തിരുവനന്തപുരം> സഖാവ് എം കേളപ്പന്റെ നിര്യാണം പുരോഗമന രാഷ്ടീയധാരയ്ക്കേറ്റ കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുതിര്‍ന്ന സിപിഐ എം നേതാവെന്ന നിലയില്‍ പ്രവര്‍ത്തന നിരതനായിരിക്കുമ്പോള്‍ തന്നെ വടക്കന്‍പാട്ട് കലാകാരനായും എഴുത്തുകാരനായും എം കെ പണിക്കോട്ടി എന്ന പേരില്‍ അദ്ദേഹം ജനപഥങ്ങളിലുണ്ടായിരുന്നു.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗമായാണ് കേളപ്പേട്ടന് സജീവ രാഷ്ട്രീയത്തിലേക്ക് വന്നത്. തുടര്‍ന്ന് സിപിഐ എം കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി, വടകര ഏരിയാ സെക്രട്ടറി, പതിനൊന്ന് വര്‍ഷം കോഴിക്കോട് ജില്ലാ സെക്രട്ടറി, ദീര്‍ഘകാലം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പാര്‍ട്ടിയില്‍ സജീവമായി.
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നിരവധി സമരമുഖങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുറക്കുകയുണ്ടായി. കെ എസ് കെ ടി യുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിതി അംഗവുമായിരുന്നു.
കലാ സാംസ്കാരിക സാഹിത്യ മേഖലകളില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെയെല്ലാം തൊഴിലാളി വര്‍ഗത്തിന്റെ കുതിപ്പിനുള്ള ഊര്‍ജ്ജമാക്കി മാറ്റാന്‍ കേളപ്പേട്ടന് ശ്രമിച്ചു.
എന്‍ സി ശേഖര്‍ പുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ്, ദല സാഹിത്യ പുരസ്കാരം എന്നിവ നേടിയ ആത്മകഥയായ അമൃത സ്മരണകള്‍, കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ - ഇന്നലെ ഇന്ന് നാളെ, അഭയം തേടി, ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരഗാഥകള്‍, വടക്കന്‍ പാട്ടുകളിലെ പെണ്‍പെരുമ, വടക്കന്‍പാട്ട് ഫലിതങ്ങള്‍, ബ്രഹ്മരക്ഷസ്സ്, എന്റെ നാട്, മയക്കുതിര, കുട്ടനും കൂട്ടുകാരനും എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 'ജീവിതം ഒരു സുന്ദര സ്വപ്നമല്ല', 'പൊലീസ് വെരിഫിക്കേഷന്' തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ച് സംവിധാനം നിര്‍വഹിച്ചു. തച്ചോളിക്കളി, കോല്‍ക്കളി പരിശീലകനുമായിരുന്നു സഖാവ്.
സഖാവ് എം കേളപ്പന് രക്താഭിവാദ്യങ്ങള്‍. കുടുംബാംഗങ്ങളുടേയും സഖാക്കളുടേയും ദുഖത്തില്‍ പങ്കാളിയാവുന്നുവെന്നും കോടിയേരി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..