28 February Sunday

അവർ പറഞ്ഞു, ജനകീയ സർക്കാരിന്‌ നൂറിൽ നൂറ്‌

സ്വന്തം ലേഖകൻUpdated: Monday Jan 25, 2021

ഗൃഹസന്ദർശനത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മൂവാറ്റുപുഴ പള്ളിച്ചിറങ്ങര വെള്ളേക്കാട്ടിൽ അജാസിന്റെ വീട്ടിലെത്തിയപ്പോൾ

കൊച്ചി > സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി കിട്ടാറുണ്ടോ? സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ സ്‌നേഹം നിറഞ്ഞ ചോദ്യത്തിന്‌, പുഞ്ചിരിയോടെ ഉണ്ടെന്ന്‌ മറുപടി. മൂവാറ്റുപുഴ പള്ളിച്ചിറങ്ങര നിവാസികളാണ്‌ സൗജന്യ ഭക്ഷ്യകിറ്റും ചികിത്സാസഹായങ്ങളുമെല്ലാം കൃത്യമായി ലഭിക്കാറുണ്ടെന്ന മറുപടിയിലൂടെ ജനകീയ സർക്കാരിനോടുള്ള നന്ദി വ്യക്തമാക്കിയത്‌.

നവകേരളത്തിന്റെ അടുത്തഘട്ട വികസനനയ രൂപീകരണത്തിന് ജനാഭിപ്രായം സ്വരൂപിക്കാൻ സിപിഐ എം ആരംഭിച്ച  ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ്‌ സി എൻ മോഹനൻ മൂവാറ്റുപുഴയിൽ എത്തിയത്‌. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്‌ തടസ്സമുണ്ടോയെന്നും പുതിയ വികസന നിർദേശങ്ങളുണ്ടോയെന്നും അദ്ദേഹം തിരക്കി.

പിഡബ്ല്യുഡി അസി. എൻജിനിയറായിരുന്ന മുണ്ടയ്‌ക്കാമറ്റത്തുവീട്ടിൽ എം എം സിദ്ദിഖുൽ അക്‌ബറിന്റെ വീട്ടിൽനിന്നായിരുന്നു തുടക്കം. സിദ്ദിഖുൽ അക്‌ബറും ഭാര്യ ഷൈലയുമെല്ലാം ജനകീയ സർക്കാരിന്‌ നൽകിയത്‌ നൂറിൽ നൂറു മാർക്ക്‌. സർക്കാരിന്റെ കാരുണ്യ പദ്ധതിയിൽനിന്ന്‌ ചികിത്സാസഹായം കിട്ടിയതിന്റെ നന്ദിയാണ്‌ ഹൃദയശസ്‌ത്രക്രിയക്ക്‌ വിധേയനായ എഴുപത്തിരണ്ടുകാരൻ വെള്ളേക്കാട്ടിൽ അലിയാർക്ക്‌ പറയാനുണ്ടായിരുന്നത്‌.  മരുന്നുകൾ കൃത്യമായി കഴിക്കുന്നില്ലേയെന്ന്‌ ജില്ലാ സെക്രട്ടറിയുടെ കുശലാന്വേഷണം.

ഭിന്നശേഷിക്കാരനായ സഹോദരൻ നൗഫലിന്റെ പ്രശ്‌നമാണ്‌ വെള്ളേക്കാട്ടിൽ അജാസിന്‌ പറയാനുണ്ടായിരുന്നത്‌. പൊളിഞ്ഞ വീട്‌ പുനർനിർമിക്കാൻ‌ നിലവിൽ നിലമായി രേഖപ്പെടുത്തിയ ഭൂമി കരയാക്കിമാറ്റാനുള്ള അപേക്ഷയിൽ തീർപ്പുണ്ടാക്കണമെന്നായിരുന്നു ആവശ്യം. നിരവധിപേർ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നും അജാസ്‌ ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ നേതൃത്വത്തിൽ 15ന്‌ ആരംഭിക്കുന്ന അദാലത്തിൽ പരാതി നൽകിയാൽ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പുനൽകിയാണ്‌ സി എൻ മോഹനൻ മടങ്ങിയത്‌. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, പി എം ഇസ്‌മയിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

എൽഡിഎഫ്‌ സർക്കാരിന്റെ സാമൂഹ്യക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരത്തിന്റെയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെയും തുടർച്ചയായാണ്‌ ജില്ലയിലുടനീളം നേതാക്കൾ അഭിപ്രായങ്ങൾ തേടി വീടുകളിലേക്ക്‌ എത്തുന്നത്. പ്രവർത്തകർ ഓരോ അഭിപ്രായവും ക്രോഡീകരിച്ച് ജില്ല–-സംസ്ഥാന ഘടകങ്ങൾക്ക് കൈമാറും. ഈ അഭിപ്രായങ്ങൾകൂടി പരി​ഗണിച്ചാകും സിപിഐ എമ്മും എൽഡിഎഫും തുടർവികസന നയത്തിന് രൂപംനൽകുക.

കേന്ദ്ര കമ്മിറ്റി അം​ഗം എം സി ജോസഫൈൻ അങ്കമാലി കല്ലുപാലത്തും സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ ​ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ കാവുംപടിയിലും സി എം ദിനേശ്‌മണി വെണ്ണല സെഞ്ചുറി ക്ലബ്ബിനുസമീപവും എസ് ശർമ എംഎൽഎ ചെറായി മനയത്തുകാടിലും കെ ചന്ദ്രൻപിള്ള നോർത്ത് കളമശേരി പുത്തലത്തും എം സ്വരാജ്‌ എരൂർ നോർത്തിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്‌ എംഎൽഎ ഇടക്കൊച്ചിയിലും എൻ സി മോഹനൻ പെരുമ്പാവൂർ തുരുത്തിപ്പറമ്പിലും സി കെ മണിശങ്കർ പൊന്നുരുന്നി ഈസ്‌റ്റിലും എം പി പത്രോസ്‌ നെടുമ്പാശേരി കുന്നപ്പിള്ളിശേരിയിലും കെ എൻ ഉണ്ണിക്കൃഷ്‌ണൻ വല്ലാർപാടം പനമ്പുകാട്ടും  എം സി സുരേന്ദ്രൻ മരടിലെ ബൂത്ത് 22ലും ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top