17 January Sunday

കേന്ദ്രഏജൻസികളെ ദുരുപയോഗിക്കുന്നു; ഉന്നം സർക്കാർ: സിപിഐ എം

സ്വന്തം ലേഖകർUpdated: Friday Nov 20, 2020

ന്യൂഡൽഹി/ തിരുവനന്തപുരം >മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാനാണ്‌ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോയും സംസ്ഥാന സെക്രട്ടറിയറ്റും വെവ്വേറെ പ്രസ്‌താവനയിൽ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അടക്കമുള്ള  കേന്ദ്രഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നതിനെ  പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു. സ്വർണക്കടത്തു വഴി ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിച്ചുവെന്ന്‌‌ ചുമത്തിയ‌ യുഎപിഎ കേസ്‌ അന്വേഷിക്കുന്നതിനുപകരം കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ ലക്ഷ്യമിടുകയാണ്‌.
രാഷ്ട്രീയനേതൃത്വത്തിലുള്ളവരുടെ പേര്‌ പറയണമെന്നും പ്രത്യുപകാരമായി കേസിൽ മാപ്പുസാക്ഷിയാക്കാമെന്നും സമ്മർദമുണ്ടെന്ന്‌ കസ്‌റ്റഡിയിലുള്ള രണ്ട്‌ പ്രതികൾ വെളിപ്പെടുത്തി‌. പ്രതിയായ സ്‌ത്രീയുടെ ശബ്ദരേഖയും സസ്‌പെൻഷനിലുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ അട്ടിമറിക്കാൻ ബിജെപി സർക്കാർ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നു. ഈ അതിക്രമം അംഗീകരിക്കില്ല. ഇത്തരം നീക്കങ്ങളെ സിപിഐ എം ചെറുക്കും. കോടതികളും ഇതര സ്വതന്ത്രസംവിധാനങ്ങളും ഭരണഘടന ഉയർത്തിപ്പിടിക്കണം. ഇത്തരം ഹീനപദ്ധതികൾക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കണം–- പിബി പ്രസ്‌താവനയിൽ പറഞ്ഞു.
 
സർക്കാരിനെ രാഷ്ട്രീയമായി എതിർക്കാനാകാത്ത ബിജെപി –-യുഡിഎഫ്‌ കൂട്ടുകെട്ട്‌ അപവാദ പ്രചാരണത്തിന്‌ കേന്ദ്ര അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു‌. മാധ്യമങ്ങൾ പുറത്തുവിട്ട സ്വപ്‌നയുടെ ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണഏജൻസികൾ പ്രതികളിൽ സമ്മർദം ചെലുത്തുന്നുവെന്ന കാര്യം എല്ലാവർക്കും വ്യക്തമായി. കോടതിയിൽ സമർപ്പിച്ച മൊഴി വായിച്ചുനോക്കാൻപോലും പ്രതികളെ അനുവദിച്ചില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച കോടതി ഈ മൊഴിയുടെ വിശ്വസനീയത ചോദ്യംചെയ്‌തിട്ടുമുണ്ട്‌. യഥാർഥത്തിൽ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണ്‌ കോടതി ചോദ്യംചെയ്‌തത്‌.രാഷ്ട്രീയ നേതൃത്വത്തിന്റെ പേര്‌ പറയുന്നതിന്‌ തന്റെമേൽ സമ്മർദമുണ്ടെന്ന്‌ ശിവശങ്കറും കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്തിലൂടെ ലഭിച്ച പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ യുഎപിഎ ചുമത്തി എൻഐഎ കേസ്‌ അന്വേഷിക്കുന്നത്‌. അതിനെ

പൂർണമായും നിഷേധിക്കുന്ന ഇഡി റിപ്പോർട്ട്‌ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുന്നതാണ്‌. അങ്ങനെയെങ്കിൽ ഇഡി കേസുപോലും അസാധുവാക്കപ്പെടുമല്ലോ എന്ന്‌ കോടതി നിരീക്ഷിച്ചിട്ടുണ്ട്‌. സങ്കുചിത രാഷ്ട്രീയലക്ഷ്യം നിറവേറ്റാനാണ്‌ ഏജൻസികൾ ശ്രമിക്കുന്നത്‌. ഈ നിയമവിരുദ്ധസഖ്യത്തെ ജനകീയമായിത്തന്നെ ചെറുത്തുതോൽപ്പിക്കും. അതിനായി കക്ഷി-രാഷ്ട്രീയം മറന്ന്‌ ജനങ്ങൾ രംഗത്തിറങ്ങണമെന്ന്‌ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top