Deshabhimani

എൽഡിഎഫ് വർഗീയസംഘടനകളുമായി ചേർന്ന് ഭരണം നടത്തിയെന്നത് വ്യാജവാർത്ത; നിയമനടപടി സ്വീകരിക്കും: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 08:56 PM | 0 min read

തിരുവനന്തപുരം > തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമായും ചേര്‍ന്ന് എല്‍ഡിഎഫ് ഭരിക്കുകയാണെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പാലക്കാട് ജില്ലയിലെ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ എല്‍ഡിഎഫിന് 10 ഉം യുഡിഎഫിന് 8 ഉം അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡന്റ് മരണപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും 9 വോട്ട് നിലനിര്‍ത്തുകയാണുണ്ടായത്. എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിച്ച് 3 വോട്ട് നേടുന്ന നിലയാണുണ്ടായത്.

തിരുവനന്തപുരത്തെ നഗരൂര്‍ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് വന്ന വാര്‍ത്തയും സമാനമായതാണ്. എല്‍ഡിഎഫിന് 7 അംഗങ്ങളും യുഡിഎഫിന് 6 അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് 2ഉം എസ്ഡിപിഐക്ക് ഒന്നും അംഗങ്ങളുണ്ട്. സ്വതന്ത്രന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണത്തില്‍ വന്നു. വൈസ് പ്രസിഡന്റായ സ്വതന്ത്രന്‍ ഒരു കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു
വന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ വിപ്പ് ലംഘിച്ച അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു. എസ്ഡിപിഐ പിന്തുണയില്ലെങ്കിലും അവിശ്വാസം പാസ്സാകുമായിരുന്നു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ഒരാള്‍ പിന്നീട് വൈസ് പ്രസിഡന്റാവുകയും ചെയ്തു. ഈ യോഗത്തിലാവട്ടെ എസ്ഡിപിഐയുടെ അംഗം പങ്കെടുത്തിരുന്നുമില്ല.

പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 3 സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തു. എസ്ഡിപിഐയിലെ മൂന്ന് പേര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഉണ്ടായത്. അല്ലാതെ അവരുടെ വോട്ടുകൊണ്ട് എല്‍ഡിഎഫ് വിജയിക്കുകയല്ല ഉണ്ടായത്. പത്തനംതിട്ടയിലെ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ ആവശ്യപ്പെടാതെ എല്‍ഡിഎഫിന് പിന്തുണ നല്‍കി. ഇത് കാരണം രണ്ട് തവണ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മൂന്നാമത് തെരഞ്ഞെടുപ്പ് വന്ന അവസരത്തില്‍ വീണ്ടും രാജിവെച്ചാല്‍ എതിരായി നിന്ന ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് തൃശ്ശൂര്‍ ജില്ലയിലെ ആവണിശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബിജെപി അധികാരത്തില്‍ വരുമെന്നത് കണക്കിലെടുത്ത് രാജിവെക്കാതിരുന്നത്. വസ്തുതകള്‍ ഇതായിരിക്കെ കിട്ടുന്നതെന്തും വളച്ചൊടിച്ച് പാര്‍ടിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢമായ തന്ത്രമാണ് ഇതിലൂടെ യുഡിഎഫ് നടത്തിയിട്ടുള്ളത്.

കേന്ദ്രത്തിന്റെ ശക്തമായ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ളവ നാടിന്റെ വികസന മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും അതെല്ലാം ഉള്‍ക്കൊണ്ട് ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സ്ഥിതിയുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം തകരുകയാണെന്ന് പ്രചരിപ്പിച്ച മനോരമ പോലുള്ള മാധ്യമങ്ങള്‍ക്ക് മനപ്രയാസമുണ്ടാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനോരമ നടത്തുന്ന ഇത്തരം പ്രചാരവേലകളെ ജനങ്ങള്‍ തിരിച്ചറിയണം. നിയമവിദഗ്ദരുമായി ആലോചിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടികളുള്‍പ്പെടെ ആലോചിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home