂഡല്ലൂർ, പന്തലൂർ താലൂക്കുകളിൽ നിലനില്ക്കുന്ന കാട്ടാന ശല്യത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുക. ഗൂഡല്ലൂർ, പന്തലൂർ താലൂക്കുകളിൽ കാട്ടാന ശല്യംമൂലം ജനജിവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. വൈകിട്ട് ആറ് മണിക്ക് ശേഷം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. വേണ്ടത്ര ബസ് സൗകര്യമില്ലാത്ത കാരണത്തിൽ ഗൂഡല്ലൂർ കോളേജിൽ ഉൾപ്പെടെ പഠിക്കുന്ന വിദ്യാർഥിൾ ജീവൻ പണയം വെച്ചാണ് സ്കൂളിലേക്കും കോളേജിലേക്കും പോവുന്നതും, വരുന്നതും.

കഴിഞ്ഞ ആഴ്ചയിൽ  പാട്ടവയലിൽ മാത്രം കാട്ടാന ഒരാളെ കൊല്ലുകയും, ഒരാളെ ദാരുണമായി കുത്തി പരിക്കേല്പിക്കുകയും ചെയ്തു. കഴിഞ്ഞ നാലഞ്ചു വർഷങ്ങളിൽ മാത്രം 75 ഓളം മനുഷ്യ ജീവനാണ് കാട്ടാന ശല്യത്തിൽ നഷ്ടപ്പെട്ടത്.ഒരു മരണം സംഭവിക്കുമ്പോൾ സർക്കാർ നല്കുന്ന വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സമരങ്ങളിൽ നിന്ന് പൊതുജനങ്ങൾ പിറകോട്ട് പോകുന്ന കാഴ്ചയാണ് വർഷങ്ങളായി നാം കാണുന്നത്. വർഷങ്ങളായി കർഷകരും, പൊതുജനങ്ങളും സമരമുഖത്തിലാണ്.  നൂറുകോടിയിലധികം രൂപയ്ക്കുള്ള തെങ്ങും, കമുങ്ങും, വാഴയും ഉൾപ്പെടെ കാർഷിക വിളകളും, നൂറു കണക്കിന് വീടുകളുമാണ് കാട്ടാനകൾ നശിപ്പിച്ചത്.

ഗൂഡല്ലൂർ, പന്തലൂർ താലൂക്കിലെ ജനങ്ങൾ മുന്നോട്ടുവെച്ച കാട്ടാനശല്യത്തിൻ മരണമടഞ്ഞ കുടുംബത്തിന് 10 ലക്ഷം രൂപ, കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി, നശിപ്പിക്കപ്പെട്ട കാർഷിക വിളകൾക്ക് ന്യായമായ നഷ്ടപരിഹാരം, ജനവാസ പ്രദേശത്ത് കാട്ടാന വരുന്നത് തടയാൻ റെയിൽ പാളഫെൻസിംഗ്, സോളാർ ഫെൻസിംഗ്, ട്രഞ്ചുകൾ നിർമിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം ഒരുനടപടിയും സ്വീകരിക്കുന്നില്ല.

കാട്ടാന ശല്യത്തിൽ മരണമടഞ്ഞവരുടെ ശവസംസ്കാര ചടങ്ങ് ആചാരനുഷ്ഠാനങ്ങൾക്കനുസൃതമായി നടത്തുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. പ്രതിഷേധക്കാരേ കള്ളക്കേസിൽ ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്യപ്പെടുന്നു. നൂറു കണക്കിന് പൊതുപ്രവർത്തകരാണ് ഇതിന്റെ പേരിൽ ഇന്നും കോടതി കയറിയിറങ്ങുന്നത്. ദേവാല, ദേവർ ഷോല, നെലാക്കോട്ട, ചേരമ്പാടി, കോരൻച്ചാൽ, കൊളപ്പള്ളി, പാട്ടവയൽ, അയ്യകൊല്ലി ഉൾപ്പെടെയുള്ള താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ശക്തമായ നടപടി സ്വീകരിക്കപ്പെടണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി യോഗം സർക്കാറിനോടാവശ്വപ്പെട്ടു.

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെവരെ ചോദ്യം ചെയ്യുന്ന ഈ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ സിപിഐ എം നേതൃത്വത്തിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ജില്ലാ ഭരണ കേന്ദ്രത്തിലേക്കും, വനംവകുപ്പിന്റെ ഓഫീസിലേക്കും ശക്തമായ പ്രതിഷേധസമരവുമായി സിപിഐ എം മുന്നോട്ട് പോവുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ ഭദ്രി, ജില്ലാ സെക്രട്ടറി വി എ ഭാസ്കരൻ ,കെ രാജൻ, എം എ കുഞ്ഞു മുഹമ്മദ് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top