22 October Tuesday

കാലവര്‍ഷക്കെടുതി: രക്ഷാപ്രവർത്തനത്തിനായി എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണം- സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്ന്‌ സിപിഐ  എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ പ്രളയത്തെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ്‌ നേരിട്ടത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേമാരിയിലും ഉരുള്‍പൊട്ടലിലും മരണപെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്‌. വരുംദിവസങ്ങളിലും അതിതീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ്‌ ലഭിയ്‌ക്കുന്നത്‌. ഇത്‌ കണക്കിലെടുത്തുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്ഥലങ്ങളിലും സാധിക്കണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കേണ്ടവരെ അതത്‌ ക്യാമ്പുകളിലെത്തിക്കാനാണ്‌ ആദ്യ പരിഗണന നല്‍കേണ്ടത്‌. മാറ്റി താമസിപ്പിക്കേണ്ട എല്ലാവരെയും ക്യാമ്പുകളില്‍ എത്തിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലായിടത്തും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും, അതത്‌ സ്ഥലത്തെ എംഎല്‍എമാരും ഉണ്ടായിരിക്കണം. പാര്‍ടി നേതാക്കന്മാര്‍ വോളന്റിയര്‍മാരായി ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടാകണം. ക്യാമ്പുകളിലുള്ളവര്‍ക്ക്‌ ഭക്ഷണവും, വസ്‌ത്രവും എത്തിച്ചു കൊടുക്കാന്‍ സാധിക്കണം. രാത്രികാലത്ത്‌ ക്യാമ്പുകളില്‍ കിടക്കാനുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊടുക്കണം.

ടോയ്‌ലെറ്റ്‌ സൗകര്യം എല്ലാ ക്യാമ്പുകളിലും ഉണ്ടെന്ന്‌ ഉറപ്പുവരുത്തണം. ഓരോ സ്ഥലത്തും ഭക്ഷണവും വസ്‌ത്രവും ശേഖരിക്കാനുള്ള സംവിധാനമൊരുക്കണം. എല്ലാ സ്ഥലങ്ങളിലും സര്‍ക്കാര്‍ സംവിധാനവുമായി യോജിച്ച്‌ വേണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത്‌. എല്ലാ പാര്‍ടി ഘടകങ്ങളും, വര്‍ഗ്ഗബഹുജന സംഘടനകളും മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച്‌ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും വോളന്റിയര്‍മാരായി സേവനമനുഷ്‌ഠിക്കുകയും ചെയ്യണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top