21 February Friday

ആത്മബന്ധം പുതുക്കി ഗൃഹസന്ദർശനം സമാപിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2019

തിരുവനന്തപുരം > ജനങ്ങളുമായുള്ള ആത്മബന്ധത്തിന്‌ കൂടുതൽ ഇഴയടുപ്പം നൽകി സിപിഐ എം നടത്തിയ  ഗൃഹസന്ദർശന പരിപാടി. ആയിരക്കണക്കിനു പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും പങ്കാളിയായ ബഹുജനസമ്പർക്ക പരിപാടി പാർടിയുടെ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്ത്‌ പകരുന്നതായി മാറി. അഭിപ്രായങ്ങൾ തുറന്നുപറഞ്ഞും പോരായ്‌മകളും നിർദേശങ്ങളും നേരിട്ടറിയിച്ചുമാണ്‌ ജനങ്ങൾ  പരിപാടിയെ ഏറ്റെടുത്തത്‌.

സിപിഐ എമ്മിന്റെ മുപ്പത്തയ്യായിരത്തിലധികം വരുന്ന ബ്രാഞ്ചുകളിൽ നാലും അഞ്ചും സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭവനസന്ദർശനം. പാർടി സംസ്ഥാന, ജില്ല, ഏരിയ, ലോക്കൽ നേതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രാദേശിക പ്രവർത്തകർ തുടങ്ങിയവർ ഒരാഴ്‌ച നീണ്ട വീട്‌ സന്ദർശന പരിപാടിയിൽ പങ്കാളികളായി. 22 മുതൽ 29 വരെ നടന്ന പരിപാടിയിൽ പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ വീടുകൾ സന്ദർശിച്ചു.

രാഷ്‌ട്രീയമായി എതിർചേരികളിൽ നിൽക്കുന്ന കുടുംബങ്ങൾപോലും ഹൃദയപൂർവം പ്രവർത്തകരുമായി സംവദിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനുണ്ടായ തോൽവിയുടെ കാരണങ്ങൾ ജനങ്ങളിൽനിന്ന്‌ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. ജനവികാരവും അവരുടെ നിലപാടുകളും നേരിട്ടറിയാനും ഇതിന്റെ അടിസ്ഥാത്തിൽ തുടർപ്രവർത്തനങ്ങൾക്ക്‌ രൂപം നൽകാനുമാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തന നടപടികൾ ഏവരും സ്വാഗതം ചെയ്‌തു. പിഎസ്‌സിവഴി ഒരു ലക്ഷത്തിലേറെ പേർക്ക്‌ നിയമനം നൽകാനായത്‌ വലിയ നേട്ടമാണ്‌. ഐടിമേഖലയിലടക്കം കൂടുതൽ  തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സർക്കാർ നടപടികളെ ഏവരും പ്രശംസിച്ചു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പേരിൽ സർക്കാരിനും പാർടിക്കും എതിരെ നടക്കുന്ന പ്രചാരണങ്ങൾ പലരും ഉന്നയിച്ചു. തെറ്റിധാരണ പരത്തി മുതലെടുക്കാനുള്ള  ചില മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമങ്ങളാണ്‌ ഇത്തരം പ്രചാരണങ്ങൾക്ക്‌ പിന്നിലെന്ന്‌ ഭൂരിഭാഗം ജനവിഭാഗങ്ങളും തിരിച്ചറിഞ്ഞുതുടങ്ങി. ആരാധനാ സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും എൽഡിഎഫ്‌ എതിരാണെന്നുള്ള നുണപ്രചാരണങ്ങൾ തുടർച്ചയായി ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്നും മിക്ക കുടുംബാംഗങ്ങളും പറഞ്ഞു. സർക്കാരിന്റെയും പാർടിയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി ശ്രദ്ധേയമായ നിർദേശങ്ങളും പലരും നൽകി.

പാർടിയെയും സർക്കാരിനെയും പറ്റി തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിനൊപ്പം തിരുത്തലുകൾ വരുത്തേണ്ട കാര്യങ്ങളെപ്പറ്റിയും ജനങ്ങൾ സംസാരിച്ചു. ഇനിയും മുന്നോട്ട്‌ പോകേണ്ട മേഖലകളൈപ്പറ്റിയും വ്യക്തമായ അഭിപ്രായം ഇവർ പങ്കുവച്ചു


പ്രധാന വാർത്തകൾ
 Top