20 January Monday

ജൂണ്‍ 26 അടിയന്തരാവസ്ഥ വിരുദ്ധദിനമായി ആചരിക്കും: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

തിരുവനന്തപുരം> സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടഘട്ടമായി പരിഗണിക്കപ്പെടുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട്‌ ജൂണ്‍ 26 ന്‌ നാല്‍പത്തിനാല്‌ വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുകയാണ്‌. മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെടുകയും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടിമെതിക്കപ്പെടുകയും ചെയ്‌ത അര്‍ദ്ധഫാസിസ്റ്റ്‌ ഭീകരതയുടെ സംഹാരതാണ്ഡവം അരങ്ങേറിയ ഇരുപത്തൊന്ന്‌ മാസങ്ങള്‍ മറച്ചുപിടിക്കാനാവാത്ത നടുക്കത്തോടെ മാത്രമേ ജനാധിപത്യ വിശ്വാസികള്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും ഓര്‍മ്മിക്കാന്‍ കഴിയൂ.

പ്രതിപക്ഷ നേതാക്കളും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന്‌ പ്രവര്‍ത്തകരും നേതാക്കളും വിചാരണപോലുമില്ലാതെ തടവിലടകപ്പെട്ടു, നിരവധി ജീവനുകള്‍ ഹോമിക്കപ്പെട്ടു. കരിനിയമങ്ങള്‍ മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും വരിഞ്ഞുമുറുക്കി, ജൂഡീഷ്യറിയും പാര്‍ലമെന്റുമെല്ലാം ഭരണനിര്‍വഹണ സംവിധാനത്തിന്റെ അനുബന്ധങ്ങളായി മാറി. സെന്‍സര്‍ഷിപ്പുകൊണ്ട്‌ മാധ്യമങ്ങളെ നിശബ്ദമാക്കി. ഭീഷണമായ ഈ സ്ഥിതിവിശേഷത്തില്‍ നിന്നും ഇന്ത്യ മോചിതമാകുന്നത്‌ രാജ്യവ്യാപകമായ ജനമുന്നേറ്റത്തിലൂടെയായിരുന്നു. 1977 ലെ പൊതുതെരഞ്ഞെടുപ്പില്‍ അടിയന്തിരാവസ്ഥയുടെ നടത്തിപ്പുകാരെ പരാജയപ്പെടുത്തികൊണ്ടാണ്‌ ഇന്ത്യന്‍ ജനത ജനാധിപത്യ പുനഃസ്ഥാപനത്തില്‍ ചരിത്രവിജയം നേടിയത്‌.

17-ാം ലോകസഭാതെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ രണ്ടാം വട്ടവും അധികാരത്തിലെത്തിയ നരേന്ദ്രമോഡിയും സംഘപരിവാരും ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനയ്‌ക്കുമെതിരായി പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തികഴിഞ്ഞു. കഴിഞ്ഞ ഭരണക്കാലത്തുതന്നെ പ്ലാനിംഗ്‌ കമീഷന്‍ പിരിച്ചുവിട്ടു. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ കടക്ക്‌ കോടാലിവെച്ച്‌ ആരംഭിച്ച ആക്രമണങ്ങളുടെ പുതിയഘട്ടങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ ഫെഡറല്‍ റിപ്പബ്ലിക്ക്‌ തകര്‍ക്കാനും ഏകകേന്ദ്രഭരണ വ്യവസ്ഥയിലേക്ക്‌ രാജ്യത്തെ വലിച്ചിഴക്കാനുമുള്ള നിക്കങ്ങള്‍ക്ക്‌ ഔപചാരികമായി തുടക്കം കുറിച്ചുകഴിഞ്ഞു.

മതേതര റിപ്പബ്ലിക്ക്‌ എന്നത്‌ ഭരണഘടനയില്‍ നിന്ന്‌ നീക്കം ചെയ്യണമെന്ന നിലപാട്‌ ആവര്‍ത്തിക്കപ്പെടുകയാണ്‌. ഇന്ത്യയുടെ നിലനില്‍പ്പിന്റെ ആധാരശിലയായ വൈവിധ്യങ്ങളിലെ ഏകത്വം നിരാകരിക്കപ്പെടുകയും ജനാധിപത്യവ്യവസ്ഥയുടെ മൗലികസങ്കല്‍പനങ്ങള്‍ നിരാകരിച്ച്‌ സംഘപരിവാര സങ്കല്‍പത്തിനനുസരിച്ചുള്ള ഏകകേന്ദ്രഭരണ വ്യവസ്ഥയും ഏകാത്മക രാഷ്‌ട്രഘടനയും അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമങ്ങളുമായി മോദിയും കൂട്ടാളികളും നീങ്ങുകയാണ്‌.

ഈ ചരിത്ര സന്ധിയില്‍ കടന്നുവരുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ വാര്‍ഷികദിനം പുതിയ വെല്ലുവിളികള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തുന്നതിന്റെയും ബോധവല്‍ക്കരണത്തിന്റെയും ദിവസമായി ആചരിക്കണം. അതിന്റെ ഭാഗമായി ഏരിയാ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി ജനാധിപത്യ സംരക്ഷണത്തിനായി അണിചേരേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ പൊതുസമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു.


പ്രധാന വാർത്തകൾ
 Top