26 March Tuesday

കൊലപാതകത്തിൽ പങ്കുള്ളവർ പാർടിയിലുണ്ടാകില്ല: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

തിരുവനന്തപുരം> പെരിയ കല്യോട്ടെ കൊലപാതകത്തിൽ പങ്കുള്ളവർക്ക‌് പാർടിയിൽ സ്ഥാനമുണ്ടാവില്ലെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരനും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകരുടെ കൊലപാതകം നിർഭാഗ്യകരമാണ‌്. പൊലീസ‌് നിഷ‌്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ കർശനനടപടി സ്വീകരിക്കണം. വ്യാപകമായി നടന്ന അക്രമങ്ങളും അന്വേഷിക്കണം. കല്യോട്ടെ കൊലപാതകം വ്യക്തിപരമോ, പ്രാദേശികമോ ആയ സംഭവങ്ങളുടെ പേരിലാവാം. ഏതുതരത്തിലായാലും  നിഷ‌്പക്ഷ അന്വേഷണമാണ‌് വേണ്ടത‌്. മുഖ്യമന്ത്രിയും പാർടി സംസ്ഥാന സെക്രട്ടറിയും ജില്ലാസെക്രട്ടറിയും കൊലപാതകവുമായി ബന്ധപ്പെട്ട‌് കർശനനടപടി വേണമെന്ന‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.  ആരെയും സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.

പാർടി അംഗങ്ങൾ കൊലപാതകത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ  വച്ചുപൊറുപ്പിക്കില്ല. പാർടിയിൽ അവർക്ക‌് സ്ഥാനമുണ്ടാകില്ല. ഒരുസഹായവും ചെയ‌്തുകൊടുക്കില്ല. കൊലപാതകത്തിൽ പ്രതിഷേധം  സ്വാഭാവികമാണ‌്. എന്നാൽ ഹർത്താലിന്റെ മറവിൽ വ്യാപക അക്രമമാണ‌് നടന്നത‌്. ഈ അക്രമികളെയും നിയമത്തിന‌് മുന്നിൽ കൊണ്ടുവരാനാകണം. പാർടി പ്രവർത്തകരായ അരവിന്ദൻ, മണി എന്നിവർക്ക‌് വേട്ടെറ്റു. ഇവർ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ‌്.  അഞ്ച‌് വീടുകൾ തകർത്ത‌് അഗ്നിക്കിരയാക്കി. ഇരുപതോളം കടകളും കച്ചവടസ്ഥാപനങ്ങളും തകർത്ത‌് തീയിട്ടു. സിപിഐ എമ്മിന്റെ  മൂന്ന‌് ഓഫീസുകളും അഗ്നിക്കിരയാക്കി.  സ‌്ത്രീകൾ മാത്രം തൊഴിലെടുക്കുന്ന പെരിയബസാറിലെ ദിനേശ‌് ബീഡിക്കമ്പനിയും തകർത്തു. കോടികളുടെ നഷ്ടമാണുണ്ടായത‌്. കെപിസിസി വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരന്റെ നിർദേശ പ്രകാരമെത്തിയ കണ്ണൂരിലെ  ക്രിമിനലുകളാണ‌് അക്രമം നടത്തിയത‌്. 

പ്രതികാരം ചെയ്യുമെന്ന‌് സുധാകരൻ പറഞ്ഞത‌് അവർ നടപ്പാക്കി. അക്രമികളെ തടയുന്നതിൽ പൊലീസ‌് ജാഗ്രത കാണിച്ചില്ല. ദിനേശ‌് ബീഡി കമ്പനിക്ക‌് സംരക്ഷണം നൽകാൻ സ‌്ത്രീ തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടും ഇടപെട്ടില്ല. ഓഫീസ‌് തകർത്തതിനുശേഷമാണ‌് പൊലീസ‌് എത്തിയതെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, പി ജനാർദനൻ, വി പി പി മുസ‌്തഫ, കെ ആർ ജയാനന്ദ എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top