കെഎംസിസി കുടിയൊഴിപ്പിച്ച കുടുംബത്തിന്‌ സിപിഐ എമ്മിന്റെ സ്‌നേഹഭവനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 12, 2020, 12:58 AM | 0 min read

പൊന്നാനി > സ്വന്തമെന്ന്‌ കരുതിയ വീട്ടിൽനിന്ന്‌ കെഎംസിസി പ്രവർത്തകർ ഇറക്കിവിട്ട നിമിഷം പുതുവളപ്പിൽ ഖദീജക്കും ഭർത്താവ്‌ കബീറിനും മറക്കാനാകില്ല. തങ്ങളെ അനാഥരാക്കരുതെന്ന് കാൽക്കൽ വീണ്‌ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അഭിമാനമോർത്ത്‌ ഭൂമിയും വീടും തിരിച്ചുനൽകി, കണ്ണീരോടെ പടിയിറങ്ങി.

എന്നാലിന്ന്‌ സന്തോഷത്തിലാണ്‌ ഈ കുടുംബം. സിപിഐ എം നിർമിച്ച വീടിന്റെ സുരക്ഷിതത്വത്തിലാണ്‌ ഇനി ആ കുടുംബത്തിന്റെ ജീവിതം. മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി നൽകിയ വീട്ടിൽനിന്നുമാണ്‌ (ബൈത്തുൽ റഹ്മ) കുടിയൊഴിപ്പിച്ചത്‌. ഇവരുടെ വോട്ടവകാശംപോലുമില്ലാതിരുന്ന മകൻ നിഷാദിനെ ചുവന്ന തൊപ്പി ധരിച്ച് എൽഡിഎഫ്‌ പ്രചാരണത്തിനൊപ്പം കണ്ടെന്നായിരുന്നു പറഞ്ഞ കാരണം.

നാല് വർഷം മുമ്പാണ് നിഷാദ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആകൃഷ്ടനായി ഒപ്പംകൂടിയത്‌. ഇതോടെ ഖദീജയും മത്സ്യത്തൊഴിലാളിയായ ഭർത്താവ് കബീറും ലീഗിന്റെ ശത്രുവായി. ഖദീജയുടെ തറവാട്ട് വീട്ടിൽനിന്ന് സന്തോഷത്തോടെയാണ് കെഎംസിസി നൽകിയ വീട്ടിലേക്ക് താമസം മാറിയതെങ്കിലും ഇവിടെനിന്ന്‌ വാടക വീട്ടിലേക്കുള്ള മാറ്റം കണ്ണീരോടെയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ചെങ്കൊടി തണലായത്‌.

സിപിഐ എം തണ്ണിത്തുറ ബ്രാഞ്ച്  ഇവർക്ക്‌ വീട്‌ നിർമിച്ചുനൽകാൻ രംഗത്തിറങ്ങുകയായിരുന്നു. രണാങ്കണം തണ്ണിത്തുറ പ്രവാസി കൂട്ടായ്മ ഉത്തരവാദിത്തം ഏറ്റെടുത്തു. അഞ്ച് സെന്റ് ഭൂമിയിൽ മനോഹരമായ വീട്‌ എട്ട്‌ ലക്ഷം രൂപ ചെലവിട്ടാണ്‌ നിർമിച്ചത്‌. സ്നേഹവീടിന്റെ താക്കോൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി കൈമാറി.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം സിദ്ധീഖ് അധ്യക്ഷനായി.

പ്രവാസി കൂട്ടായ്‌മയുടെ ഇടപെടല്‍ മാതൃകാപരം: പാലോളി

പൊന്നാനി > നിരാലംബരായ കുടുംബത്തിന് തണലായി വീട് നിര്‍മിച്ച് നല്‍കിയ പ്രവാസി കൂട്ടായ്മയുടെ ഇടപെടല്‍ മാതൃകാപരമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി. കൊടിയുടെ നിറം നോക്കി ആനുകൂല്യങ്ങള്‍ നല്‍കുന്നവരുടെ മുഖംമൂടിയാണ് ഈ സംഭവത്തിലൂടെ അഴിഞ്ഞത്. ബൈത്തുറഹ്മയില്‍നിന്ന് കെഎംസിസി കുടിയൊഴിപ്പിച്ച കുടുംബത്തിന്  സിപിഐ എം തണ്ണിത്തുറ ബ്രാഞ്ച് ഇടപെടലില്‍  രണാങ്കണം തണ്ണിത്തുറ പ്രവാസി കൂട്ടായ്മ നിര്‍മിച്ചുനല്‍കിയ സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  

കഷ്ടപ്പാടുകള്‍ക്കിടയിലും അധ്വാനത്തിന്റെ വിഹിതം നാട്ടിലെ ദുരിതബാധിതര്‍ക്കായി നീക്കിവയ്ക്കുന്നവരാണ് പ്രവാസികള്‍. വീട് നിര്‍മാണത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും സ്‌നേഹവീട് ആത്മസംതൃപ്തി നല്‍കും. ലോകത്തെ സാമ്പത്തിക രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഇന്ത്യ പിറകിലാണങ്കിലും, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കാര്യത്തില്‍  മുന്നിലാണ്. ആ മാനവിക മൂല്യങ്ങളെ തകര്‍ത്തെറിയുകയാണ് കേന്ദ്ര ഭരണകൂടം. ഭരണഘടനാ മൂല്യങ്ങളെയും മതേതരത്വത്തേയും തകര്‍ത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനെ രാജ്യം രാഷ്ട്രീയം മറന്ന്  ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന ഭരണഘടന സംരക്ഷണ സദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയന്‍ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ധീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ആറ്റുണ്ണി തങ്ങള്‍, വെളിയങ്കോട് ലോക്കല്‍ സെക്രട്ടറി എന്‍ കെ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ റെഡ് സ്വാഗതവും നാസര്‍ പൊറ്റാടി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home